ബിഗ് ടിക്കറ്റില്‍ 25000 ദിര്‍ഹം സമ്മാനം ലഭിച്ചത് മലയാളിയായ 27 കാരിക്ക്; ഭാഗ്യം വന്ന വഴി ഇങ്ങനെ
ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് സമ്മാനം. കേരളത്തില്‍ നിന്നുള്ള, 27 വയസുകാരിയും ബില്‍ഡിംഗ് അഡ്മിനിസ്ട്രേറ്ററുമായ ആര്‍ദ്ര കിഴക്കേ ചേതില്‍ ആണ് നവംബര്‍ മാസത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആദ്യ പ്രതിവാര ഇ-ഡ്രോയില്‍ 25,000 ദിര്‍ഹം സമ്മാനം നേടിയത്. സമ്മാനം ലഭിച്ചതായുള്ള കോള്‍ വന്നപ്പോള്‍ ആരോ തമാശയ്ക്ക് പറ്റിക്കുകയായിരിക്കും എന്നാണ് കരുതിയത് എന്ന് ആര്‍ദ്ര പറയുന്നു.
'ആഴ്ചയുടെ മധ്യത്തില്‍ ഇങ്ങനെയൊരു വിജയിച്ചുവെന്ന അറിയിപ്പ് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ എന്നോട് തമാശ പറയുകയാണെന്നാണ് ഞാന്‍ കരുതിയത്! അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ അതെ എന്ന് മറുപടി നല്‍കിക്കൊണ്ടിരുന്നു. പിന്നീട് ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് എനിക്ക് സമ്മാനം ലഭിച്ച കാര്യം ഉറപ്പായത്,' ആര്‍ദ്ര പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് ആര്‍ദ്ര ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലേക്ക് താമസം മാറിയത്. വര്‍ഷങ്ങളായി ബിഗ് ടിക്കറ്റില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ വഴിയാണ് അവര്‍ ഇതിനെക്കുറിച്ച് അറിയുന്നത്. അടുത്തിടെ, ഭര്‍ത്താവിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന്, 10 പേരടങ്ങുന്ന ഒരു സംഘമായി അവര്‍ ഒരു ടിക്കറ്റ് വാങ്ങി. ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ടിക്കറ്റ് ഇതായിരുന്നു.
യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റ് നമ്പറാണ് ഇവര്‍ എടുത്തത്. വര്‍ഷങ്ങളായി ഇതില്‍ പങ്കെടുക്കുന്ന ഇവര്‍ക്ക് ലഭിക്കുന്ന ആദ്യ വിജയമാണിത്. 'ഞങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാവരും വളരെ സന്തോഷത്തിലാണ്. ഇത്രയും കാലം പങ്കെടുത്തിട്ടും ഇതാദ്യമായാണ് ഞങ്ങള്‍ക്ക് സമ്മാനം ലഭിക്കുന്നത്. ഞങ്ങളെല്ലാവര്‍ക്കും ഇതൊരു മികച്ച അനുഭവമാണ്,' ആര്‍ദ്ര സന്തോഷം പങ്കുവെച്ചു.
25,000 ദിര്‍ഹം സമ്മാനത്തുക 10 പേരും തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച വിഹിതം എങ്ങനെ ചെലവഴിക്കണമെന്ന് ആര്‍ദ്ര ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം, അടുത്ത നറുക്കെടുപ്പിനായി ഇവര്‍ ഇതിനകം ടിക്കറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. നവംബര്‍ മാസത്തിലെ ബിഗ് ടിക്കറ്റ് ആദ്യ പ്രതിവാര ഇ-ഡ്രോയില്‍ വിജയികളായ നാല് പേരില്‍ ഒരാളാണ് ആര്‍ദ്ര.
ഇറാഖ്, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് വിജയികള്‍. ഓരോരുത്തര്‍ക്കും 25,000 ദിര്‍ഹം വീതം ലഭിച്ചു. ഇവരില്‍ യുഎഇയില്‍ താമസിക്കുന്ന ഇറാഖി പ്രവാസി റാന്‍ഡ് ഫത്താഹ്, കഴിഞ്ഞ നാല് വര്‍ഷമായി കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന, ഫിലിപ്പീന്‍സ് സ്വദേശിയായ 25 വയസ്സുകാരി മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ ജേഡ് പുന്‍സാലന്‍, 30 വര്‍ഷമായി കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന ചെന്നൈയില്‍ നിന്നുള്ള 55 വയസ്സുകാരനായ ബിസിനസ്സുടമ സുസൈരാജ് ബെസ്‌കിരാജന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ബിഗ് ടിക്കറ്റിന്റെ നവംബര്‍ പ്രൊമോഷനില്‍ 25 ദശലക്ഷം ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസായി നല്‍കുന്നത്. ഡിസംബര്‍ 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും.





Click it and Unblock the Notifications
