ബിഗ് ബോസ് താരം അബ്ദു റോസിക് കസ്റ്റഡിയില്‍; യുഎഇയില്‍ വച്ച് പുലര്‍ച്ചെ സംഭവിച്ചത്
ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ അബ്ദു റോസികിനെ അറിയാത്തവര്‍ കുറവാണ്. വിവാദമായ കേസുകള്‍ ഉള്‍പ്പെടെ പല കാര്യങ്ങളാല്‍ അദ്ദേഹം മാധ്യമങ്ങളില്‍ നിറയുകയും ചെയ്തിരുന്നു. ഇഡി ചോദ്യം ചെയ്യാനും മൊഴിയെടുക്കാനുമായി അബ്ദുവിനെ വിളിപ്പിച്ചുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും വന്നിരിക്കുന്നു.
യുഎഇയില്‍ വച്ച് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. അബ്ദുവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ശനിയാഴ്ച പുലര്‍ച്ചെ ദുബായിലെ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു ഈ താജിക്കിസ്താനി ഗായകനെ പിടികൂടിയതത്രെ. മോഷണം ആരോപിച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയില്‍ നിന്ന് ദുബായില്‍ എത്തിയതായിരുന്നു അബ്ദു. എന്താണ് പരാതിയില്‍ ആരോപിക്കുന്ന കാര്യം എന്ന് വ്യക്തമല്ല. മോഷണം ആരോപിച്ചാണ് പിടികൂടിയത് എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. യുഎഇ അധികൃതരും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. മോഷം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തു എന്ന് മാത്രമാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുക എന്ന് അബ്ദുവിന്റെ കമ്പനി പ്രതിനിധി പറയുന്നു.
ആരാണ് അബ്ദു റോസിക്
ഓഹി ദിലി സോര്‍, ചകി ചകി ബോറോണ്‍ തുടങ്ങിയ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താജിക്കിസ്താനി ഗായകനാണ് അബ്ദു റോസിക്. മൂന്നടി മാത്രം നീളമുള്ള 21കാരനായ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ്. ബിഗ് ബോസ് 16ല്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് അബ്ദു. അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും വൈറലാണ്.
2022ല്‍ നടന്ന 22ാം ഐഐഎഫ്എ പുരസ്‌കാര ചടങ്ങില്‍ ക്ഷണിതാവായിരുന്നു അബ്ദു. യുഎഇ തലസ്ഥാനത്ത് നടന്ന ഈ പരിപാടിയില്‍ അദ്ദേഹം ഹിന്ദി സിനിമ ഗാനങ്ങള്‍ ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയിലെ 19കാരിയുമായി വിവാഹം ഉറപ്പിച്ചിരുന്നു എങ്കിലും നടന്നില്ല. ഇതുസംബന്ധിച്ച് പലതരം വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇഡി അബ്ദുവിനെ ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. മയക്കുമരുന്ന് ഡീലറായ അലി അസ്ഗര്‍ ഷിറാസുമായി ബന്ധപ്പെട്ട കേസിലായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി. ഹസ്ലേഴ്‌സ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയില്‍ ഷിറാസിന് നിക്ഷേപമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ അബ്ദു കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications