ചൈനയ്ക്ക് ശേഷം യുഎഇ; അഫ്ഗാന്‍ അംബാസഡറെ സ്വീകരിച്ചു... 'ആ ജനതയെ സഹായിക്കണം'
യുഎഇ: അഫ്ഗാനിസ്താനിലെ പുതിയ സര്‍ക്കാര്‍ നിയോഗിച്ച അംബാസഡറെ യുഎഇ ഭരണകൂടം സ്വീകരിച്ചു. 2021ല്‍ അമേരിക്കന്‍ സൈന്യം പിന്മാറിയ പിന്നാലെ അഫ്ഗാനില്‍ അധികാരം തിരിച്ചുപിടിച്ച താലിബാന്‍ ഭരണകൂടവുമായി പല രാജ്യങ്ങളും സഹകരിക്കാന്‍ മടിച്ചിരുന്നു. ചൈനയ്ക്ക് ശേഷം യുഎഇയാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയെ സ്വീകരിച്ചിരിക്കുന്നത്.
അഫ്ഗാന്‍ ജനതയെ സഹായിക്കേണ്ടതുണ്ട് എന്ന നിലപാടാണ് യുഎഇക്ക്. അഫ്ഗാന്റെ പുതിയ യുഎഇ അംബാസഡര്‍ മൗലവി ബദറുദ്ദീന്‍ ഹഖാനിയാണ്. ഇദ്ദേഹത്തിന് അബുദാബിയില്‍ സ്വീകരണം നല്‍കിയ കാര്യം അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. യുഎഇയും അഫ്ഗാന്‍ ഭരണകൂടവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണിപ്പോള്‍.

അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമ്പോള്‍ ജനങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അഫ്ഗാനുമായി ചൈന സഹകരിക്കുന്നുണ്ട്. യുഎഇ കമ്പനിയായ ജിഎഎസി ആണ് അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അഫ്ഗാന്‍ ജനതയെ സഹായിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നടപടി എന്ന് യുഎഇ ഉദ്യോഗസ്ഥര്‍ എഎഫ്പിയെ അറിയിച്ചു.
അഫ്ഗാനിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് യുഎഇയുടെ നിലപാട്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും നടക്കണം. ഇതുവഴി അഫ്ഗാന്‍ ജനതയെ സഹായിക്കാന്‍ സാധിക്കുമെന്ന് യുഎഇ കരുതുന്നു. സുസ്ഥിരമായ അഫ്ഗാന് വേണ്ടിയുള്ള പിന്തുണയാണ് നല്‍കുന്നതെന്നും യുഎഇ അറിയിച്ചു. അടുത്തിടെ അഫ്ഗാനിലെ താലിബാന്‍ ഭരണത്തിലെ പ്രധാനികളുമായി യുഎഇ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.
ആഭ്യന്തര യുദ്ധത്തിലായിരുന്ന അഫ്ഗാനില്‍ 1996ലാണ് താലിബാന്‍ ആദ്യം അധികാരം പിടിച്ചത്. 2001ല്‍ അമേരിക്കന്‍ അധിനിവേശം ആരംഭിച്ചതോടെ താലിബാന്‍ ഭരണം അവസാനിച്ചു. 2021ല്‍ അമേരിക്കന്‍ സൈന്യം മടങ്ങിയതോടെയാണ് താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയത്. പഴയ താലിബാന്‍ സര്‍ക്കാരിനെ പാകിസ്താനും സൗദി അറേബ്യക്കുമൊപ്പം അംഗീകരിച്ചിരുന്ന രാജ്യമായിരുന്നു യുഎഇ.
അഫ്ഗാനിലേക്ക് എല്ലാ രാജ്യങ്ങളും പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. അഫ്ഗാനിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍. അഫ്ഗാന്‍ പ്രധാനമന്ത്രി കഴിഞ്ഞാഴ്ച യുഎഇയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ജൂണില്‍ അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയെയും യുഎഇ സ്വീകരിച്ചിരുന്നു.
അതേസമയം, പരസ്പരം യുദ്ധം ചെയ്യുന്ന റഷ്യ-യുക്രൈന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിനും യുഎഇ ശ്രമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും 115 യുദ്ധ തടവുകാരെ കൈമാറാന്‍ തയ്യാറായത് യുഎഇ നടത്തിയ മധ്യസ്ഥ ശ്രമത്തിന്റെ ഫലമാണ്. സമവായ നീക്കങ്ങള്‍ നടത്തുന്ന യുഎഇയെ റഷ്യയും യുക്രൈനും അഭിനന്ദിച്ചിരുന്നു.












Click it and Unblock the Notifications