മദീനയിലെ ബസ് ദുരന്തം: രക്ഷപ്പെട്ട ഏക തീർത്ഥാടകന്‍ ചികിത്സയില്‍; അസ്ഹറും സംഘവും സൗദിയിലെത്തി
മദീന: സൗദി അറേബ്യയിലെ മദീനയില്‍ നടന്ന വാഹനാപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ടത് ഒരോയൊരു ഇന്ത്യക്കാരന്‍. തെലങ്കാന സ്വദേശി അബ്ദുൾ ഷുഐബ് മുഹമ്മദിനാണ് അത്ഭുതകരമായി ജീവന്‍ തിരിച്ചുകിട്ടിയത്. ഉംറ തീർത്ഥാടകരേയും വഹിച്ചുകൊണ്ട് മക്കയിൽനിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് കത്തിയമരുകയായിരുന്നു. തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ 1:30 ഓടെ അപകടമുണ്ടായത്.
ബസില്‍ ഉണ്ടായിരുന്ന 42 ഇന്ത്യന്‍ തീർത്ഥാടകരാണ് മരിച്ചത്. തെലങ്കാനയിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു തീർത്ഥാടകരില്‍ വലിയ വിഭാഗം. ഹൈദരബാദില്‍ നിന്നുള്ള ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 അംഗങ്ങളാണ് അപകടത്തിൽ ദാരുണമായ മരണപ്പെട്ടത്. ഉംറ തീർത്ഥാടനത്തിനായി പോയ ഈ കുടുംബം ശനിയാഴ്ച ഹൈദരാബാദിൽ മടങ്ങിയെത്തേണ്ടതായിരുന്നു. എട്ട് ദിവസം മുൻപാണ് അവർ യാത്ര പുറപ്പെട്ടത്.

ഹൈദരാബാദിൽനിന്ന് ഉംറക്ക് പുറപ്പെട്ട 54 പേരിൽ 45 പേരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയം ഉണ്ടെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ പറഞ്ഞു. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയൽ പ്രക്രിയ വൈകുന്നു. ഔദ്യോഗിക മരണസംഖ്യയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുൾ ഷുഐബ് മുഹമ്മദിനെ മദീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപ്പൊള്ളലേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് അദ്ദേഹത്തിന് "ഏറ്റവും മികച്ച ചികിത്സ" ലഭിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. ഇന്ത്യൻ അംബാസഡറും മദീനയിലെത്തി.
അസ്ഹറുദ്ദീൻ നയിക്കുന്ന സംഘം മദീനയിലേക്ക്
തെലങ്കാന സർക്കാരിന്റെ പ്രത്യേക സംഘം തിങ്കളാഴ്ച രാത്രി (നവംബർ 17) മദീനയിലേക്ക് യാത്ര തിരിച്ചു. മൈനോറിറ്റി ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മൈനോറിറ്റി ക്ഷേമ സെക്രട്ടറി ബി. ഷഫീഉല്ല, എ ഐ എം ഐ എം എംഎൽഎ മജീദ് ഹുസൈൻ എന്നിവരുമുണ്ട്.
സൗദി അധികൃതരുമായി ഏകോപിപ്പിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകുക, മൃതദേഹങ്ങൾ കുടുംബാംഗങ്ങളുടെ ആഗ്രഹവും പ്രാദേശിക നിയമവും അനുസരിച്ച് ഖബറടക്കുക എന്നിവയാണ് സംഘത്തിന്റെ ദൗത്യം.
മരിച്ചയാളുടെ കുടുംബത്തിനും 5 ലക്ഷം രൂപ സഹായധനമായി നല്‍കാന്‍ തെലങ്കാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വിദേശകാര്യ മന്ത്രാലയവുമായും സൗദി എംബസിയുമായും തുടർച്ചയായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുമുണ്ട്. കൂടാതെ കുടുംബാംഗങ്ങൾക്ക് തൽസമയ വിവരങ്ങൾ ലഭ്യമാക്കാനായി സംസ്ഥാന സെക്രട്ടറിയറ്റിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications