ഖത്തര്‍-കാനഡ ഭായി ഭായി; ഒറ്റ ക്ലിക്കില്‍ 5 വര്‍ഷം കാലാവധി, അപേക്ഷാ ചെലവ് വെറും 7 ഡോളര്‍
ദോഹ: ലോകത്തെ എല്ലാ രാജ്യങ്ങളുമായും അടുത്ത സൗഹൃദമാണ് ഖത്തറിന്. അതുകൊണ്ടുതന്നെ ഖത്തറിന്റെ വ്യാപാരവും യാത്രയുമെല്ലാം വളരെ എളുപ്പവുമാണ്. ഉപരോധം നേരിട്ട കാലത്ത് പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഈ സൗഹൃദമായിരുന്നു. ഏഷ്യയുമായും യൂറോപ്പുമായും ആഫ്രിക്കയുമായും സൗഹൃദമുള്ള ഖത്തര്‍ ഇവിടെയുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാറുമുണ്ട്.
കാനഡയും ഖത്തറും തമ്മിലുള്ള യാത്രാ ഇളവാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത. ഖത്തറിലെ പൗരന്മാര്‍ക്ക് വിസയ്ക്ക് അപേക്ഷിച്ച് സമയം കളയാതെ കാനഡയിലേക്ക് വരാം. വിസയ്ക്ക് പകരം ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിച്ചാല്‍ മതിയാകും. ബിസിനസ്, പഠനം, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം കാനഡയിലേക്ക് പോകുന്ന ഖത്തറുകാര്‍ക്ക് ഈ ഇളവ് നേട്ടമാകും.

കാനഡയുടെ ട്രാവല്‍ ഓതറൈസേഷന്‍ ഇളവ് ലഭിച്ച നിരവധി രാജ്യങ്ങളുണ്ട്. നവംബര്‍ 25 മുതല്‍ ഈ ഗണത്തിലേക്ക് ഖത്തറും എത്തിയിരിക്കുകയാണ്. വിസയ്ക്ക് വേണ്ടിയുള്ള കടലാസ് ജോലികള്‍ കുറയ്ക്കുന്നതാണ് ഈ പദ്ധതി. ഓണ്‍ലൈനില്‍ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. കാനഡ ഇളവ് അനുവദിച്ച കാര്യം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
അഞ്ച് വര്‍ഷം കാലാവധി
ഇനി കാനഡയിലേക്ക് പോകുന്നവര്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. മിനുട്ടുകള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കും. ഒരു തവണ ട്രാവല്‍ ഓതറൈസേഷന്‍ ലഭിച്ചാല്‍ അഞ്ച് വര്‍ഷം കാലാവധിയുണ്ടാകും. അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് കാലാവധി തീരുന്നവരെ അവസരം ലഭിക്കും. ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കാനുള്ള അപേക്ഷയ്ക്ക് ഏഴ് കനേഡിയന്‍ ഡോളര്‍ ആണ് ഫീസ്.
പാസ്‌പോര്‍ട്ട്, വ്യക്തി വിവരങ്ങള്‍ എന്നിവ മാത്രമാണ് ആവശ്യം. ഖത്തറും കാനഡയും ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്ന സംവിധാനമാണ് നിലവില്‍ വന്നിരിക്കുന്നത്. വിമാനം കയറുന്നതിന് മുമ്പ് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓതറൈസേഷന്‍ ലഭിച്ച വ്യക്തിക്ക് ഒരു തവണ കാനഡയില്‍ പ്രവേശിച്ചാല്‍ ആറ് മാസം വരെ താമസിക്കാന്‍ അനുമതിയുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കനേഡിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണ് പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. പിന്നീട് നടന്ന തുടര്‍ ചര്‍ച്ചകളില്‍ ഇരു സര്‍ക്കാരുകളും ധാരണയിലെത്തി. 2025 നവംബര്‍ 25 മുതല്‍ പദ്ധതി നിലവില്‍ വരികയും ചെയ്തു. പദ്ധതിയില്‍ അംഗമാകുന്നതിന് ചില മാനദണ്ഡങ്ങള്‍ ഖത്തര്‍ പാലിക്കേണ്ടതുണ്ടായിരുന്നു. എല്ലാ ആവശ്യങ്ങളും ഖത്തര്‍ അംഗീകരിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായതും നടപ്പായതും.












Click it and Unblock the Notifications