ലോകം കാത്തിരിക്കുന്ന പ്രഖ്യാപനം: നിർണ്ണായകമായ ആദ്യ യോഗ്യം സൗദി അറേബ്യയില്‍ നടക്കും
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകള്‍ സൗദി അറേബ്യയില്‍ നടക്കും. വിഷയം ചർച്ച ചെയ്യുന്നതിനായി തങ്ങളുടെ ഉന്നത തല പ്രതിനിധികൾ തിങ്കളാഴ്ച സൗദി അറേബ്യയിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും റഷ്യയും സ്ഥിരീകരിച്ചു. സമാധാന ചർച്ചകൾക്ക് അടിത്തറയിടുകയെന്ന ഉദ്ദേശത്തോടെ ചൊവ്വാഴ്ച റിയാദിൽ നിർണ്ണായക കൂടിക്കാഴ്ച നടക്കുമെന്ന് ഇരുപക്ഷവും ഔദ്യോഗികമായി തന്നെ അറിയിച്ചു.
റഷ്യയുടെ ഭാഗത്ത് നിന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിദേശനയ ഉപദേഷ്ടാവായ യൂറി ഉഷാക്കോവുമായിരിക്കും റിയാദിലേക്ക് എത്തുകയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്ത് നിന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, മിഡിൽ ഈസ്റ്റിലെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും എത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും അറിയിച്ചു.

'ഉക്രേനിയൻ പ്രമേയത്തെക്കുറിച്ചുള്ള സാധ്യമായ ചർച്ചകൾക്കും രണ്ട് പ്രസിഡന്റുമാർക്കിടയിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിലും' ഈ കൂടിക്കാഴ്ച നിർണ്ണായ ഘടകമായി മാറിയേക്കും ദിമിത്രി പെസ്‌കോവ് അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു കൂടിക്കാഴ്ച "വളരെ വേഗം" നടക്കുമെന്ന പ്രതീക്ഷ അമേരിക്കയും പങ്കുവെച്ചിട്ടുണ്ട്.
റഷ്യയുടെ സോവറിൻ വെൽത്ത് ഫണ്ട് മേധാവി കിറിൽ ദിമിട്രിയേവും യോഗത്തിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ചത്തെ യോഗം ഉക്രെയ്‌നെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിശാലമായ സംഭാഷണത്തിന് തുടക്കം കുറിക്കും. സമാധാനത്തിലേക്കുള്ള ഒരു പ്രക്രിയ ഒറ്റത്തവണ മാത്രം സംഭവിക്കുന്ന ഒന്നല്ല യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യു എസ് ടെലിവിഷൻ നെറ്റ്‌വർക്കായ സി ബി എസിനോട് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്ത് വന്നിരുന്നു. ഉക്രെയ്നിലെ "പരിഹാസ്യമായ" യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്‍ തയ്യാറാകണം. യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധം, അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും റഷ്യ വില്‍ക്കുന്ന ഏത് ഉല്‍പന്നത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരും. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പില്‍ റഷ്യൻ പ്രസിഡന്റ് പുടിനുമായി താന്‍ മുന്‍കാലത്ത് നിലനിർത്തിയ നല്ല ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications