റഷ്യ വീഴുന്നു: ഇന്ത്യയും കളിമാറ്റി, സൗദി അറേബ്യയുടേയും യുഎഇയുടേയും സുവർണകാലം തിരികെ വരുന്നു?
ഡല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ ഇടിവ്. എനർജി കാർഗോ ട്രാക്കർ വോർടെക്‌സ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബർ മാസത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.24 ദശലക്ഷം ബാരലാണ് കഴിഞ്ഞ മാസം ആകെ ഇറക്കുമതി ചെയ്തത്. ഒരോ രാജ്യങ്ങളുടേയും കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന റഷ്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു.
ഒക്ടോബർ മാസം റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 7 ശതമാനത്തോളം കുറഞ്ഞു. സെപ്തംബർ മാസത്തില്‍ ഇന്ത്യ ഉയർന്ന നിരക്കിലുള്ള ഇറക്കുമതിയായിരുന്നു നടത്തിയത്. ഇതാണ് ഒക്ടോബറിലെ ഇടിവിന് കാരണമായി. സെപ്റ്റംബറിൽ ഇന്ത്യ പ്രതിദിനം 4.70 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഓഗസ്റ്റിൽ ഇത് പ്രതിദിനം 4.17 ദശലക്ഷം ബാരലായിരുന്നു.

ഒക്ടോബറില്‍ ഇറക്കുമതിയില്‍ ഇടിവ് നേരിട്ടെങ്കിലും തുടർമാസങ്ങളില്‍ ഇറക്കുമതിയില്‍ വർധനവുണ്ടാകുമെന്നാണ് അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നത്. നലാംപാദത്തിലെ ഉത്സവ സീസണുകള്‍ കാരണം ആഭ്യന്തര ഡിമാൻഡ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ തന്നെ അടുത്ത മാസം മുതല്‍ റിഫൈനറികള്‍ കൂടുതല്‍ ക്രൂഡ് ഓയിലുകള്‍ ഇറക്കുമതി ചെയ്തേക്കുമെന്നും വോർടെക്സയിലെ എ പി എ സി അനാലിസിസ് മേധാവി സെറീന ഹുവാങ്ങിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യന്‍ എണ്ണക്ക് ചൈനീസ് എണ്ണ കമ്പനികളില്‍ നിന്നും വലിയ തോതിലുള്ള ഡിമാന്‍ഡാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഇടിയാന്‍ കാരണായി. റഷ്യന്‍ എണ്ണക്കുള്ള ചൈനീസ് ഡിമാന്‍ഡും ഇനിയും തുടരും. ഈ സാഹചര്യത്തില് ഇന്ത്യന്‍ റിഫൈനറിമാർക്ക് ക്രൂഡ് ഓയിലിനായി പരമ്പരാഗത വ്യാപാര പങ്കാളികളായ സൗദി അറേബ്യ, ഇറാഖ്, യു എ ഇ എന്നിവരെ ആശ്രയിക്കേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഏകദേശം 0.2% ആയിരുന്ന റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഇപ്പോൾ ഏകദേശം 40% ആയി ഉയർന്നു. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യ നൽകുന്ന വലിയ തോതിലുള്ള കിഴിവുകളാണ് ഈ വർദ്ധനവിന് പ്രധാന കാരണം. 2024 സെപ്റ്റംബറിൽ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രതിദിനം 1.79 ദശലക്ഷം ബാരൽ (ബി പി ഡി) ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. അതായത് മൊത്തം എണ്ണ ഇറക്കുമതിയുടെ 38% വരും റഷ്യന്‍ ഇറക്കുമതി.
2024 ഓഗസ്റ്റിൽ ഇന്ത്യൻ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 36% ആയിരുന്നു. സമീപകാലത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യ നല്‍കുന്ന വിലക്കിഴിവില്‍ കുറവ് വരുത്തിയതും ഇറക്കുമതി ഇടിവിന് കാരണമായി. ഇന്ത്യയെ ആശ്രയിക്കുന്നത് കുറച്ച് റഷ്യയും മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ക്രൂഡ് ഓയില്‍ വിതരണം തിരിച്ചുവിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ പഴയ വ്യാപാര പങ്കാളികളായ പശ്ചാത്യ രാജ്യങ്ങളിലേക്ക് തിരിയുന്നത്.
'ചൈനീസ് റിഫൈനർമാരുടെ ശക്തമായ ഡിമാന്‍ഡ് കാരണം റഷ്യൻ ക്രൂഡിൻ്റെ ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറിൽ പ്രതിമാസം 7% കുറഞ്ഞു. എന്നാല്‍ മിഡിൽ ഈസ്റ്റേൺ വിതരണക്കാരിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ശക്തമായി തുടരുന്നു. വരും മാസങ്ങളിലും ഇത് തുടരാനും പശ്ചാത്യ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കാനുമാണ് സാധ്യത'. സെറീന ഹുവാങ്ങ് പറഞ്ഞു.












Click it and Unblock the Notifications