പ്രവാസികൾക്ക് ലോട്ടറി! സ്വർണ്ണം ഇനി സുഖമായി കൊണ്ടുവരാം; പുതിയ നിയമം ഇങ്ങനെ
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസകരമായ വാർത്തയാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ (Customs Duty Rules India) സുപ്രധാനമായ ഇളവുകൾ വരുത്തിക്കൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഈ മാസം 2 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നതായാണ് റിപ്പോർട്ടുകൾ. റമസാനും പെരുന്നാളും പ്രമാണിച്ച് നാട്ടിലേക്ക് വരാനൊരുങ്ങുന്ന ഗൾഫ് പ്രവാസികൾക്ക് ഉൾപ്പെടെ ഈ തീരുമാനം വലിയ നേട്ടമാകും.
ഡ്യൂട്ടി ഫ്രീ അലവൻസിലെ മാറ്റങ്ങൾ
യാത്രക്കാർക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മുൻപ് 50,000 രൂപ വരെയുള്ള സാധനങ്ങളായിരുന്നു നികുതിയില്ലാതെ കൊണ്ടുവരാമായിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഇത് 75,000 രൂപയായി ഉയർത്തി. രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7.5 ലക്ഷം രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവ് ലഭിക്കും. 12 മാസം വരെ വിദേശത്ത് നിന്നവർക്ക് 1.5 ലക്ഷം രൂപയുടെയും, ഒന്നുമുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3 ലക്ഷം രൂപയുടെയും ഇളവ് ലഭിക്കും.

സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിലെ പുതിയ രീതി
സ്വർണ്ണത്തിന്റെ ഇറക്കുമതിയിലാണ് ഏറ്റവും വിപ്ലവകരമായ മാറ്റം വന്നിരിക്കുന്നത്. ഇനി മുതൽ സ്വർണ്ണത്തിന്റെ വിപണി മൂല്യമല്ല, മറിച്ച് അതിന്റെ തൂക്കമാണ് കസ്റ്റംസ് കണക്കിലെടുക്കുക.
വനിതകൾക്ക്: ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച വനിതകൾക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം.
പുരുഷന്മാർക്കും മറ്റുള്ളവർക്കും: 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാൻ അനുവാദമുണ്ട്.
ലാപ്ടോപ്പുകൾക്കും ഇളവ്
സാധാരണ ഡ്യൂട്ടി ഫ്രീ അലവൻസിന് പുറമെ, 18 വയസ്സിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു പുതിയ ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്നതാണ്. വിദ്യാർത്ഥികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ഉപകാരപ്രദമാകും.
നിയന്ത്രണങ്ങൾ മറക്കരുത്
ചില സാധനങ്ങൾക്ക് ഇളവുകൾ ബാധകമല്ല എന്ന കാര്യവും യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ടെലിവിഷൻ സെറ്റുകൾ, കട്ടി രൂപത്തിലുള്ള സ്വർണ്ണമോ വെള്ളിയോ (Biscuits/Bars), രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം, 100 എണ്ണത്തിൽ കൂടുതൽ സിഗരറ്റ് എന്നിവയ്ക്ക് കസ്റ്റംസ് തീരുവ നൽകേണ്ടി വരും.
ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങാൻ പുതിയ സംവിധാനങ്ങൾ സഹായിക്കും. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം.












Click it and Unblock the Notifications