ഇറാന്‍ ജയിച്ചോ? അവസാന നിമിഷം ഹോര്‍മുസില്‍ മാറ്റം, ഒമാന്റെ തീരുമാനം നിര്‍ണായകം, തള്ളി ഇസ്രായേല്‍
തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം നിര്‍ത്തുന്നതിന് തയ്യാറാക്കിയ ധാരണയില്‍ നേട്ടം ഇറാന്. കരാറില്‍ ഇറാന് എതിരായ ഭാഗങ്ങള്‍ കുറവാണ് എന്ന് റിപ്പോര്‍ട്ട്. ഇറാന്റെ തടഞ്ഞുവച്ച ഫണ്ടില്‍ വലിയൊരു ഭാഗം അമേരിക്ക വിട്ടുകൊടുക്കുമെന്നാണ് വിവരം. നാവിക ഉപരോധത്തില്‍ ഇളവ് വരുത്താന്‍ അമേരിക്ക തയ്യാറായിട്ടുണ്ട്. എണ്ണ വരുമാനത്തിനും ഇറാന് മുന്നില്‍ വഴിയൊരുങ്ങുകയാണ്.
എന്നാല്‍ ലബ്‌നാനില്‍ യുദ്ധം അവസാനിപ്പിക്കും എന്ന നിബന്ധന അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇറാന് അനുകൂലമായ കരാറാണ് വരുന്നത് എന്ന് ഇസ്രായേലിലെ പല നേതാക്കളും കുറ്റപ്പെടുത്തി. ഒബാമ ഭരിക്കുന്ന കാലത്ത് അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവച്ച ആണവ കരാറിനേക്കാള്‍ ദുര്‍ബലമാണ് പുതിയ കരാര്‍ വ്യവസ്ഥകള്‍ എന്ന് യുഎസിലെ ഡെമോക്രാറ്റ് നേതാക്കള്‍ വിമര്‍ശിച്ചു. അതിനിടെയാണ് ഹോര്‍മുസിലെ മാറ്റം ചര്‍ച്ചയാകുന്നത്...

ഇറാന്‍, ഒമാന്‍ അതിര്‍ത്തി മേഖലയിലാണ് ഹോര്‍മുസ് കടല്‍പാത. ഇതുവഴിയാണ് ലോകത്തെ വലിയൊരു ഭാഗം കടല്‍ ചരക്കുകള്‍ പോകുന്നത്. യുദ്ധം തുടങ്ങിയ വേളയില്‍ ഈ പാത ഇറാന്‍ അടച്ചതോടെയാണ് ലോകം മൊത്തം യുദ്ധക്കെടുത്തി ബാധിച്ചത്. അവശ്യവസ്തുക്കളുടെ വില കൂടിയതും എണ്ണ വില വര്‍ധിച്ചതും വിമാന യാത്ര പോലും ചെലവേറിയതും ഇതിന്റെ ഫലമാണ്.
യുദ്ധത്തില്‍ വലിയ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായത് എന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പകരമായി ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ചുങ്കം പിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇക്കാര്യം പുതിയ കരാറിലുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക ഇക്കാര്യം സമ്മതിച്ചു എന്നും പറപ്പെടുന്നു. കപ്പലുകളില്‍ നിന്ന് ഇറാനും ഒമാനും ചേര്‍ന്ന് പണം പിരിക്കും. അവസാന നിമിഷമാണ് കരാറില്‍ ഈ ഭാഗം ചേര്‍ത്തതത്രെ.
60 ദിവസം കഴിഞ്ഞാല്‍ വരുന്ന മാറ്റം ഇതാണ്
ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് ശരിയാണെങ്കില്‍ ഹോര്‍മുസില്‍ നിന്ന് ഇറാന്‍ വലിയ തോതില്‍ വരുമാനമുണ്ടാക്കും. ജിസിസി, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അടക്കം ചരക്കുകള്‍ വരികയും കൊണ്ടുപോകുകയും ചെയ്യുന്നത് ഹോര്‍മുസിലൂടെയാണ്. ഇവരെല്ലാം ഇറാന് ചുങ്കം കൊടുക്കേണ്ടി വരും. ഇക്കാര്യത്തില്‍ പക്ഷേ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇപ്പോള്‍ കരാറിന്റെ ധാരണാ പത്രമാണ് തയ്യാറാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ധാരണയിലെത്തി. അടുത്ത വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലാന്റില്‍ വച്ച് പാകിസ്താന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും ധാരണാപത്രം ഒപ്പുവയ്ക്കും. അതുമുതല്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കി തുടങ്ങും. 60 ദിവസത്തിനകം സമ്പൂര്‍ണ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് ധാരണ. കരാറിലെ വ്യവസ്ഥകള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
60 ദിവസം വരെ ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ചുങ്കം പിരിക്കില്ല. അതുകഴിഞ്ഞാല്‍ ഇറാനും ഒമാനും ചേര്‍ന്ന് ചുങ്കം പിരിക്കാം. ഇരുരാജ്യങ്ങള്‍ക്കുമായിരിക്കും ഹോര്‍മുസിന്റെ നിയന്ത്രണം എന്നും കരാറിലുണ്ടെന്നാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ അമേരിക്ക തീര്‍ത്തും കീഴടങ്ങിയ പോലെയാകും.















Click it and Unblock the Notifications