ദിര്‍ഹം കൈയ്യിലുണ്ടോ? രൂപ കുത്തനെ ഇടിഞ്ഞു, പക്ഷേ, യുഎഇ പ്രവാസികള്‍ പറയുന്നത് മറ്റൊന്നാണ്
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിന് എതിരെ 95.63 എന്ന നിരക്കിലാണ് ഇന്ന് രാവിലെ വീണത്. ഓഹരി വിപണിയിലും വലിയ നഷ്ടമാണ് നേരിടുന്നത്. സെന്‍സെക്‌സ് 400 പോയന്റ് ഇടിഞ്ഞു. ഇതേനില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ രൂപ വീണ്ടും കുറയും. ക്രൂഡ് ഓയില്‍ വില കുതിക്കുന്നതാണ് രൂപ ഇടിയാന്‍ കാരണം.
അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇരു രാജ്യങ്ങളും പാകിസ്താന്‍ മുഖേന ചര്‍ച്ചകള്‍ തുടരുകയാണ്. പരസ്പരം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും രണ്ട് രാജ്യങ്ങള്‍ക്കും സ്വീകാര്യമായിട്ടില്ല എന്നതാണ് പ്രശ്‌നം. ഇതോടെ ഹോര്‍മുസ് പാത അടഞ്ഞുതന്നെ കിടക്കും. ഈ പ്രതിസന്ധിയാണ് വിപണിയെ മാറ്റിമറിക്കുന്നത്.

രൂപയുടെ മൂല്യം കുറയുമ്പോള്‍ സന്തോഷിക്കുന്നത് രണ്ട് വിഭാഗമാണ്. ഒന്ന് പ്രവാസി ഇന്ത്യക്കാര്‍. അവരുടെ കൈയ്യിലുള്ള വിദേശ കറന്‍സികളുടെ മൂല്യം വര്‍ധിക്കും. നാട്ടിലേക്ക് പണം അയച്ചാല്‍ കൂടുതല്‍ തുക കൈയ്യിലെത്തും. നാട്ടില്‍ ഭവന-വാഹന വായ്പ തിരിച്ചടവ് ഉള്ളവര്‍ക്ക് വലിയ ആശ്വാസമാകും. എന്നാല്‍ നാട്ടിലേക്ക് അയക്കുന്ന പണം മുഴുവനായി ഉപയോഗപ്പെടണം എന്നില്ല.
കാരണം, രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നാട്ടിലെ അവശ്യവസ്തുക്കളുടെ വില വര്‍ധിക്കും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ഇത്തരത്തില്‍ ചെലവാകുകയും ചെയ്യും. എന്നാല്‍ വായ്പ തിരിച്ചടവുള്ളവര്‍ക്ക് നേട്ടമാണ്. രൂപ മൂല്യം കുറയുമ്പോള്‍ നേട്ടമുണ്ടാകുന്ന മറ്റൊരു വിഭാഗം കയറ്റുമതിക്കാരാണ്. ഇവര്‍ വിദേശത്തേക്ക് അയക്കുമ്പോള്‍ ലഭിക്കുന്ന ഡോളറും ദിര്‍ഹവുമെല്ലാം ഉയര്‍ന്ന മൂല്യത്തിലായിരിക്കും.
അതേസമയം, ഇറക്കുമതി ചെയ്യുന്നവര്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നത് വലിയ തിരിച്ചടിയാണ്. വിദേശത്ത് നിന്ന് ചരക്കുകള്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. ഈ ചരക്ക് ഇന്ത്യയില്‍ വില്‍ക്കുന്ന വേളയില്‍ വില ഉയര്‍ത്തേണ്ടി വരും. ഉയര്‍ന്ന വില കൊടുത്ത് ഉപഭോക്താക്കള്‍ വാങ്ങുമോ എന്നതും ആശങ്കയുള്ള കാര്യമാണ്.
ഇന്ന് ഡോളര്‍ സൂചിക 98.14 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 95.63 എന്ന നിരക്കിലെത്തി. രൂപയും യുഎഇ ദിര്‍ഹവും തമ്മിലുള്ള മൂല്യ വ്യത്യാസം ഏകദേശം 26 ആയി ഉയര്‍ന്നു. ഇത് യുഎഇയിലെ പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ക്ക് ശമ്പളം കിട്ടുന്ന സമയം കഴിഞ്ഞെങ്കിലും കൈവശം ദിര്‍ഹമുണ്ടെങ്കില്‍ നാട്ടിലേക്ക് അയക്കാം, കൂടുതല്‍ രൂപ ബാങ്ക് അക്കൗണ്ടിലെത്തിക്കാം.
അതേസമയം, പ്രവാസികള്‍ പറയുന്നത് മറ്റൊരു കാര്യമാണ്. അവരുടെ ജോലി നിലനിര്‍ത്താനാകുമോ എന്ന ആശങ്ക പല പ്രവാസികളും നേരിടുന്നു. യുദ്ധം കാരണം കൂടുതല്‍ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്ന് യുഎഇയാണ്. ഇറാന്റെ ഭീഷണി ഇപ്പോഴും യുഎഇക്ക് മേലുണ്ട്. അതുകൊണ്ടുതന്നെ പല കമ്പനികളും കൃത്യമായ ശമ്പളം നല്‍കുന്നില്ല. ചിലര്‍ക്ക് വൈകിയാണ് ശമ്പളം കിട്ടുന്നത്. ചിലരോട് മറ്റു ജോലികള്‍ നോക്കാന്‍ കമ്പനി നിര്‍ദേശിച്ചുകഴിഞ്ഞു.














Click it and Unblock the Notifications