യുഎഇ, സൗദി അറേബ്യ വന്‍ നേട്ടം കൊയ്യും; മറ്റു ഗള്‍ഫ് രാജ്യങ്ങളും പ്രതീക്ഷയില്‍, പുതിയ ജിസിസി വിസ
ദുബായ്: ഷെങ്കണ്‍ മാതൃകയില്‍ ജിസിസി രാജ്യങ്ങൡ പുതിയ വിസ വരാന്‍ പോകുകയാണ്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് ഒരു വിസ മാത്രം മതി എന്നതാണ് പ്രത്യേകത. ഈ വര്‍ഷം ഡിസംബറില്‍ വിസ അനുവദിച്ചു തുടങ്ങാനാണ് ധാരണ. വിസ വരുന്നതോടെ ജിസിസി രാജ്യങ്ങളുടെ മുഖഛായ മാറുമെന്നാണ് പ്രതീക്ഷ.
ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാകുമെന്ന് ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിലവില്‍ ഓരോ രാജ്യത്തേക്കും പ്രത്യേകം വിസ എടുത്തുവേണം യാത്ര ചെയ്യാന്‍. ജിസിസി വിസ വരുന്നതോടെ ഒരു വിസ എടുത്താല്‍ ആറ് രാജ്യങ്ങളിലും പോകാം. ബിസിനസ് ആവശ്യക്കാര്‍ക്ക് വളരെ ഉപകാരപ്പെടുന്നതാകും ഈ വിസ. മാത്രമല്ല, ജിസിസിയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്ന മലയാളികള്‍ക്കും ഉപകാരപ്പെടും.

അടുത്തിടെ ഒമാനില്‍ ചേര്‍ന്ന ജിസിസി 40ാം യോഗത്തില്‍ ഏകീകൃത വിസ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എല്ലാ രാജ്യങ്ങളും ഇതിനോട് യോജിക്കുന്നു. ജിസിസി വിസ ലഭിക്കുന്ന വ്യക്തിക്ക് യുഎഇയിലേക്കും അവിടെ നിന്ന് ഖത്തറിലേക്കും സൗദിയിലേക്കും പോകാന്‍ തടസങ്ങളുണ്ടാകില്ല. അതേസമയം, ഇതിന്റെ നിരക്ക് എത്ര വരുമെന്ന് വ്യക്തമായിട്ടില്ല.
കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കണമെന്ന് ജിസിസിയിലെ ആറ് രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്. ടൂറിസ്റ്റുകള്‍ കൂടുതലായി എത്തിയാല്‍ രാജ്യത്ത് ജോലി സാധ്യത വര്‍ധിക്കുമെന്നും വിപണികള്‍ സജീവമാകുമെന്നും അവര്‍ മനസിലാക്കുന്നു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കച്ചവടങ്ങളിലും മറ്റും മികച്ച് നില്‍ക്കുന്ന മലയാളികള്‍ക്ക് വരുമാനത്തിന്റെ പുതിയ വഴി വെട്ടിത്തെളിക്കുന്നതാകും ജിസിസി വിസ.
യൂറോപ്പില്‍ സമാനമായ ഷെങ്കണ്‍ വിസ നിലവിലുണ്ട്. 1995ല്‍ നടപ്പാക്കുന്ന കാലത്ത് യൂറോപ്പിലെ ഏഴ് രാജ്യങ്ങള്‍ മാത്രമാണ് ഇതില്‍ പങ്കാളികളായിരുന്നത്. ടൂറിസ്റ്റുകളുടെ ഒഴുക്ക് മനസിലാക്കി കൂടുതല്‍ രാജ്യങ്ങള്‍ ഷെങ്കണ്‍ വിസയുടെ ഭാഗമായി. നിലവില്‍ 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ വിസയുണ്ട്. അതായത്, ഒരു തവണ ഷെങ്കണ്‍ വിസ എടുക്കുന്നവര്‍ക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.
ജിസിസി രാജ്യങ്ങളില്‍ കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുന്നത് രണ്ട് രാജ്യങ്ങളാണ്. സൗദി അറേബ്യയും യുഎഇയും. ദുബായിലെ അത്ഭുതങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമാണ് യുഎഇയിലേക്ക് വിദേശ സന്ദര്‍ശകര്‍ എത്തുന്നത്. മക്കയും മദീനയും സന്ദര്‍ശിക്കാനാണ് സൗദിയിലേക്ക് കൂടുതല്‍ പേര്‍ വരുന്നത്. ജിസിസി വിസ വരുന്നതോടെ ഈ രണ്ട് രാജ്യങ്ങള്‍ കൂടുതല്‍ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ.
ബുര്‍ജ് ഖലീഫയും പാം ജുമൈറയുമെല്ലാം യുഎഇയുടെ ആകര്‍ഷണങ്ങളാണ്. മക്കയും മദീനയും കൂടാതെ നിയോം, ചെങ്കടല്‍ റിസോര്‍ട്ടുകള്‍ എന്നിവയും സൗദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കും. ബഹ്‌റൈന്‍ ഫോര്‍ട്ട്, ഫോര്‍മുല 1 ഗ്രാന്റ് പ്രിക്‌സ് എന്നിവ ബഹ്‌റൈന് പ്രതീക്ഷ നല്‍കുന്നു. ദോഹയിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയമാണ് ഖത്തറിന്റെ പ്രതീക്ഷ. ജബര്‍ അഖ്ദര്‍, സുല്‍ത്താന്‍ ഖാബൂസ് പള്ളി എന്നിവ ഒമാനില്‍ കാണേണ്ടതു തന്നെ. കുവൈത്ത് ടവര്‍ കാണാതെ കുവൈത്തില്‍ നിന്ന് മടങ്ങാനാകില്ല.












Click it and Unblock the Notifications