റമദാനില്‍ പ്രത്യേക യാത്ര പാസ് അവതരിപ്പിച്ച് ദോഹ മെട്രോ; ഒരാഴ്ചത്തേക്ക് പരിധിയില്ലാത്ത യാത്ര..!
ദോഹ: റമദാന്‍ മാസം ആരംഭിച്ചതോടെ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും. വെറും 30 ഖത്തര്‍ റിയാലിന് അണ്‍ലിമിറ്റഡ് യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന പ്രതിവാര പാസിനാണ് ദോഹ മെട്രോയും ലുസൈല്‍ ട്രാമും തുടക്കം കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 11 ന് ആരംഭിച്ച പാസ് ഏപ്രില്‍ 11 വരെ ലഭ്യമാകും. റമദാനില്‍ നഗരത്തില്‍ ഉടനീളം സഞ്ചരിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതാണ് ഈ പാസ്.
''ഈ റമദാനില്‍ നഗരത്തിനു ചുറ്റുമുള്ള നൈറ്റ് ബസാറുകള്‍ മുതല്‍ ഇസ്ലാമിക് ക്ലാസുകളും കായിക പ്രവര്‍ത്തനങ്ങളും വരെ ഇവന്റുകള്‍ പര്യവേക്ഷണം ചെയ്യുക. റമദാന്‍ വീക്ക്ലി പാസിലൂടെ നിങ്ങള്‍ക്ക് 30 ഖത്തര്‍ റിയാല്‍ നിരക്കില്‍ 7 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് റൈഡുകള്‍ ആസ്വദിക്കാം. എല്ലാ സ്റ്റേഷനുകളിലെയും ട്രാവല്‍ കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് പാസ് വാങ്ങു', ദോഹ മെട്രോ പ്രസ്താവനയില്‍ പറഞ്ഞു.

Image Credit: Facebook@Doha Metro & Lusail Tram
ദോഹ മെട്രോയുടെ മുഴുവന്‍ സ്റ്റേഷനുകളിലെയും ട്രാവല്‍ കാര്‍ഡ് വെന്‍ഡിങ് മെഷീന്‍ വഴി യാത്രക്കാര്‍ക്ക് വീക്ക്‌ലി പാസ് വാങ്ങാം. നേരത്തെ റമദാനിന്റെ ഭാഗമായി ദോഹ മെട്രോ പുതിയ സമയ ക്രമം പ്രഖ്യാപിച്ചിരുന്നു. മെട്രോ, ട്രാം സര്‍വീസ് ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെയും ഉച്ചയ്ക്ക് 2 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1 വരെയും നീട്ടുമെന്ന് ഖത്തര്‍ റെയില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യാത്രക്കാരെ മെട്രോ സര്‍വീസിലേക്ക് ആകര്‍ഷിക്കാന്‍ 120 ഖത്തര്‍ റിയാലിന്റെ പ്രതിമാസ പാക്കേജും ദോഹ മെട്രോയും ലുസൈല്‍ ട്രാമും അവതരിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 29 - ന് പ്രഖ്യാപിച്ച ഈ പാസ് 120 റിയാലിന് ഒരു മാസത്തേക്ക് പരിധിയില്ലാത്ത റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു. പാസിന്റെ 30 ദിവസത്തെ സാധുത, വാങ്ങുന്ന തീയതിക്ക് പകരം ഗേറ്റിലെ പ്രാരംഭ ടാപ്പില്‍ നിന്നാണ് ആരംഭിക്കുക.
ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ പാസിന്റെ മുഴുവന്‍ മൂല്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മാര്‍ച്ച് 11 മുതലാണ് ഖത്തറില്‍ റമദാന്‍ വ്രതം ആരംഭിച്ചത്. നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ സമയത്തും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ സേവനങ്ങള്‍ ഖത്തര്‍ റെയില്‍ ഉറപ്പാക്കിയിരുന്നു.












Click it and Unblock the Notifications