ബ്രെറ്റ്‌ലീ ദുബായിലേക്ക് താമസം മാറ്റി; എന്തുകൊണ്ട് ദുബായ് എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി
ദുബായ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ ഏറെ നാളായി ദുബായിലാണ് താമസം. ഒരുപിടി കായിക താരങ്ങള്‍ താമസിക്കാന്‍ ദുബായ് തിരഞ്ഞെടുക്കുന്നതിനിടെയാണ് ബ്രെറ്റ്‌ലീയും എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ തന്റെ മാതൃരാജ്യമാണെങ്കിലും ദുബായില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന് താരം പറയുന്നു.
ബ്രിട്ടനിലും യൂറോപ്പിലുമുള്ള നിരവധി കോടീശ്വരന്‍മാര്‍ ശിഷ്ട ജീവിതം ദുബായില്‍ കഴിയാമെന്ന് തീരുമാനിക്കുന്നുണ്ട്. അമിത ചെലവും സുരക്ഷാ വെല്ലുവിളികളുമെല്ലാമാണ് ഇവരെ മാതൃരാജ്യം വിട്ടുപോരാന്‍ പ്രേരിപ്പിച്ചത്. ദുബായിലെ സുരക്ഷ, ഔദ്യോഗിക സംവിധാനങ്ങളുടെ ലഭ്യത എന്നിവയെല്ലാം ഏറെ ആകര്‍ഷിക്കപ്പെടുകയാണ്. ഈ വേളയിലാണ് ബ്രെറ്റ് ലീ നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നത്...

കഴിഞ്ഞ 20 വര്‍ഷമായി ദുബായില്‍ വരികയും ഇതിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിയപ്പോഴാണ് താമസം ഇവിടെ ആക്കിയാലോ എന്ന് ആലോചിച്ചത്. ഭാര്യയോടും മക്കളോടും ചോദിച്ചു. അവര്‍ സമ്മതിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് ദുബായിലേക്ക് താമസം മാറ്റിയത് എന്ന് ബ്രെറ്റ് ലീ ദി നാഷണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റിയോ ഫെര്‍ഡിനാന്റും പാട്രിസ് എവ്റയും ദുബായിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ദുബായിലാണ് താമസം. ഫിലിപ്പിനോ ബോക്സിംഗ് താരം മാന്നി പാക്വിയാവോവിന് കഴിഞ്ഞ വര്‍ഷം ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി തന്റെ ഫ്രാഞ്ചൈസി കരിയറിനും പരിശീലന മോഹങ്ങള്‍ക്കും ദുബായിലേക്ക് താവളം മാറ്റി. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ ബ്രെറ്റ് ലീയും ചേര്‍ന്നിരിക്കുന്നത്.
ദുബായിയെ കുറിച്ച് വാതോരാതെ ബ്രിറ്റ് ലീ
ഇങ്ങോട്ട് മാറാനുള്ള കാരണം പ്രധാനമായും സുരക്ഷയാണ്. ഇത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും. വ്യക്തിപരമായും വാണിജ്യപരമായും ഇവിടുത്തെ അവസരങ്ങള്‍ തീര്‍ച്ചയായും ലോകോത്തരമാണ്. ജീവിതശൈലിയും ഒരു കാരണമാണ്.
നിലവില്‍ ദാനൂബ് പ്രോപ്പര്‍ട്ടീസിന്റെ ആഗോള അംബാസഡറാണ് താന്‍. യോലോ എന്ന നിക്ഷേപ കമ്പനിയുമായും ബന്ധമുണ്ട്. മിക്ക രാജ്യങ്ങളിലും ബിസിനസ് തുടങ്ങുന്നതിന് പല തടസങ്ങളും നേരിടും. എന്നാല്‍ ദുബായിലും യുഎഇയിലും കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഈ രാജ്യം നിങ്ങള്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നു.
തനിക്ക് ഇവിടെ ചില പ്രധാന വാണിജ്യ പങ്കാളിത്തങ്ങളുണ്ട്. ദാനൂബ് വഴിയുള്ള പ്രോപ്പര്‍ട്ടി മേഖല അതില്‍ ഒന്നാണ്. ദാനൂബ് സ്ഥാപകനായ റിസ്‌വാന്‍ സാജന്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ലാതെ വന്ന്, കഷ്ടപ്പെട്ട് ഒരു ബില്യണ്‍ ഡോളര്‍ സാമ്രാജ്യം ദുബായില്‍ കെട്ടിപ്പടുത്തു. ഞാന്‍ അവരുടെ ആഗോള അംബാസഡറാണ്. അത് അഭിമാനത്തോടെയാണ് പറയുന്നത്. ഈ മാറ്റത്തിന്റെ ഒരു പ്രധാന കാരണം അതായിരുന്നു. ദാനൂബ് വഴി ഞങ്ങളുടെ പ്രോപ്പര്‍ട്ടി വാങ്ങിയതില്‍ സന്തോഷമുണ്ട്.
കുടുംബമാണ് തന്റെ ഏറ്റവും വലിയ മുന്‍ഗണന. ഭാര്യ ലാനയ്ക്കും ആറ്, പത്ത്, പത്തൊന്‍പത് വയസ്സുള്ള മക്കള്‍ക്കും ഈ മാറ്റം സുഗമമായിരുന്നു. എനിക്ക് കുടുംബമാണ് ഏറ്റവും പ്രധാനം. എല്ലാ നിമിഷവും കുടുംബം ദുബായിലെ ജീവിതം ആസ്വദിക്കുന്നു എന്നത് എനിക്ക് അഭിമാനകരമാണ്. എന്റെ ഭാര്യയും മൂന്ന് മക്കളും ഇവിടം ഇഷ്ടപ്പെടുന്നു- ലീ പറയുന്നു.












Click it and Unblock the Notifications