ദുബായ് ഡ്രൈവര്‍ ആണോ? നവംബര്‍ ഒന്ന് മുതല്‍ ഈ റോഡില്‍ മാറ്റം, വേഗതയില്‍ ക്രമീകരണം
ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗതയില്‍ ക്രമീകരണം വരുത്തി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മൂന്ന് റോഡുകളില്‍ വേഗത കൂട്ടി. രണ്ടു റോഡുകള്‍ വേഗത കുറയ്ക്കുകയും ചെയ്തു. നവംബര്‍ ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരിക. റോഡിന്റെ ഇരുവശത്തേക്കുള്ള യാത്രയ്ക്കും പുതിയ വേഗ പരിധിയിലാണ് ഡ്രൈവ് ചെയ്യേണ്ടത്.
അല്‍ അസായില്‍ സ്ട്രീറ്റ് റോഡിലെ വേഗത 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററാക്കി ഉയര്‍ത്തി. ഔദ് മയ്ത സ്ട്രീറ്റിനും അല്‍ മയ്ദാന്‍ സ്ട്രീറ്റിനും ഇടയിലാണ് ഈ വേഗതയില്‍ യാത്ര ചെയ്യേണ്ടത്. അതേസമയം, അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് റോഡില്‍ ശൈഖ് റാഷിദ് സ്ട്രീറ്റിനും അല്‍ മയ്ദാന്‍ സ്ട്രീറ്റിനുമിടയില്‍ 60ല്‍ നിന്ന് 70 കിലോമീറ്ററാക്കി വേഗത വര്‍ധിപ്പിച്ചു. ലതീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ് റോഡില്‍ ശൈഖ് സാദിദ് റോഡിനും അല്‍ ഖലീല്‍ റോഡിനുമിടയില്‍ സമാനമായ മാറ്റം വരുത്തി.

അതേസമയം, അല്‍ റിബാത് സ്ട്രീറ്റ് റോഡില്‍ വേഗത കുറച്ചിട്ടുണ്ട്. മറകച്ച് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനുമിടയില്‍ 100 കിലോമീറ്ററില്‍ നിന്ന് വേഗത 90 കിലോമീറ്ററാക്കി കുറച്ചു. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റിലും വേഗത താഴ്ത്തി. സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിനുമിടയില്‍ 80 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററാക്കിയാണ് വേഗത കുറച്ചിരിക്കുന്നത്.
ദുബായ് പോലീസുമായി സഹകരിച്ചാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ബന്ധപ്പെട്ട റോഡില്‍ വേഗതയുടെ പുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ നടത്തിയ വിശദമായ സാങ്കേതിക പഠനത്തിന് ശേഷമാണ് പുതിയ തീരുമാനം എടുത്തത് എന്ന് ദുബായ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ട്രാഫിക് സുഗമമാക്കുക, സുരക്ഷ ശക്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. വാഹനങ്ങളുടെ ആധിക്യവും പരിഗണിച്ചിട്ടുണ്ട്. പുതിയ വേഗത പരിധി കണക്കാക്കി സ്പീഡ് ക്യാമറകള്‍ പുനഃക്രമീകരിക്കും. മലയാളി പ്രവാസികള്‍ ഏറെയുള്ള ദുബായ് നഗരത്തില്‍ ട്രാഫിക് നിര്‍ദേശം ലംഘിക്കപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.


Click it and Unblock the Notifications
