ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും ഭാഗ്യം പ്രവാസി മലയാളിക്ക്; സമ്മാനത്തുക എത്രയെന്നോ? ഇനി കോടീശ്വരന്‍
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചിരിക്കുന്നത് മലയാളിയായ വേണുഗോപാല്‍ മുല്ലച്ചേരിയ്ക്കാണ്. 8.46 കോടി രൂപയാണ് വേണുഗോപാല്‍ മുല്ലച്ചേരിക്ക് സമ്മാനമായി ലഭിക്കാന്‍ പോകുന്നത്. 52 കാരനായ വേണുഗോപാല്‍ അജ്മാനില്‍ ആണ് താമസിക്കുന്നത്.
ഏപ്രില്‍ 23 ന് ടെര്‍മിനല്‍ 2 അറൈവല്‍സ് ഷോപ്പില്‍ നിന്ന് വാങ്ങിയ 1163 എന്ന ടിക്കറ്റ് നമ്പര്‍ ആണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ സീരീസ് 500 പ്രമോഷനിലെ 500-ാമത്തെ വിജയിയാണ് വേണുഗോപാല്‍ എന്നതും ശ്രദ്ധേയമാണ്. ഒരു പതിറ്റാണ്ടിലേറെയായി അജ്മാനില്‍ താമസിക്കുന്ന വേണുഗോപാല്‍ മുല്ലച്ചേരി, ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്സമയം നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു.

തന്നെ വിജയിയായി തിരഞ്ഞെടുക്കുന്നത് കാണാന്‍ വേണുഗോപാലിന് സാധിച്ചു എന്നതും ശ്രദ്ധേയമായി. രണ്ട് കുട്ടികളുടെ പിതാവായ വേണുഗോപാല്‍ മുല്ലച്ചേരി അജ്മാനിലെ ഒരു കമ്പനിയില്‍ ഐടി സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു, 15 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ പങ്കെടുക്കുന്ന ആളാണ് വേണുഗോപാല്‍ മുല്ലച്ചേരി.
'ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിന്റെ 500-ാമത്തെ വിജയിയാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ജനപ്രിയ പ്രമോഷനില്‍ ദീര്‍ഘകാലമായി പങ്കാളിയാണ്. അതിനാല്‍, ഇത് സൃഷ്ടിച്ച നിരവധി വിജയികളില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദി.' സമ്മാനാര്‍ഹനായ ശേഷം അദ്ദേഹം പറഞ്ഞു.
1999 മുതല്‍ ആണ് മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചത്. അതിന് ശേഷം ഒരു മില്യണ്‍ ഡോളര്‍ നേടിയ 249-ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാല്‍ മുല്ലച്ചേരി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയതും ഇന്ത്യക്കാര്‍ തന്നെയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബിയിലാണ് നറുക്കെടുപ്പ് നടന്നത്.
ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബായ് ഡ്യൂട്ടി ഫ്രീ ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പങ്കെടുത്തു. നറുക്കെടുപ്പ് നടത്താനും ഭാഗ്യശാലിയെ പ്രഖ്യാപിക്കാനും മാനേജിംഗ് ഡയറക്ടര്‍ രമേശ് സിദാംബിയുടെ നേതൃത്വത്തിലുള്ള ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് ടീമില്‍ ഷെയ്ഖ് അഹമ്മദും എത്തിയിരുന്നു.












Click it and Unblock the Notifications