ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയിച്ച് ഇന്ത്യക്കാരന്‍; സമ്മാനത്തുക ഇത്ര!
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ അസുലഭ ഭാഗ്യം സ്വന്തമാക്കി ഇന്ത്യക്കാരന്‍. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന്‍ സമ്മാനം നേടിയത്. ഫൈനലില്‍ അലക്സാണ്ടര്‍ ബബ്ലിക്കിനെ തോല്‍പ്പിച്ച് കന്നി ദുബായ് കിരീടം നേടിയ ഫ്രഞ്ച് ടെന്നീസ് നമ്പര്‍ 5 താരവും ടൂര്‍ണമെന്റിലെ ചാമ്പ്യനുമായ യുഗോ ഹമ്പര്‍ട്ടാണ് വിജയിച്ച ടിക്കറ്റ് നറുക്കെടുത്തത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 60 കാരനായ ഇന്ത്യന്‍ പൗരനായ സുനില്‍ നയ്യാര്‍ ആണ് വിജയി. ഒരു മില്യണ്‍ ഡോളര്‍ അതായത് എട്ട് കോടിയിലേറെ രൂപയാണ് സുനില്‍ നയ്യാര്‍ക്ക് ലഭിക്കുക. ഫെബ്രുവരി 21 ന് ഓണ്‍ലൈനില്‍ വാങ്ങിയ 0971 എന്ന ടിക്കറ്റാണ് സുനില്‍ നയ്യാറിന് ഭാഗ്യം സമ്മാനിച്ചത്. 39 വര്‍ഷമായി അബുദാബിയില്‍ താമസിക്കുകയാണ് സുനില്‍ നയ്യാര്‍.

Image Credit: Dubai Duty Free Draw/Website
15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത് വരികയാണ് സുനില്‍ നയ്യാര്‍. ''ഞാന്‍ വളരെക്കാലമായി ടിക്കറ്റ് വാങ്ങുന്നു. ഒരു ദിവസം ഞാന്‍ വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു,'' നയ്യാര്‍ പറഞ്ഞു. മകന്റെ വിദ്യാഭ്യാസത്തിനായാണ് സമ്മാനത്തുക ചെലവഴിക്കുക എന്ന് സുനില്‍ നയ്യാര്‍ പറഞ്ഞു.
മകന്‍ നിലവില്‍ യു കെയില്‍ എയ്റോസ്പേസില്‍ ബിരുദ പഠനത്തിലാണ്. 1999-ല്‍ മില്ലേനിയം മില്യണയര്‍ പ്രൊമോഷന്‍ ആരംഭിച്ചതിന് ശേഷം 1 മില്യണ്‍ ഡോളര്‍ നേടിയ 225-ാമത്തെ ഇന്ത്യന്‍ പൗരനാണ് ഡല്‍ഹി സ്വദേശിയായ സുനില്‍ നയ്യാര്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരാണ്.
മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ യുഗോ ഹമ്പര്‍ട്ടിനൊപ്പം ദുബായ് ഡ്യൂട്ടി ഫ്രീ സീനിയര്‍ സിഒഒ രമേഷ് സിദാംബിയും മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് സിനാദ് എല്‍ സിബായും പങ്കെടുത്തു. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 2 വരെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം ടെന്നീസ് വില്ലേജിലെ ദുബായ് ഡ്യൂട്ടി ഫ്രീ കൗണ്ടറുകളില്‍ മില്ലേനിയം മില്യണയര്‍ പ്രമോഷനുള്ള ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു.












Click it and Unblock the Notifications