എന്തൊരു ഭാഗ്യം..! ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറില്‍ ബിഎംഡബ്ല്യു ബൈക്കും കോടികളും മലയാളികള്‍ക്ക്
അബുദാബി: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഭാഗ്യാന്വേഷണ നറുക്കെടുപ്പുകളില്‍ പലപ്പോഴും മലയാളികള്‍ക്കാണ് സമ്മാനം ലഭിക്കാറുള്ളത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുഎഇയിലെ ബിഗ് ടിക്കറ്റ്. യുഎഇയില്‍ വലിയ ജനപ്രീതിയുള്ള ഒരു നറുക്കെടുപ്പാണ് ഇത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം കടാക്ഷിച്ചിട്ടുള്ളത് ഇന്ത്യക്കാരേയും വിശിഷ്യാ മലയാളികളേയുമാണ്.
ഇപ്പോഴിതാ ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലും മലയാളിയെ തേടിയാണ് ഭാഗ്യമെത്തിയിരിക്കുന്നത്. കേരളത്തില്‍ ഒപ്റ്റിക്കല്‍, റീട്ടെയില്‍ ഷോപ്പിന്റെ ഉടമയായ സഹീര്‍സുല്‍ത്ത അസഫലിയെ തേടിയാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഭാഗ്യം എത്തിയിരിക്കുന്നത്. 38 കാരനായ അസഫലി ഡിസംബര്‍ 20 ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ഒരു മില്യണ്‍ യുഎസ് ഡോളര്‍ ആണ് അസഫലിക്ക് ലഭിക്കുക. അതായത് ഏകദേശം 8,64,06,650 രൂപ! ടിക്കറ്റ് നമ്പര്‍ 4031 ഉള്ള സീരീസ് 487 ല്‍ ആണ് സഹീര്‍സുല്‍ത്ത അസഫലി വിജയി ആയിരിക്കുന്നത്. വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരുപാട് സന്തോഷമുണ്ട് എന്നും സഹീര്‍സുല്‍ത്ത അസഫലി സമ്മാനാര്‍ഹനായ ശേഷം പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'വളരെ നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ! ജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് തീര്‍ച്ചയായും എന്നെ വളരെയധികം സഹായിക്കും. ഇതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്, ''അദ്ദേഹം പറഞ്ഞു. 1999-ല്‍ ആരംഭിച്ചതിന് ശേഷം മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ നേടിയ 245-ാമത്തെ ഇന്ത്യന്‍ പൗരനാണ് അസഫലി. അസഫലിക്കൊപ്പം ജര്‍മന്‍ പൗരനായ നിക്കോളാസ് ബോവര്‍സ്‌ഫെല്‍ഡിനും സമ്മാനം ലഭിച്ചു.
ജനുവരി 6 തിങ്കളാഴ്ച ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 2708 ഉള്ള മില്ലേനിയം മില്യണയര്‍ സീരീസ് 487-ല്‍ ബോവര്‍സ്‌ഫെല്‍ഡിനെ വിജയിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ് ബോവര്‍സ്‌ഫെല്‍ഡ്. പ്രമോഷനില്‍ ഒരു മില്യണ്‍ ഡോളര്‍ നേടുന്ന പതിനൊന്നാമത്തെ ജര്‍മ്മന്‍കാരനാണ് നിക്കോളാസ് ബോവര്‍സ്‌ഫെല്‍ഡ്.
കോടിപതികളെ സൃഷ്ടിക്കുന്നത് കൂടാതെ ആഡംബര വാഹനങ്ങളും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം സമ്മാനമായി നല്‍കുന്നുണ്ട്. ഇത്തവണത്തെ ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോര്‍ബൈക്ക് നേടിയിരിക്കുന്നതും മലയാളിയാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 38 കാരനായ ഇന്ത്യന്‍ ഡിസൈനര്‍ സുജിത്ത് പനക്കല്‍ ആണ് ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോര്‍ബൈക്ക് നേടിയിരിക്കുന്നത്.
കഴിഞ്ഞ 18 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയും 15 വര്‍ഷമായി നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുന്നയാളാണ് സുജിത്ത്. ആവേശം പകരുന്ന വാര്‍ത്തയാണിത് എന്നും അവിശ്വസനീയമായി തോന്നുന്നു എന്നും സുജിത്ത് പ്രതികരിച്ചു.












Click it and Unblock the Notifications