ആദ്യം എട്ട് കോടി, പിന്നാലെ ബിഎംഡബ്ല്യൂ കാര്‍; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഇരട്ടഭാഗ്യം!
യുഎഇയിലെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പും ബിഗ് ടിക്കറ്റും പലപ്പോഴും വലിയ സൗഭാഗ്യങ്ങളാണ് മലയാളി പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ളത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റേയും ബിഗ് ടിക്കറ്റിന്റേയും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയികളായിട്ടുള്ളതും മലയാളികള്‍ തന്നെ. ഇപ്പോഴിതാ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇരട്ട വിജയം നേടി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള പ്രവാസി.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ തങ്ങളുടെ പേര് വിളിക്കപ്പെടുന്നത് കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ സ്വപ്നം കാണുമ്പോള്‍ യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളിയായ രതീഷ്‌കുമാര്‍ രവീന്ദ്രന്‍ നായര്‍ ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നത് രണ്ട് തവണയാണ്. 45 കാരനായ രതീഷ്‌കുമാര്‍ രവീന്ദ്രന്‍ നായര്‍ അക്കൗണ്ട് മാനേജരായാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1925-ല്‍ 0255 എന്ന ടിക്കറ്റ് നമ്പറില്‍ BMW 740i M സ്പോര്‍ട് ആണ് രതീഷ്‌കുമാര്‍ രവീന്ദ്രന്‍ നായരെ തേടിയെത്തിയിരിക്കുന്നത്. ജൂലൈ 9 ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോഴ്സ് എയില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. മെയ് 28-നായിരുന്നു സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് രതീഷ് കുമാര്‍ വാങ്ങിയത്.
2019 മെയ് മാസത്തില്‍, മില്ലേനിയം മില്യണയര്‍ സീരീസ് 300 വഴി അദ്ദേഹം ഒരു മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം നേടിയിരുന്നു. അതായത് ഏകദേശം 8 കോടി രൂപ! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ നേരത്തേയും ഇത്തരത്തില്‍ ഒരേ ആള്‍ക്ക് തന്നെ ഒന്നിലേറെ തവണ സമ്മാനം ലഭിച്ച സംഭവമുണ്ടായിട്ടുണ്ട്. അതേസമയം സമ്മാന വിവരം അറിഞ്ഞപ്പോള്‍ അവിശ്വസനീയമായി തോന്നി എന്ന് രതീഷ് കുമാര്‍ പറഞ്ഞു.
''ഇത് അവിശ്വസനീയമാണ്! വീണ്ടും വിജയിക്കുന്നത് അവിശ്വസനീയമായ ഭാഗ്യമായി തോന്നുന്നു. ഇത്തരത്തില്‍ ഒരു ഭാഗ്യം രണ്ട് തവണ സംഭവിച്ചതായി എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. വളരെ നന്ദി!''രതീഷ് കുമാര്‍ പറഞ്ഞു. 15 വര്‍ഷമായി ദുബായില്‍ താമസിച്ച് വരികയാണ് രതീഷ് കുമാര്‍. അതേസമയം ദുബായില്‍ താമസിക്കുന്ന 49 വയസുള്ള ലെബനീസ് പൗരനായ ഫൈക്കല്‍ എല്‍ ആവറും അപ്രതീക്ഷിത സമ്മാനം നേടി.
ഫൈക്കലിന് ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 629 ല്‍ 0141 എന്ന ടിക്കറ്റ് നമ്പറില്‍ ഒരു അപ്രീലിയ RSV4 ഫാക്ടറി 1100 മോട്ടോര്‍ബൈക്ക് ആണ് സമ്മാനമായി നേടിയത്. ജൂണ്‍ 30 ന് കോണ്‍കോഴ്സ് ഡിയില്‍ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 17 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട് എന്നും ആദ്യമായാണ് ഭാഗ്യം കടാക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 28 ന് ഓണ്‍ലൈനായി വാങ്ങിയ 1815 എന്ന ടിക്കറ്റ് നമ്പറില്‍ നിന്നുള്ള മില്ലേനിയം മില്യണയര്‍ സീരീസ് 507 ല്‍ ദോഹയിലെ ജോര്‍ദാനിലെ താമസക്കാരനായ മുഹമ്മദ് സായിദ് അല്‍ കിലാനി ഒരു മില്യണ്‍ യുഎസ് ഡോളര്‍ നേടി.












Click it and Unblock the Notifications