അഗ്നിപര്‍വത സ്‌ഫോടനത്തിന് ശേഷം ചാരം നിറഞ്ഞു... ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്‌സ്
ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം അഗ്‌നിപര്‍വ്വത ചാരം കാരണം താല്‍ക്കാലികമായി അടച്ചിട്ടതിനെത്തുടര്‍ന്ന് ദുബായിക്കും ജക്കാര്‍ത്തയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഞായറാഴ്ച ഇന്തോനേഷ്യ ആറ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
150 കിലോമീറ്ററിലധികം അകലെയുള്ള 'അനക് ക്രാക്കറ്റോവ' എന്ന അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതോടെ ഇവിടത്തെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി വൈകി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയ 'മൗണ്ട് അനക് ക്രാക്കറ്റോവ'യില്‍ നിന്ന് ലാവയുടെ പ്രവാഹവും 700 കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാവുന്നത്ര ഉച്ചത്തിലുള്ള ശബ്ദവും ഉണ്ടായി.

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ അറിയിക്കുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ബാധിക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി, 'മാനേജ് യുവര്‍ ബുക്കിംഗ്' (Manage Your Booking) പോര്‍ട്ടല്‍ വഴി തങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും എമിറേറ്റ്‌സ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
'ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളില്‍ എമിറേറ്റ്‌സ് ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത്. അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല,' എമിറേറ്റ്‌സ് വക്താവ് കൂട്ടിച്ചേര്‍ത്തു.
അഗ്‌നിപര്‍വ്വത ചാരം ജെറ്റ് എന്‍ജിനുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും കാഴ്ചാപരിധി കുറയ്ക്കാനും സാധ്യതയുള്ളതിനാല്‍ വിമാനങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍, സാഹചര്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ ബാധിക്കപ്പെട്ട വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സാധാരണയായി നിര്‍ത്തിവയ്ക്കാറുണ്ട്.
അതേസമയം യുഎഇയില്‍ വെക്കേഷന്‍ അവസാനിച്ചതിനാല്‍ പല നിവാസികളും വിനോദസഞ്ചാരം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നേ ഉള്ളൂ. ഈ സാഹചര്യത്തില്‍ വിമാന സര്‍വീസുകളിലുണ്ടാകുന്ന തടസങ്ങള്‍ യുഎഇ നിവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. 2026-27 അക്കാദമിക വര്‍ഷം ആഗസ്റ്റ് 31 നാണ് യുഎഇയില്‍ ആരംഭിച്ചത്.
അതിനിടെ അനക് ക്രാക്ക്‌റ്റോവയില്‍ നിന്ന് ഞായറാഴ്ച രണ്ട് പുതിയ പൊട്ടിത്തെറികള്‍ കൂടി രേഖപ്പെടുത്തിയതായി അഗ്‌നിപര്‍വ്വത പഠന വിഭാഗം മുന്നറിയിപ്പ് നല്‍കി. അഗ്‌നിപര്‍വ്വതത്തിന്റെ ജാവ ഭാഗത്ത് 6,000 മീറ്റര്‍ (20,000 അടി) ഉയരം വരെയും, സുമാത്ര ഭാഗത്തും ജാവയിലെ ബാന്റന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും 15,000 മീറ്റര്‍ (50,000 അടി) വരെ ഉയരത്തിലും ചാരപടലം ഉയര്‍ന്നതായി ബിഎംകെജി തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കി.
നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിമാനത്താവള പ്രവര്‍ത്തന നിയന്ത്രണം രാവിലെ 5:30-ന് അവസാനിക്കേണ്ടതായിരുന്നു. ഈ നിയന്ത്രണം 33 വിമാനങ്ങളെ ബാധിക്കുകയും 16 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കുന്നതിനും ഏഴ് വിമാനങ്ങള്‍ വൈകുന്നതിനും കാരണമാവുകയും ചെയ്തതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.





Click it and Unblock the Notifications