സ്വർണം ദുബായില്‍ നിന്ന് വാങ്ങുമ്പോള്‍ ഒരു പവന് ഒരു ഗ്രാം 'ഫ്രീ': അമ്പരിപ്പിച്ച് വിലയിലെ വ്യത്യാസം
ദുബായ്: ആഗോള വിലയിൽ നേരിയ വർധനവുണ്ടായിട്ടും യുഎഇയിൽ സ്വർണ വില ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ തത്സമയ വില നിരവാരം അനുസരിച്ച്, യുഎഇയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 232ദിർഹമായി കുറഞ്ഞു, കഴിഞ്ഞ ദിവസം ഗ്രാമിന് 232.75 ദിർഹമായിരുന്നു. 22കാരറ്റ് സ്വർണം ഗ്രാമിന് 216.25 ദിർഹത്തിലും 21 കാരറ്റ് 209.25 ദിർഹത്തിലും 18 കാരറ്റ് 179.25 ദിർഹത്തിലുമാണ് വ്യാപാരം.
ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് യുഎഇയില്‍ 1718 ദിർഹമാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം ഇത് 1724 ആയിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 1856 ആണ്. കഴിഞ്ഞ ദിവസത്തെ നിരക്ക് 1862 ദിർഹം. ആഗോള വിപണിയിൽ, ഡോളറിന്റെയും യുഎസ് ബോണ്ട് യീൽഡുകളുടെയും പിൻബലത്തിൽ കഴിഞ്ഞ ദിവസം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് സ്വർണം മുകളിലേക്ക് കയറിയിരുന്നു.

കേരളത്തില്‍ ഇന്നും സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ 5470, 43760 എന്നീ നിരക്കിലാണ് ഗ്രാമിനും പവനും യഥാക്രമം ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് നല്‍കേണ്ടിയിരുന്നത് 43960 രൂപയായിരുന്നു. ഇന്നലേയും സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവുണ്ടായിരുന്നു.
ഇന്ത്യന്‍ വിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പതിവുപോലെ വലിയ അന്തരമാണ് യു എ ഇയിലെ സ്വർണവിലയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് നല്‍കേണ്ടത് 5470 രൂപയാണ് നല്‍കേണ്ടതെങ്കില്‍ യുഎഇയില്‍ ഇത് 4842 രൂപ മാത്രമാണ്. ഗ്രാമിലെ വിലയിലെ വ്യത്യാസം 628 രൂപ.
ദുബായില്‍ ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ 22 ഗ്രാം സ്വർണത്തിന് നല്‍കേണ്ടത് 38740 രൂപയാണ്. എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ ഇത് 43760 രൂപയാവുന്നു. വർധനവ് 5024 രൂപ. അതായത് കേരളത്തില്‍ എട്ട് ഗ്രാം സ്വർണ വാങ്ങുന്ന പൈസ കൊണ്ട് ദുബായില്‍ നിന്നും 9 ഗ്രാം സ്വർണം വാങ്ങിക്കാന്‍ സാധിക്കും. ഇറക്കുമതി തീരുവ ഉള്‍പ്പെടേയുള്ളവയാണ് ഇന്ത്യന്‍ വിപണയില്‍ സ്വർണത്തിലെ വില വർധിപ്പിക്കുന്നത്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1914 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് സ്വർണ വില കൂപ്പുകുത്താൻ കാരണം. ഓഗസ്റ്റ് ഒന്നിന് പവന് 44,320 രൂപയായിരുന്നു വില. ഇതണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. കേരളത്തിലെ ഇന്നത്തെ നിരക്കായ പവന് 43760 എന്നത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. ഈ മാസം ഇതുവരെ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications