സ്വർണ വില ദുബായിലും കുത്തനെ ഇടിഞ്ഞു; പവന് കേരളത്തിലേതിനേക്കാൾ കുറവ്..ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവാണ് ഉണ്ടായത്. രാവിലേയും ഉച്ചയ്ക്കുമായി ഏകദേശം 4000 രൂപയോളമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 1.11 ലക്ഷം രൂപയാണ് വില. ആഗോള വിപണിയിലെ വിലയിടിവിൻ്റെ ചുവടുപിടിച്ച് യുഎഇയിലും ഇന്ന് വില കുത്തനെ ഇടിഞ്ഞു. ചെറിയ പെരുന്നാളിന് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.
മാർച്ച് രണ്ടിനാണ് ദുബായിൽ ഏറ്റവും കൂടുതൽ സ്വർണ വില രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 641 ദിർഹമായിരുന്നു വില. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 24 കാരറ്റ് ഗ്രാമിന് 584.50 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ ഇത് 588 ദിർഹമായിരുന്നു. ഇന്നലെ 544.50 ദിർഹം രേഖപ്പെടുത്തിയ 22 കാരറ്റ് ഒരു ഗ്രാിന് ഇന്ന് വില 541.25 ആയി കുറഞ്ഞു.

മാർച്ച് ആദ്യ വാരം കുതിച്ച് നിന്ന സ്വർണ വിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിവേഗത്തിലുള്ള തിരുത്തലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 50 ദിർഹത്തിൻ്റെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് ഗ്രാമിന് ഏകദേശം 200 രൂപയോളം കുറവ് യു എ ഇയിലാണ്. ഈദിനോട് അടുത്ത് വലിയ ഓഫറുകളും ജ്വല്ലറികൾ നൽകി വരുന്നുണ്ട്. പണിക്കൂലി കുറച്ചുള്ള വിൽപ്പനകളൊക്കെയാണ് തകൃതിയായി നടക്കുന്നത്. മാത്രമല്ല കുറഞ്ഞ കാരറ്റിലുള്ള വിപുലമായ കളക്ഷനും ജ്വല്ലറികളിൽ എത്തിച്ചിട്ടുണ്ട.്
കേരളത്തിലാണോ ലാഭം അതോ ദുബായിലോ
പൊതുവെ പ്രവാസികളായ മലയാളികൾ സ്വർണം വാങ്ങുന്നത് ദുബായിൽ നിന്നാണ്. അതിനൊരു പ്രധാന കാരണം നാട്ടിലെ പോലെ ജി എസ് ടി നികുതിയൊന്നും ദുബായിൽ വേണ്ട. മാത്രമല്ല കഴുത്തറപ്പൻ പണിക്കൂലിയും ഇടാക്കില്ല. ശുദ്ധ സ്വർണം സ്വന്തമാക്കാം എന്ന ഗുണം കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വാങ്ങുന്നെങ്കിൽ ദുബായിൽ നിന്നും സ്വർണം വാങ്ങുന്നത് തന്നെയാണ് ഏറ്റവും ലാഭകരം. എന്ന് വെച്ച് കുറെ വാങ്ങി നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചാൽ അകത്ത് കിടക്കും. കാരണം സ്വർണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിരവധി നിയമ പരിമിതികൾ ഉണ്ട്. എത്ര പവൻ കൊണ്ടുവരാം, ആർക്കൊക്കെ സ്വർണം കൊണ്ടുവരാം തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷം മാത്രം ആഭരണം വാങ്ങുന്നതായിരിക്കും ഉചിതം.
ഇനിയും വില കുറയുമോ
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയും ഈ വർഷം നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത പരിമിതമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വരുമാനം ഉയർത്തി നിർത്തുകയും പലിശ ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ ആകർഷണം കുറയ്ക്കുകയും ചെയ്യും.പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട എണ്ണവിലയിലെ വർദ്ധനവ് പണപ്പെരുപ്പ ആശങ്കകൾക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ഇത് ഡോളർ ശക്തിപ്പെടാൻ സഹായിക്കും. ഡോളർ ശക്തമാകുമ്പോൾ, ഡോളറിൽ വിലയിടുന്ന സ്വർണ്ണം പോലുള്ള ഉൽപ്പന്നങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications