സ്വർണം പവന് 58,000ത്തിന് മുകളിൽ; എന്നിട്ടും റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ട സ്വർണം ആർക്കും വേണ്ട,ഇതെന്തൊരു നാട്?
യുഎഇയിൽ ഇന്ന് സ്വർണത്തിന് വില എത്രയാണെന്ന് അറിയുമോ? 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 319.25 ദിർഹം, ഒരു പവന് 2554 ദിർഹം വരും. അതായത് ഇന്ത്യൻ രൂപ ഏകദേശം 58,888 രൂപ. ഒരു പവൻ കളഞ്ഞ് കിട്ടിയാൽ തന്നെ കോളടിച്ചെന്ന് സാരം. പവന് വില കുത്തനെ ഉയർന്നതോടെ നമ്മുടെ നാട്ടിൽ മാല പൊട്ടിക്കലൊക്കെ സ്ഥിരം സംഭവം ആയിട്ടുണ്ട്. ഒരു പവനിൽ കുറയാത്ത മാല ധരിക്കുന്നവരാണല്ലോ ഇവിടുത്തെ സ്ത്രീകൾ, സ്വാഭാവികമായും കള്ളൻമാർക്ക് കുശാൽ.
എന്നാൽ നെക്ലേസും കമ്മലും അടക്കമുള്ള സ്വർണാഭരണങ്ങൾ റോഡിൽ വെറുതെ കിടക്കുന്നത് കണ്ടിട്ടും അത് ഒരാൾ പോലും തിരിഞ്ഞ് നോക്കാൻ തന്നെ തയ്യാറാകാതിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ദുബായിലാണ് സംഭവം. ഒരു ഇൻഫ്ലുവൻസർ പറ്റിച്ച പണിയാണ്. എന്നാൽ പ്രാങ്ക് ചെയ്ത ഇൻഫ്ലുവൻസറുടെ ആ പണി ശരിക്കും ചീറ്റിപ്പോയി.സംഭവം ഇങ്ങനെ

ലൈല അഫ്‍ഷോൻകർ എന്ന യുവതിയാണ് പ്രാങ്കുമായി ഇറങ്ങിയത്. പാർക്ക് ചെയ്ത ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിന്റെ മുകളിൽ ഒരു സ്വർണ നെക്ലേസും രണ്ട് കമ്മലും അവർ വെച്ചു. അതിന് ശേഷം തൊട്ടടുത്തെ കടയുടെ മറവിൽ നിന്നും ലൈല കാര്യങ്ങൾ നിരീക്ഷിച്ചു. സ്വർണം കണ്ടാൽ ആരെങ്കിലും എടുക്കണമല്ലോ, അതുണ്ടായില്ലെന്ന് മാത്രമല്ല ചിലർ സ്വർണം ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. ഇതിനിടയിൽ നിലത്ത് വീണ് കിടന്ന സ്വർണം ഒരു യുവതി എടുത്തെങ്കിലും അത് വളരെ സുരക്ഷിതമായി ആ കാറിന് മുകളിൽ വെച്ച് മടങ്ങി. അരമണിക്കൂറോളം ഇത്തരത്തിൽ കാറിന് മുകളിൽ സ്വർണം വെച്ചെങ്കിലും വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
'നോക്കൂ അരമണിക്കൂർ ഞാൻ സ്വർണം അവിടെ വെച്ചിട്ടും ഒരാൾ പോലും തൊട്ടില്ല, എന്തുകൊണ്ടാണ് ദുബായ് ഇത്രയും സുരക്ഷിത നഗരമായതെന്ന് മനസിലായോ', വീഡിയോയിൽ ലൈല പറഞ്ഞു. അതേസമയം ലൈലയുടെ വീഡിയോ ഇതിനോടകം തന്നെ 20 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. 15,000ത്തിന് മുകളിൽ പേർ കമന്റും ചെയ്തിട്ടുണട്്. ദുബായിയിലെ സുരക്ഷയെ കുറിച്ച് ചിലർ പ്രശംസിക്കുമ്പോൾ മറ്റ് ചിലർ വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.
ദുബായിൽ മാത്രമേ ഇത് സാധ്യമാകൂവെന്നാണ് ഒരാൾ കമന്റ് ചെയ്ത്.'സ്വർണം എവിടെയെങ്കിലും വെച്ച് തിരിച്ച് വന്നാലും അത് അവിടെ കാണും',കമന്റിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നും എന്തുകൊണ്ടാണ് സുരക്ഷയുടെ കാര്യത്തിൽ ദുബായ് വ്യത്യസ്തമാകുന്നത് എന്ന് മനസിലായോ എന്നാണ് മറ്റൊരാളുടെ കമന്റ്. കർശന നിയമവ്യവസ്ഥകൾ ഉള്ള നാടായതിനാൽ തന്നെ പിടിക്കപ്പെടുമെന്നതും മുട്ടൻ ശിക്ഷ കിട്ടുമെന്നതിനാലുമാണ് പലരും തിരിഞ്ഞ് നോക്കുക പോലും ചെയ്യാത്തത് എന്നാണ് ചിലർ കുറിച്ചത്. ഇത് ഇന്ത്യയിലാണ് നടന്നതെങ്കിൽ സ്വർണം പോയിട്ട് കാറ് പോലും കിട്ടാൻ പോകുന്നില്ലെന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്. എന്തായാലും മറ്റൊരു നാട്ടിൽ ഇതേ പ്രാങ്ക് ചെയ്യുന്നൊരു വീഡിയോ കാണാൻ ഏറെ താത്പര്യം ഉണ്ടെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications