'ദുബായ് പൊന്ന്' ചതിച്ചല്ലോ;അക്ഷയ തൃതീയ വെള്ളത്തിലായി? ബുദ്ധിയുള്ളവർക്ക് സ്വർണത്തിലും ലാഭം
അബുദാബി: അക്ഷയ തൃതീയ അടുത്തതോടെ സ്വർണം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. വില അൽപം കുറഞ്ഞാൽ ഒരു കൈ നോക്കണം എന്നതാണ് പലരുടേയും ചിന്ത. കഴിഞ്ഞ ദിവസം യുഎഇയിൽ സ്വർണത്തിന് നേരിയ തോതിൽ വില ഇടിഞ്ഞത് സ്വർണപ്രേമികൾക്ക് പ്രതീക്ഷ നൽകിയിരുന്നു. വരും ദിവസങ്ങളിലും വില ഇടിഞ്ഞാൽ അക്ഷയ തൃതീയ കളറാക്കാനായിരുന്നു പലരുടേയും കണക്ക് കൂട്ടൽ. എന്നാൽ ഇത്തരം പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി പൊന്നിന് വീണ്ടും വില ഉയർന്നിരിക്കുകയാണ്.
റെക്കോഡ് വില വർധനയാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഏപ്രിൽ 16ന് ആദ്യമായി സ്വർണവില ഗ്രാമിന് 372.25 ദിർഹം തൊട്ടു. എന്നാൽ ആശ്വാസം നൽകുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വിലനിലവാരം. 22 കാരറ്റിന് 369 ദിർഹത്തിലേക്ക് വിലയിടിഞ്ഞു. ഇതോടെ അക്ഷയ തൃതീയക്ക് മുൻപ് വില കുടിയേക്കില്ലെന്നായിരുന്നു പലരുടേയും പ്രതീക്ഷ. എന്നാൽ ഈ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇന്ന് സ്വർണത്തിന് വീണ്ടും വില ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരുഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത് 371.25 ദിർഹമാണ്. 18 കാരറ്റ് സ്വർണത്തിന് 305 ദിർഹവും.

അതേസമയം സ്വർണം വില പണികൊടുക്കുമ്പോഴും അതിനെ മറികടക്കാനുള്ള തന്ത്രം പയറ്റുകയാണ് സ്വർണപ്രേമികൾ. പണ്ടൊക്കെ ജ്വല്ലറികളിലെത്തുമ്പോൾ ആഭരണങ്ങൾക്ക് പിറകെ പോയവർക്ക് ഇപ്പോൾ ആഭരണം വേണ്ട, പകരം സ്വർണക്കട്ടിയാണ് പലരും വാങ്ങുന്നത്. സ്വർണ നാണയങ്ങൾ ചോദിച്ചുവാങ്ങുന്നവരുമുണ്ട്. 'മുൻപ് നാണയങ്ങളോട് യാതൊരു താത്പര്യവും കാണിക്കാതിരുന്നവരാണ് ഇപ്പോൾ നാണയങ്ങൾ ചോദിച്ച് വാങ്ങുന്നത്. പണം കിട്ടുമ്പോഴെല്ലാം സ്വർണക്കട്ടികൾ വാങ്ങി സൂക്ഷിക്കുകയാണ് പലരും', മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് മാനേജിങ് ഡയറക്ടർ ശാംലാൽ അഹമ്മദ് പറഞ്ഞു.
മുൻപ് 8 ശതമാനമായിരുന്നു ഈ കണക്ക്. എന്നാൽ ഒറ്റയടിക്ക് ഇത് 30 ശതമാനമായി വർധിച്ചുവെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പണിക്കൂലിയിൽ നിന്നും രക്ഷപ്പെടുകയെന്നതാണ് പലരുടേയും ചിന്ത. ആഭരണങ്ങളാണ് വാങ്ങുന്നതെങ്കിൽ വലിയ ശതമാനം പണിക്കൂലി കൊടുക്കണം. നാണയങ്ങളും കട്ടികളുമാകുമ്പോൾ പണിക്കൂലി ആഘോതമാകില്ലെന്ന് മാത്രമല്ല സ്വർണത്തിൽ തന്നെ നിക്ഷേപിക്കുകയും ചെയ്യാം എന്നതാണ് ഉപഭോക്താക്കൾ പറയുന്നത്.
അതേസമയം ഇനിയും സ്വർണ വില കുതിച്ചേക്കുമെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് അവസാനിപ്പിക്കണം. അതാണെങ്കിൽ ഉടൻ നടക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 3700 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്', ശാംലാൽ അഹമ്മദ് പറഞ്ഞു. ഇത് തന്നെയാണ് സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലനിലെ സാഹചര്യത്തിൽ ആഭരണമെന്ന ചിന്തയിലേക്ക് ആളുകൾ മടങ്ങണമെങ്കിൽ കുറഞ്ഞത് ഗ്രാനിന് 350 ദിർഹമെങ്കിലും എത്തണം. ഫിബ്രവരിയിലെ വില നിലവാരമാണിത്. ആ നിലയിലേക്ക് സ്വർണ വില അടുത്തെങ്കും ഇടിഞ്ഞേക്കില്ലെന്നാണ് ഒരു കൂട്ടർ പ്രവചിക്കുന്നത്. എന്നാൽ സ്വർണ വിലയിൽ 30 മുതൽ 40 ശതമാനത്തിന്റെ വരെ ഇടിവ് വരും നാളുകളിൽ ഉണ്ടായേക്കുമെന്ന് പ്രവചിക്കുന്നവരും ഉണ്ട്. ഇതൊക്കെ മലർപൊടിക്കാർറെ സ്വപ്നമല്ലേയെന്നാണ് പക്ഷേ മറുകൂട്ടരുടെ പ്രതികരണം.
വില താഴത്തില്ലെടാ
കേരളത്തിലും സ്വർണവിലയിൽ കാര്യമായ വർധനവ് ഉണ്ട്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 8,945 രൂപയാണ് വില. പവന് 71,560 രൂപയും. രാജ്യാന്തര സ്വർണവില 3341 ഡോളറിൽ എത്തിയപ്പോഴാണ് സംസ്ഥാനത്തെ സ്വർണവിലയിലും റെക്കോഡ് വർധനവ് രേഖപ്പെടുത്തിയത്. നിലവിൽ സംസ്ഥാനത്ത് നിന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 77,000 രൂപയെങ്കിലും വേണ്ടി വരും.












Click it and Unblock the Notifications