ദോഹയും റിയാദും അടുത്തെങ്ങും ഇല്ല: മിഡില്‍ ഈസ്റ്റില്‍ ദുബായിയുടെ മേധാവിത്വം: ലോകത്ത് എട്ടാമത്
ദുബായ്: തുടർച്ചയായ രണ്ടാം വർഷവും പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ നഗരമായി ദുബായ്. തുടർച്ചായ രണ്ടാവർഷവും ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2024 പട്ടികയിലെ ആദ്യ പത്തില്‍ മേഖലയില്‍ നിന്നും ഇടം പിടിച്ച ഏക നഗരമായി ദുബായ് മാറി. ശക്തമായ ലോക നഗരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തും പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ് സിറ്റി ഓഫ് ഗോള്‍ഡ് എന്ന് അറിയപ്പെടുന്ന ദുബായ്.
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടില്‍ ഇന്നൊവേഷൻ, സാമ്പത്തിക ചലനാത്മകത, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ ദുബായിയുടെ പങ്കിനെ എടുത്തുകാണിക്കുന്നു. ബിസിനസ്, ടാലന്റ്, നിക്ഷേപം എന്നിവയുടെ പ്രധാന ആഗോള കേന്ദ്രമെന്ന നിലയില്‍ കൂടിയാണ് നഗരം തങ്ങളുടെ സ്ഥാനം സ്ഥിരപ്പെടുത്തിയത്.

ദുബായ്ക്ക് ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് ദുബായ് കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപത്തെയും മികച്ച പ്രതിഭകളെയും ആകർഷിക്കുന്നതും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ദുബായിയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
സഹകരണത്തിനും വളർച്ചയ്ക്കും വേണ്ടി ചലനാത്മകമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ച നഗരത്തിന്റെ ശക്തമായ പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു. "ആഗോള സൂചികകളിലെ ദുബായ്‌ക്കുള്ള ഉയർന്ന റാങ്കിംഗ് കാണിക്കുന്നത് നമ്മള്‍ ലോകത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്നു എന്നതിനോടൊപ്പം തന്നെ കൂടുതല്‍ മികവ് പുലർത്തുന്നതിനായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു എന്നുമാണ്," ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2024 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ നഗരം ലണ്ടനാണ്. 1655.4 പോയിന്റാണ് യൂറോപ്യന്‍ നഗരത്തിന് ലഭിച്ചത്. സാംസ്കാരിക രംഗത്തും മറ്റേതൊരു രാജ്യത്തേക്കാളും മുന്നില്‍ ലണ്ടനാണ്. പട്ടികയില്‍ രണ്ടാമതുള്ള ന്യൂയോർക്കിന് 1505.8 പോയിന്റാണുള്ളത്. സാമ്പത്തികം, റിസർച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയില്‍ ഒന്നാമതുള്ള ലണ്ടനേക്കാളും മുന്നിലാണ് ന്യൂയോർക്ക് എന്നതും ശ്രദ്ധേയമാണ്.
ജപ്പാന്‍ തലസ്ഥാനായ ടോക്കിയോ 1445.4 പോയിന്റുമായി ലോകത്ത് മൂന്നാമതും ഏഷ്യയില്‍ ഒന്നാമതുമാണ്. നാലാമതുള്ള പാരീസിന് 1423 പോയിന്റും അഞ്ചാമതുള്ള സിംഗപ്പൂരില്‍ 1291.8 പോയിന്റുമാണുള്ളത്. സിയോള്‍, ആംസ്റ്റർഡാം, ദുബായി, ബെർലിന്‍, മാഡ്രിഡ് തുടങ്ങിയ നഗരങ്ങളാണ് അഞ്ച് മുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളിലുള്ളത്.












Click it and Unblock the Notifications