പുലര്‍ച്ചെ മുതല്‍ പെയ്യുന്നത് കനത്ത മഴ, പോരാത്തതിന് ഇടിമിന്നലും; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്
ദുബായ്: കനത്ത മഴയും ഇടിമിന്നലും തുടരുന്ന യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എമിറേറ്റുകളിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്. പലര്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നാളേയും യു എ ഇയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വിദൂരപഠനം നിര്‍ദേശിച്ചിരിക്കുകയാണ്. പലര്‍ക്കും ഇന്ന് ജോലിസ്ഥലത്തേക്ക് പോകാന്‍ പോലും സാധിച്ചില്ല.
ഇന്നും നാളേയും രാജ്യത്ത് കനത്ത മഴ പെയ്യും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പാര്‍ക്കുകളും ബീച്ചുകളും അടച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന മഴ ഇന്നും നാളേയും ശക്തമാകും. ദുബായില്‍ പലയിടത്തും ശക്തമായ മഴയും മിന്നലുമുണ്ടായി.

വ്യാഴാഴ്ച പുലര്‍ച്ചെ 2 നും 4 നും ഇടയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ഉണ്ടായതായി യുഎഇ നിവാസികള്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നും ഇടയ്ക്കിടെ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട് എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഏപ്രില്‍ 16 ന് രാജ്യത്ത് പെയ്ത അഭൂതപൂര്‍വമായ മഴയെക്കാള്‍ ഈ മഴയുടെ തീവ്രത കുറവായിരിക്കുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രതീക്ഷിക്കുന്നത്. എങ്കിലും മുന്‍കരുതലുകള്‍ എടുക്കണമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കയിരിക്കുകയണ്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഫ്‌ലൈറ്റുകളുടെ സര്‍വീസുകളും കുറച്ചിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന പല വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ് എന്ന് എമിറേറ്റ്‌സ് അറിയിച്ചു. EK 123/124 ദുബായ്- ഇസ്താംബൂള്‍, EK 763/764 ദുബായ്- ജോഹന്നാസ്ബര്‍ഗ്, EK 719/720 ദുബായ് നെയ്റോബി, Ek 921/922 ദുബായ്-കെയ്‌റോ, EK 903/904 ദുബായ് -അമ്മാന്‍, EK 352/353 ദുബായ് സിംഗപ്പൂര്‍ എന്നിവയാണ് ഇന്ന് റദ്ദാക്കിയ വിമാനങ്ങള്‍.
അതേസമയം റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരുടെ റീബുക്കിംഗ് നിരക്കുകള്‍ ഒഴിവാക്കിയിട്ടുണ്ട് എന്ന് എമിറേറ്റ്സ് പറഞ്ഞു. ' യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വീണ്ടും താമസസൗകര്യം നല്‍കും. റീബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ട്രാവല്‍ ഏജന്റുമായോ അടുത്തുള്ള എമിറേറ്റ്‌സ് ഓഫീസുമായോ ബന്ധപ്പെടണം. എല്ലാ റീബുക്കിംഗ് നിരക്കുകളും ഒഴിവാക്കും,' എമിറേറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications