ദുബായ് റിമോട്ട് വിസ; ഒരു വർഷം കാലാവധി.. വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം? അറിയാം
യുഎഇയിൽ നിന്ന് റിമോട്ട് ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുണ്ടോ? എന്നാൽ അത്തരക്കാർക്ക് പ്രത്യേക റിമോട്ട് വർക്ക് വിസ യു എ ഇ അനുവദിക്കുന്നുണ്ട്. ഒരു വർഷത്തേക്കായിരിക്കും വിസയുടെ കാലാവധി. വിസ പുതുക്കാനും നിങ്ങൾക്ക് സാധിക്കും.
ഡിജിറ്റൽ നൊമാഡുകളുടെ പ്രിയ ഡെസ്റ്റിനേഷനായി ദുബായി മാറിക്കഴിഞ്ഞു. ലോക റാങ്കിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ രാജ്യം. 2023 ൽ നാലാമതായിരുന്നു ദുബായിയുടെ സ്ഥാനം.

എന്താണ് യു എ ഇയുടെ വർച്വൽ വർക്ക് വിസ എന്ന് നോക്കാം
യു എ ഇക്ക് പുറത്തുള്ള രാജ്യങ്ങളിൽ റിമോട്ട് ജോലി ചെയ്യുന്നർക്കാണ് വിസ ഉപയോഗപ്പെടുത്താൻ സാധിക്കുക. ഒരു ലോക്കൽ സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഒരു വർഷം വരെ രാജ്യത്ത് താമസിക്കാൻ ഇതുവഴി സാധിക്കും.
എന്താണ് ഈ വിസ കൊണ്ടുള്ള ഗുണം?
ദുബായിൽ ഒരു വർഷത്തോളം താമസിക്കാം. കാലാവധി കഴിഞ്ഞാൽ വിസ പുതുക്കാനും സാധിക്കും. സ്പോൺസർമാരുടെ ആവശ്യമില്ല. യു എ ഇയിലെ എല്ലാ പൊതുസേവനങ്ങളും ഉപയോഗിക്കാം.ദുബായിലേക്ക് എപ്പോൾ വേണമെങ്കിലും വരാനും പോകാനും സാധിക്കുന്നതാണ് പ്രധാന പ്രത്യേകത.ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള സൗകര്യവും. മാത്രമല്ല നിങ്ങളുടെ കുട്ടികൾക്ക് യുഎഇയിലെ സ്കൂളുകൾ പഠിക്കാനുള്ള അവസരവും ലഭിക്കും.
ആർക്കൊക്കെയാണ് റിമോട്ട് വിസയ്ക്ക് അപേക്ഷിക്കാനാകുക
താഴെ പറയുന്ന യോഗ്യതയുണ്ടെങ്കിൽ ഏത് രാജ്യക്കാർക്കും വിസയ്ക്ക് അപേക്ഷിക്കാം
യുഎഇക്ക് പുറത്ത് ഏതെങ്കിലും കമ്പനിയിൽ കുറഞ്ഞത് ഒരു വർഷത്തെ കോൺട്രാക്ടിലെങ്കിലും ജോലി ചെയ്യുന്ന ആളായിരിക്കണം.
റിമോട്ട് ആയി ജോലി ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള കമ്പനിയിൽ നിന്നുള്ള രേഖകൾ നൽകണം
അപേക്ഷിക്കുന്ന വ്യക്തിക്ക് പ്രതിമാസം കുറഞ്ഞത് 3,500 യു എസ് ഡോളർ (ഏകദേശം 12,856 ദിർഹം) അല്ലെങ്കിൽ തത്തുല്യമായ തുക വരുമാനം ഉണ്ടായിരിക്കണം.
വിസക്ക് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമാണ്
കുറഞ്ഞത് ആറ് മാസ കാലാവധിയുള്ള പാസ്പോർട്ട്, കളർ പാസ്പോർട്ട് സൈസ് ഫോട്ടോ, യു എ ഇ. അടിസ്ഥാനമാക്കിയുള്ള ഹെൽത്ത് ഇൻഷുറൻസ്, റിമോട്ട് ജോലി ചെയ്യുന്നതിനുള്ള നിങ്ങളുടെ കമ്പനിയിൽ നിന്നുള്ള അനുമതി പത്രം. ശമ്പള സർട്ടിഫിക്കറ്റ്, നിങ്ങളുടെ രാജ്യത്ത് നിന്നുമുള്ള സാക്ഷ്യപ്പെടുത്തിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഇത് നിർബന്ധമില്ല).
എങ്ങനെ അപേക്ഷിക്കാം: ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലേക്കാണെങ്കിൽ
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ സി പി) മുഖേന അപേക്ഷിക്കാം: smartservices.icp.gov.ae.
ദുബായ് റെസിഡൻസിക്കാണെങ്കിൽ
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) വഴിയാണ് അപേക്ഷിക്കാൻ സാധിക്കുക. www.gdrfad.gov.ae.
പാസ്‌പോർട്ട്, ഫോട്ടോ, തൊഴിൽ, വരുമാനം തെളിയിക്കുന്ന രേഖകൾ, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഐസിപി അല്ലെങ്കിൽ ജിഡിആർഎഫ്എ വെബ്സൈറ്റുകൾ വഴിയോ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ അപേക്ഷകൾ നൽകാം. വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകർ യുഎഇയിൽ ഉണ്ടായിരിക്കണമെന്നില്ല. വിസ അനുവദിച്ച് 60 ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് യുഎഇയിൽ എത്താം.
വിസയ്ക്ക് അപേക്ഷിക്കാനുള്ള ചില്
100 ദിർഹമാണ് അപേക്ഷ ഫീസ്. കൂടാതെ 100 ദിർഹം ഇഷ്യൂൻസ് ഫീസും 100 ദിർഹം സ്മാർട്ട് സർവീസസ് ഫീസും, 50 ദിർഹം അതോറിറ്റി, ഇ-സർവീസസ് ഫീസും നൽകണം.
അപേക്ഷയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഇവ തിരിച്ചയക്കും. 30 ദിവസത്തിനുള്ളിൽ വീണ്ടും സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കും. മൂന്ന് തവണയിൽ കൂടുതൽ തെറ്റുകൾ വരുത്തിയാൽ അപേക്ഷ റദ്ദാക്കുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപ് രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.












Click it and Unblock the Notifications