ദുബായില്‍ നിന്നും അബുദാബിയിലെത്താന്‍ ഒരു മണിക്കൂർ വേണ്ട: എത്തിഹാദ് പാസഞ്ചർ ട്രെയിൻ വരുന്നു
യുഎഇയുടെ അഭിമാന പദ്ധതിയായ എത്തിഹാദ് റെയിൽ: 2026-ൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കും യുഎഇയുടെ അഭിമാന പദ്ധതിയായ എത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ ട്രെയിൻ സർവീസ് 2026-ൽ പ്രവർത്തനം ആരംഭിക്കും. സർവീസ് ആരംഭിക്കുന്നതോടെ ദുബായ്-അബുദാബി ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയാകും. ഇത് രണ്ട് എമിറേറ്റുകൾക്കിടയിലെ തിരക്കേറിയ റോഡ് ഗതാഗതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎഇ ദേശീയ റെയിൽ നെറ്റ്‌വർക്കിന്റെ ഭാഗമായ ഈ പാസഞ്ചർ ട്രെയിൻ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും. ഈ പദ്ധതി ദൈനംദിന യാത്രകളെ പരിവർത്തനം ചെയ്യുകയും, ടൂറിസം വർധിപ്പിക്കുകയും, സുസ്ഥിര സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പ്രധാന സ്റ്റേഷനുകൾ ഉണ്ടാകും. അതോടൊപ്പം, ഭാവിയിൽ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള വിപുലീകരണ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്, എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ആധുനിക പാസഞ്ചർ ട്രെയിനുകളാണ് എത്തിഹാദ് സർവീസിനായി ഉപയോഗിക്കുന്നത്. ഈ സർവീസ് വേഗതയേറിയ യാത്രാ ബദലായി മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ്. കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും യുഎഇയുടെ സുസ്ഥിരത ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ സ്റ്റേഷനും അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിക്കും. മെട്രോ, ബസ്, ടാക്സി എന്നിവയുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങളും ഇവിടെ ലഭ്യമാകും. യാത്രക്കാർക്ക് സുഖകരവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നതിനാണ് ഈ സ്റ്റേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പദ്ധതി, യുഎഇയുടെ ആഗോള ഗതാഗത കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുകയും, സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സഹായിക്കുകയും ചെയ്യും.
ദുബായ്-അബുദാബി ഇടയിൽ 57 മിനിറ്റിൽ എത്തിപ്പെടാമെന്നാണ് കണക്കാക്കുന്നത്. ഷാർജയ്ക്ക് പുറമെ, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്കുള്ള വിപുലീകരണം ഭാവിയിൽ യുഎഇയിലെ ഗതാഗതത്തെ കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ, ദുബായ്-അബുദാബി ഹൈവേ മേഖലയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ ഈ പാത ഉപയോഗിക്കുന്നു.
അതേസമയം, ഗൾഫ് മേഖലയിലെ ആദ്യ അന്തർരാജ്യ ട്രെയിൻ പദ്ധതിയായ ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഒമാനിലെ സോഹാർ തുറമുഖത്തെ യുഎഇ തലസ്ഥാനമായ അബുദാബിയുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള ഹഫീത് റെയിൽ പദ്ധതിയുടെ പ്രധാന നിർമാണ നാഴികക്കല്ലുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications