ദുബായ് മറ്റൊരു അത്ഭുതം കൂടെ തുറക്കുന്നു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയത്; ഇത് പോലെ വേറെയില്ല
ലോകത്തിന് മുന്നില്‍ മറ്റൊരു അത്ഭുതം കൂടെ ദുബായ് ഒരുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ സിയേൽ ദുബായ് മറീന നവംബറില്‍ തുറന്ന് പ്രവർത്തനം ആരംഭിക്കും. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പിന്റെ വിഗ്നറ്റ് കളക്ഷന്റെ ഭാഗമായുള്ള ഈ ഹോട്ടലിന്റെ ആകെ ഉയരം 377 മീറ്ററാണ്. നിലവില്‍ ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ 356 മീറ്റർ ഉയരമുള്ള ജെവോറ ഹോട്ടലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ കെട്ടിടം.
82 നിലകളിലായി 1,004 മുറികളാണ് സിയേൽ ദുബായ് മറീനയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികളില്‍ നിന്നും പാം ജുമൈറ, അറേബ്യൻ ഗൾഫ് എന്നിവയുടെ മനോഹരമായ കാഴ്ചകൾ അതിഥികൾക്ക് ആസ്വദിക്കാനാകും. 2025 നവംബർ 15 മുതൽ ഓൺലൈനായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സിയേൽ ദുബായ് മറീനയിലെ താത്തു സ്കൈ പൂൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഇൻഫിനിറ്റി പൂളായി മാറും.

കടലിനോട് ചേർന്ന് ഒഴുകുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ് നീന്തല്‍കുളം സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 294 മീറ്റർ ഉയരത്തിൽ, 77-ാം നിലയിൽ സ്ഥിതി ചെയ്യുന്ന അഡ്രസ് ബീച്ച് റിസോർട്ടിലെ ഇൻഫിനിറ്റി പൂളിന്റെ റെക്കോർഡാണ് ഇതോടെ മറികടക്കപ്പെടുന്നത്. കൂടാതെ, ലോകത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ സ്ഥതി ചെയ്യുന്ന ക്ലബ്ബും ഈ ഹോട്ടലിൽ തന്നെയായിരിക്കും.
ദി ഫസ്റ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മാനേജ് ചെയ്യുന്ന ഹോട്ടൽ, ദുബായ് മറീനയിലേക്ക് നേരിട്ടുള്ള പ്രവേശനവും ഉറപ്പ് വരുത്തുന്നു. ലോകോത്തര ഡൈനിംഗ്, ഷോപ്പിംഗ്, മനോഹരമായ ബീച്ചുകൾ, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപമാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പാം ജുമൈറ, അപ്ടൗൺ ദുബായ് എന്നിവിടങ്ങളിൽ നിന്ന് ഏതാനും മിനിറ്റുകൾ മാത്രം അകലെയാണ് ഇത്.
ദുബായിയെ വിനോദസഞ്ചാരത്തിന്റെയും ബിസിനസ് യാത്രകളുടെയും ആഗോള കേന്ദ്രമായി ഉറപ്പിക്കുന്ന ഒരു നാഴികക്കല്ലാണ് സിയേൽ ദുബായ് മറീനയെന്ന് ദി ഫസ്റ്റ് ഗ്രൂപ്പിന്റെ സിഇഒ റോബ് ബേൺസ് വ്യക്തമാക്കി. ഹോട്ടലില്‍ ഏഴ് ഡൈനിംഗ് വേദികളും 61-ാം നിലയിൽ ഒരു ലക്ഷ്വറി സ്പായും ഉണ്ടാകും. ദുബായുടെ വിനോദസഞ്ചാര മേഖലയിൽ മറ്റൊരു ചരിത്രനേട്ടം കുറിക്കാൻ ഒരുങ്ങുകയാണ് സിയേൽ ദുബായ് മറീന, വിഗ്നറ്റ് കളക്ഷൻ. ആഡംബരവും നൂതനത്വവും സമന്വയിപ്പിച്ച്, ഈ ഹോട്ടൽ ദുബായുടെ ആഗോള പ്രതിച്ഛായയെ കൂടുതൽ ഉയർത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.












Click it and Unblock the Notifications