സൗദി അറേബ്യ കരുത്ത് കൂട്ടുന്നു; ഈജിപഷ്യന്‍ പട്ടാളം എത്തും, പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി
യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം. സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു. നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് സൗദിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ അനുമതി കൂടി ലഭിച്ചാലാകും പട്ടാളം സൗദിയിലേക്ക് പുറപ്പെടുക.
അടിയന്തര പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ എതിര്‍പ്പ് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരെ യുദ്ധമുഖത്തേക്ക് തള്ളിവിടുന്നതിന് എതിരെ ചില എംപിമാര്‍ക്ക് എതിര്‍പ്പുണ്ട്. സൗദി അറേബ്യയുടെ സഹായ അഭ്യര്‍ഥന ലഭിച്ച പിന്നാലെയാണ് ഈജിപ്ത് അതിവേഗം നടപടി സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തികളിലൊന്നാണ് ഈജിപ്ത്.

സൗദി അറേബ്യയെ സഹായിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സൗദിയുടെ സുരക്ഷ, സുസ്ഥിരത, വിഭവങ്ങളുടെ സംരക്ഷണം, പരമാധികാരം, മക്ക-മദീന നഗരങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം പ്രധാനമാണ് എന്ന് പ്രസ്താവനയില്‍ പറയുന്നു. പുണ്യ നഗരങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നു എന്നാണ് സൗദി പറയുന്നത്. ഇക്കാര്യം ഹൂതികള്‍ നിഷേധിച്ചിട്ടുണ്ട്.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി, പാര്‍ലമെന്റ് സ്പീക്കര്‍, പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവര്‍ പങ്കെടുത്ത നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് സൗദിയെ സഹായിക്കാനുള്ള സുപ്രധാന തീരുമാനം എടുത്തത്. സൗദിയെ സഹായിക്കാന്‍ തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം സിസി പറഞ്ഞിരുന്നു. അടുത്തിടെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സിസിയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തിടുക്കത്തിലുള്ള നീക്കങ്ങള്‍.
ഹൂതികള്‍ക്കെതിരായ നീക്കത്തില്‍ സൗദി അറേബ്യ നിരവധി രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹൂതകള്‍ ബാബുല്‍ മന്തിബ് കടലിടുക്ക് നിയന്ത്രണത്തിലാക്കിയതിനാല്‍ സൗദിയുടെ വ്യാപാരം തടസപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഇത് ലോക രാജ്യങ്ങളെ ബാധിക്കും. മാത്രമല്ല, ബാബുല്‍ മന്തിബിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകള്‍ ഈജിപ്തിലെ സൂയസ് കനാല്‍ വഴിയാണ് യൂറോപ്പിലേക്ക് പോകേണ്ടത്. വ്യാപാരം തടസപ്പെട്ടാല്‍ ഈജിപ്തിനും തിരിച്ചടിയാണ്.
റിയാദ് വിമാനത്താവളം ഉള്‍പ്പെടെ സൗദിയിലെ പല സ്ഥലങ്ങളും ഹൂതികല്‍ ആക്രമിക്കുന്നുണ്ട്. സൗദിയുടെ വിമാന സര്‍വീസ് താളംതെറ്റിയിരിക്കുകയാണ്. ഈ വേളയില്‍ യമനില്‍ വീണ്ടും ഇടപെടാന്‍ യുഎഇ സന്നദ്ധത അറിയിച്ചു എന്നാണ് വാര്‍ത്തകള്‍. പാകിസ്താനും തുര്‍ക്കിയും സൗദിയെ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സൈനികമായി ഇടപെടുമോ എന്ന് വ്യക്തമല്ല.. അമേരിക്ക ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സൗദി അയല്‍ രാജ്യങ്ങളുടെ പിന്തുണ തേടിയത്.


Click it and Unblock the Notifications
