യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് ബലി പെരുന്നാള്‍ അവധി; ത്യാഗസ്മരണയില്‍ വിശ്വാസികള്‍
ദുബായ്: മുസ്ലിം സമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹാ ആഘോഷത്തിന് ഒരുങ്ങുകയാണ്. സൗദി അറേബ്യയിലെ പുണ്യഭൂമിയായ മക്കയില്‍ വിശുദ്ധ ഹജ്ജ് കമര്‍ത്തിന് ഹാജിമാര്‍ ഏകദേശം എത്തിക്കഴിഞ്ഞു. മദീനയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിച്ചാണ് മിക്ക ഹാജിമാരും മക്കയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തും. ഓരോ വര്‍ഷവും 20 ലക്ഷത്തോളം പേരാണ് ഹജ്ജ് കമര്‍മത്തിന് മക്കയിലെത്തുന്നത്.
ഹിജ്‌റ കലണ്ടറിലെ ദുല്‍ഹജ്ജ് മാസം പത്താം തിയ്യതിയാണ് ബലി പെരുന്നാള്‍ ആഘോഷം. ഹജ്ജ് മാസം പിറക്കുന്നതിന് അനുസരിച്ചാണ് പെരുന്നാള്‍ ദിനം നിര്‍ണയിക്കുക. ചാന്ദ്ര മാസപ്പിറവി പരിശോധിച്ചാണ് പണ്ഡിതന്മാരും ശാസ്ത്ര ലോകവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം, ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ അവധി സംബന്ധിച്ച് ഏകദേശ ധാരണയായി...

പ്രവാചകന്‍ ഇബ്രാഹീമിന്റെയും മകന്‍ ഇസ്മാഈലിന്റെയും പ്രവാചക പത്‌നി ഹാജറയുടെയും ചരിത്ര ഓര്‍മയാണ് ഹജ്ജ്. ഉംറയുടെ കര്‍മങ്ങള്‍ സമാനമാണെങ്കിലും അറഫ സംഗമം ഹജ്ജിനെ വ്യത്യസ്തമാക്കുന്നു. ഉംറ ഏത് സമയവും നിര്‍വഹിക്കാന്‍ സാധിക്കുമെങ്കിലും ഹജ്ജ് വര്‍ഷത്തില്‍ ഒറ്റത്തവണയാണ് നടക്കുക. ഇറാഖില്‍ നിന്ന് മക്കയിലേക്ക് പ്രവാചക കുടുംബം എത്തിയതും പിന്നീട് ജീവിതം മുന്നോട്ട് നയിക്കാന്‍ ഹാജറ സഹിക്കുന്ന ത്യാഗങ്ങളും ഓര്‍മപ്പെടുത്തുകയാണ് ഹജ്ജ്.
എന്നാണ് ഈദുല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍
വാന നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഹജ്ജിന്റെ ദിവസം പറയാന്‍ സാധിക്കുക. അതേസമയം, മെയ് 27ന് വൈകീട്ട് ഇക്കാര്യത്തില്‍ വ്യക്തത വരും. 28ന് ഹജ്ജ് മാസം ഒന്നാണെങ്കില്‍ ബലിപെരുന്നാള്‍ ജൂണ്‍ ആറ് വെള്ളിയാഴ്ചയാകും. 29നാണ് ദുല്‍ഹജ്ജ് ഒന്ന് എങ്കില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിനാകും. പെരുന്നാള്‍ ദിനം ജൂണ്‍ ആറിന് ആയിരിക്കുമെന്നാണ് കൂടുതല്‍ വാന നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
യുഎഇ, ഖത്തര്‍ അവധി
ജൂണ്‍ ആറിനാകും യുഎഇയില്‍ ബലി പെരുന്നാള്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഹജ്ജ് ഒന്ന് മെയ് 28ന് ആകാനാണ് സാധ്യതയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഇത് ശരിയാണെങ്കില്‍ ജൂണ്‍ ആറിന് പെരുന്നാളായിരിക്കും. അറഫ ദിനം ജൂണ്‍ അഞ്ചിന് വ്യാഴാഴ്ചയാകും.
ഖത്തറില്‍ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ അവധി തുടങ്ങും. മെയ് 27ന് മൂണ്‍ സൈറ്റിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അന്ന് ചാന്ദ്രമാസപ്പിറവി കണ്ടാല്‍ മെയ് 28ന് ഹജ്ജ് മാസം ആരംഭിക്കും. ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ 13 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കുവൈത്ത്, സൗദി അറേബ്യ അവധി
കുവൈത്തിലും ജൂണ്‍ ആറിനാണ് ബലിപെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. അല്‍ ഉജൈരി സൈന്റിഫിക് സെന്റര്‍ സാധ്യത കല്‍പ്പിക്കുന്നതും ഈ ദിവസത്തിനാണ്. മെയ് 27ന് സൂര്യന്‍ അസ്തമിച്ചാല്‍ 43 മിനുട്ട് വരെ ചന്ദ്രന്‍ ദൃശ്യമാകുമെന്നാണ് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, വ്യക്തമായി കാണാനുള്ള സാധ്യതയുണ്ട്. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാകും കുവൈത്തിലെ അവധി ദിനങ്ങള്‍.
ജൂണ്‍ ആറ് വെള്ളിയാഴ്ച തന്നെയാണ് സൗദി അറേബ്യയും ബലിപെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. അറഫ ദിനം ജൂണ്‍ അഞ്ചിനും. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ മറ്റു ജിസിസി രാജ്യങ്ങളും പിന്തുടരുകയാണ് ചെയ്യുക. പല ഘട്ടങ്ങളിലും ഒമാന്‍ വ്യത്യസ്തമായ തീരുമാനം പ്രഖ്യാപിക്കാറുണ്ട്. കേരളത്തില്‍ ബലി പെരുന്നാള്‍ ദിനം സംബന്ധിച്ച് ദുല്‍ഹജ്ജ് മാസം പിറക്കുന്നതോടെ വ്യക്തത വരും.












Click it and Unblock the Notifications