മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍
റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല ദൃശ്യമായതിനാല്‍ ഞായറാഴ്ച ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. മഗ്രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചന്ദ്രദര്‍ശന സമിതി യോഗം ചേര്‍ന്ന് 29 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം റമദാന്‍ അവസാനിച്ചതായി പ്രഖ്യാപിച്ചു.
ഇന്ന് ശനിയാഴ്ച റമദാനിലെ അവസാന ദിവസമാണെന്നും നാളെ ഞായറാഴ്ച രാജ്യത്തുടനീളം ഈദ് അല്‍ ഫിത്തര്‍ ആയി ആഘോഷിക്കുമെന്നുമുള്ള ഔദ്യോഗിക പ്രസ്താവന സൗദി റോയല്‍ കോര്‍ട്ട് ഉടന്‍ പുറത്തിറക്കും. നാളെ സൗദിയിലെമ്പാടുമുള്ള 15,948 ലധികം പള്ളികളിലും 3,939 തുറന്ന പ്രാര്‍ത്ഥനാ മൈതാനങ്ങളിലും ഈദ് പ്രാര്‍ത്ഥനകള്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന്റെ അവസാനമാണ് ഈദ്-ഉല്‍-ഫിത്തര്‍.

അതേസമയം മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് അധികൃതര്‍ അറിയിച്ചു. ചന്ദ്രക്കല ദര്‍ശനത്തിനായി എന്‍ഡോവ്മെന്റ് ആന്‍ഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിന്റെ കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ മാസപ്പിറവി കണ്ടില്ലെന്നും അതിനാല്‍ തിങ്കളാഴ്ച ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കും എന്നും അധികൃതര്‍ പ്രഖ്യാപിച്ചു.
റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഈദ് അല്‍ ഫിത്തറിലേക്ക് കടക്കുന്നത്. ഇസ്ലാമില്‍ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ചെറിയ പെരുന്നാള്‍. ഇന്ത്യയില്‍ റമദാന്‍ മാസം മാര്‍ച്ച് രണ്ടിനാണ് ആരംഭിച്ചത്. അതിനാല്‍ ഈദ്-ഉല്‍-ഫിത്തര്‍ മാര്‍ച്ച് 31 നോ ഏപ്രില്‍ 1 നോ വരാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications