ഈദുല്‍ ഫിതര്‍ മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍
റമദാന്‍ മാസം ഏകദേശം അന്ത്യത്തോട് അടുക്കുമ്പോള്‍ പെരുന്നാള്‍ ഒരുക്കത്തിലാണ് എല്ലാവരും. പുതു വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് എല്ലാ തെരുവുകളിലും പ്രകടമാണ്. ചെറിയ പെരുന്നാള്‍ എന്നാണ് എന്ന ചോദ്യമാണ് ഈ വേളയില്‍ പ്രധാനമായും ഉയരുന്ന ചോദ്യം. മാര്‍ച്ച് 20നാണോ അല്ലെങ്കില്‍ മാര്‍ച്ച് 21നാണോ. ചാന്ദ്ര മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കുക.
ശവ്വാല്‍ മാസം ഒന്നിനാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിതര്‍. ഒരു മാസം നീണ്ട വ്രതാനുഷ്ടാനത്തിന് ശേഷമുള്ള ആഘോഷം. അന്നേ ദിവസം അരിയോ ഗോതമ്പോ ദാനം ചെയ്യണം. സമീപത്തുള്ള ആരും ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണിത്. ഇങ്ങനെ ദാനം ചെയ്യുന്നതിന് ഫിതര്‍ സക്കാത്ത് എന്നാണ് പറയുക. വീട്ടിലെ അംഗങ്ങളുടെ കണക്കിലാണ് ഇവ വിതരണം ചെയ്യുന്നത്.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം ഫെബ്രുവരി 18ന് ബുധനാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭരണകൂടം. ബുധനാഴ്ച എല്ലാവരും വാന നിരീക്ഷണം നടത്തും. മാസപ്പിറവി ദൃശ്യമായാല്‍ വ്യാഴാഴ്ച പെരുന്നാള്‍ ആയിരിക്കും. അല്ലെങ്കില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
കേരളത്തില്‍ ഫെബ്രുവരി 19ന് വ്യാഴാഴ്ച ആയിരുന്നു റമദാന്‍ വ്രതാരംഭം. നോമ്പ് 29 വരുന്നത് വ്യാഴാഴ്ചയാണ്. അന്ന് വൈകീട്ട് മാസപ്പിറവി നിരീക്ഷണത്തിന് നിര്‍ദേശമുണ്ട്. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ വെള്ളിയാഴ്ച ആയിരിക്കും കേരളത്തില്‍ ചെറിയ പെരുന്നാള്‍. വ്യാഴാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
രണ്ടിടത്തും ഒരേ ദിവസമാകുമോ പെരുന്നാള്‍
സൗദി അറേബ്യയിലും കേരളത്തിലും ഇത്തവണ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുമുണ്ട്. സൗദിയില്‍ നോമ്പ് 30ഉം കേരളത്തില്‍ 29ഉം ലഭിച്ചാലാണ് അങ്ങനെ സംഭവിക്കുക. മാസപ്പിറവി കാണുന്നതാണ് ഇക്കാര്യത്തില്‍ പ്രധാനം. മാസപ്പിറവി കാണുന്നതിന് കേരളത്തില്‍ പ്രത്യേക സംവിധാനമുണ്ട്.
കാപ്പാട്, ചാലിയം, പൊന്നാനി, ശംഖുമുഖം തുടങ്ങി പ്രധാന തീരദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കാറുണ്ട്. ശവ്വാല്‍ മാസം കണ്ടവര്‍ പണ്ഡിതന്മാരെ അറിയിക്കുകയും വിശദമായ ചര്‍ച്ച നടത്തിയ ശേഷം പണ്ഡിതന്മാര്‍ തീരുമാനം പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. വെള്ളിയാഴ്ചയാണ് ഇത്തവണ ചെറിയ പെരുന്നാള്‍ വരുന്നതെങ്കില്‍ അന്ന് രണ്ട് ജുമുഅ നമസ്‌കാരമുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.












Click it and Unblock the Notifications