ടിക്കറ്റ് ഇനി ഒന്ന് മതി: ഒന്നിലേറെ വിമാനങ്ങളില്‍ യാത്ര ചെയ്യാം, അവസരം ഇത്തിഹാദിലും എമിറേറ്റ്സിലും
വിമാനയാത്രയില്‍ നിങ്ങള്‍ ഒരു ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റില്‍ കാണിച്ച വിമാനത്തിലും സമയത്തും മാത്രമേ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. ഏതെങ്കിലും സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയാല്‍ നിങ്ങള്‍ക്ക് റീഫണ്ട് ലഭിക്കുകയോ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയോ ചെയ്യില്ല.
വിമാനം റദ്ദാക്കപ്പെടുക പോലുള്ള കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഏതെങ്കിലും പ്രശ്നങ്ങള്‍ കാരണമാണെങ്കില്‍ റീഫണ്ടോ അല്ലെങ്കില്‍ മറ്റൊരു സമയത്തെ ടിക്കറ്റോ ലഭിക്കും. എന്നാല്‍ ഒരൊറ്റ ടിക്കറ്റില്‍ വ്യത്യസ്ത കമ്പനികളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു ടിക്കറ്റിനെക്കുറിച്ചാണ് ഇനി പറയാന്‍ പോവുന്നത്.

ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള ഇത്തിഹാദ്, എമിറേറ്റ്സ് യാത്രക്കാർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഉദാഹരണത്തിന്, രണ്ട് വിമാനക്കമ്പനികൾക്കും ഫിലിപ്പൈൻ എയർലൈൻസുമായി (PAL) ഒരു കരാർ ഉള്ളതിനാൽ, യുഎയിയിൽ നിന്നുള്ള യാത്രക്കാർക്ക് ഫിലിപ്പീന്‍സിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇറങ്ങാൻ കഴിയും. തുടർന്ന് ഫിലിപ്പൈൻ എയർലൈൻസ് വഴി മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് മറ്റൊരു ടിക്കറ്റ് എടുക്കാതെയും യാത്രക്കാർക്ക് സഞ്ചരിക്കാം.
നേരത്തെ യാത്രക്കാർക്ക് ഇത്തരം യാത്രയ്ക്ക് രണ്ട് വ്യത്യസ്ത വിമാനകമ്പനികളായി രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടി വരുമായിരുന്നു. എന്നാല്‍ പുതിയ കരാറിലൂടെ യാത്രക്കാർക്ക് ഒരു ടിക്കറ്റ് മാത്രം ബുക്ക് ചെയ്താല്‍ മതി. ഇതിലൂടെ യാത്രികർക്ക് സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാക്കാനും സാധിക്കുന്നു.
ഒരേ ബുക്കിങിലും 'വൺ ബാഗേജ്' പോളിസിയിലും ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാവുന്നതാണ്. ബാഗേജുകള്‍ വിമാനക്കമ്പനി ജീവനക്കാർ തന്നെ രണ്ടാമത്തെ വിമാനത്താവളത്തിലേക്ക് എത്തിക്കും
'വൺ-ബാഗേജ് പോളിസി' വഴി യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകള്‍ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് എത്തിക്കും. ഫ്ലൈറ്റുകൾക്കിടയിൽ അധിക ലഗേജ് ക്ലെയിമുകളും ചെക്ക്-ഇന്നുകളും വേണ്ടതുമില്ല.
ഫിലിപ്പൈന്‍ എയർലൈനിന് പുറമെ എമിറേറ്റ്‌സിനും എത്തിഹാദിനും ഡസൻ കണക്കിന് മറ്റ് എയർലൈനുകളുമായും ഇന്റർലൈൻ കരാറുകളുണ്ട്. കാനഡ എയർലൈനുമായുള്ള കരാറിലൂടെ ടൊറന്റോയിലേക്കോ മോൺട്രിയലിലേക്കോ എമിറേറ്റ്സ് അല്ലെങ്കില്‍ ഇത്തിഹാദ് വിമാനത്തില്‍ യാത്ര ചെയ്യാം. തുടർന്ന് ഇവിടെ നിന്നും , കാൽഗറി, ഹാലിഫാക്സ്, എഡ്മണ്ടൻ, ഒട്ടാവ, ക്യൂബെക്ക്, വാൻകൂവർ എന്നിവയുൾപ്പെടെ കാനഡയിലെ 20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാനഡ എയർ ലൈന്‍ വഴിയും സഞ്ചരിക്കാം.
ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയുമായി കരാറുള്ള മറ്റ് വിമാന കമ്പനികള്‍
ക്വാണ്ടാസ്
യുകെ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ക്വാണ്ടാസ് എയർലൈന്‍ വഴി സഞ്ചരിക്കാം.
യുണൈറ്റഡ്
നവംബർ മുതൽ, യുഎസിലെയും ലോകമെമ്പാടുമുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളിലേക്കും എമിറേറ്റ്സ്-യുണൈറ്റഡ് എയർലൈന്‍ സേവനം ഉപയോഗപ്പെടുത്തി സഞ്ചരിക്കാം.
ഗൾഫ് എയർ
ഗള്‍ഫ് എയറുമായി സഹകരിച്ച് ദുബായിക്കും അൾജീരിയയ്ക്കും ഇടയിൽ എമിറേറ്റ്‌സ്, ബുഡാപെസ്റ്റ്, ഡെൻപസാർ, സാവോ പോളോ, ഹനോയ്, ഹോ ചി മിൻ, പ്രാഗ്, തായ്‌പേയ്, ടുണിസ്, വാർസോ എന്നിവിടങ്ങളിൽ കോഡ്‌ഷെയർ ഫ്ലൈറ്റുകൾ സർവ്വീസ് നടത്തുന്നു.
തായി എയർവേഴ്സ്, ബാങ്കോങ് എയർവേഴ്സ്, ഫ്ലൈ ദുബായ്, എയർ ബാൾട്ടിക്, എയർ മാൾട്ട, അസുൽ ബാത്തിക് എയർ, ചൈന സതേൺ എയർലൈൻസ്, കോപ എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ജെറ്റ്സ്റ്റാർ എയർവേസ്, ജെറ്റ്സ്റ്റാർ ഏഷ്യ, കൊറിയൻ എയർ, റോയൽ എയർ മരോക്ക്, എസ്7 എയർലൈൻസ്, ദക്ഷിണാഫ്രിക്ക എയർലിങ്ക്, ദക്ഷിണാഫ്രിക്കൻ എയർവേസ്, TAP പോർച്ചുഗൽ, ടുണിസ് എയർ, വെസ്റ്റ്ജെറ്റ് തുടങ്ങിയ കമ്പനികളുമായും എമിറേറ്റസ് വിമാനകമ്പനിക്ക് കരാറുണ്ട്. നിർഭാഗ്യവശാല്‍ ഇന്ത്യന്‍ കമ്പനികളുമായി ഇതുവരെ ഇവർ കരാറിലെത്തിയിട്ടില്ല.












Click it and Unblock the Notifications