ദുബായ് ടു അബുദാബി യാത്ര വെറും 57 മിനിറ്റില്‍: വരുന്നു ഇത്തിഹാദ് റെയില്‍വെ, മറ്റ് റൂട്ടുകളും പ്രഖ്യാപിച്ചു
ഗതാഗത രംഗത്ത് പുതിയ ടെക്നോളജിയുടെ സാധ്യതകള്‍ ഏറ്റവും ആദ്യം പരീക്ഷിക്കുന്ന രാജ്യമാണ് യു എ ഇ. വരും വർഷങ്ങളില്‍ എയർ ടാക്സി സർവ്വീസ് ആരംഭിക്കാന്‍ പോകുന്ന രാജ്യം 10 ഇലക്ട്രിക് ഫ്ളയിങ് കാറുകള്‍ക്ക് ഇതിനോടകം തന്നെ ഓർഡർ നല്‍കിയിട്ടുണ്ട്. എയർടാക്സി സംവിധാനം സാങ്കേതിക വിദ്യയുടെ പുതിയ കണ്ടുപിടുത്തമാണെങ്കില്‍ പരമ്പരാഗത ഗതാഗത മാർഗ്ഗമായ റെയില്‍വേ മേഖലയിലും പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് യു എ ഇ.
യു എ ഇയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എമിറേറ്റുകളാണ് ദുബായും അബുദാബിയും. രണ്ട് നഗരങ്ങള്‍ക്കിടയിലായി ദിനംപ്രതി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞത് രണ്ടര മണിക്കൂറിലേറെ സമയം ഈ യാത്രക്ക് വേണം. എന്നാല്‍ ദുബായ് - അബുദാബി യാത്രക്ക് 57 മിനിറ്റ് മാത്രം സമയം എടുക്കുന്ന പുതിയ ട്രെയിന്‍ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് യു എ ഇ ഇപ്പോള്‍.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് കഴിഞ്ഞു. സർവ്വീസ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയവും ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടിട്ടുണ്ട്.
അബുദാബിയിൽ നിന്ന് 240 കിലോമീറ്റർ അകലേയുള്ള അൽ റുവൈസിലേക്കുള്ള യാത്രയിലേക്ക് 70 മിനുറ്റാണ് വേണ്ടത്. അതോടൊപ്പം തന്നെ അബുദാബിയിൽ നിന്ന് കിഴക്കൻ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്ര 105 മിനുറ്റിലും പൂർത്തീകരിക്കാം. കൂടുതല്‍ സർവ്വീസുകളും അവിടേക്ക് എടുക്കുന്ന സമയവും ഇത്തിഹാദ് റെയില്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബുദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യു എ ഇയിലെ 11 പ്രധാന നഗരങ്ങളെ ഹൈടെക് പാസഞ്ചർ റെയിൽ സർവീസ് വഴി ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍വേയുടെ പദ്ധതി. പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങളും അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ സ്റ്റേഷന്‍ ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്.
പാസഞ്ചർ സർവ്വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇത്തിഹാദ് റെയില്‍ വേ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തിയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ ചരക്ക് നീക്കമാണ് ഇത്തിഹാദ് റെയില്‍വേ പ്രധാനമായും നടത്തുന്നത്. പാസഞ്ചർ സർവ്വീസ് പ്രവർത്തനക്ഷമമാകുകയാണെങ്കില്‍ പ്രതിവർഷം 36.5 ദശലക്ഷം യാത്രക്കാർ റെയില്‍ വേ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യാധിനിക സജ്ജീകരണങ്ങളോട് കൂടിയുള്ള പാസഞ്ചർ ട്രെയിനുകളുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 2021 ഡിസംബറിലാണ് യു എ ഇ റെയില്‍ വേ പദ്ധതി പ്രഖ്യാപിക്കുന്നത്. എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിക്കായി 50 ബില്യണ്‍ യു എ ഇ ദിർഹത്തിലേറെയാണ് ചിലവഴിക്കുന്നത്.
ചരക്ക് റെയിൽ, റെയിൽ പാസഞ്ചർ സർവീസസ്, ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ സർവീസ് എന്നിവയാണ് യു എ ഇയുടെ റെയില്‍ പദ്ധതിക്ക് കീഴില്‍ വരുന്നത്. 2030-ഓടെ റെയിൽവേ മേഖലയിലും അനുബന്ധ മേഖലകളിലുമായി 9,000-ത്തിലധികം തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications