ഇറാന്‍ ഹോര്‍മുസ് തുറന്നില്ലെങ്കിലും യുഎഇക്ക് പ്രശ്‌നമില്ല; ഇന്ത്യയ്ക്ക് വന്‍ നേട്ടം, ക്രൂഡ് ഓയില്‍ ഒഴുകും
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് വിടാനുള്ള യുഎഇയുടെ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമായേക്കും. യുഎഇക്ക് ഇനി എണ്ണ ഉല്‍പ്പാദനത്തിന് നിയന്ത്രണമുണ്ടാകില്ല. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കും. ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന യുഎഇയുടെ പുതിയ നീക്കം കൂടുതല്‍ നേട്ടമാകുക ഇന്ത്യയ്ക്ക് ആയിരിക്കും.
മെയ് ഒന്ന് മുതല്‍ യുഎഇ ഒപെകില്‍ അംഗമല്ല. 60 വര്‍ഷത്തോളം നീണ്ട ഒപെക് ബന്ധം യുഎഇ അവസാനിപ്പിച്ചു. ഇനി മുതല്‍ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണ യുഎഇക്ക് അധികമായി ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കും. ഇറാന്‍ ഹോര്‍മുസ് പാത തുറന്നില്ലെങ്കിലും അവ കയറ്റുമതി ചെയ്യാനും സാധിക്കും. ഫുജൈറ തുറമുഖത്ത് നിന്ന് ഒമാനോട് ചേര്‍ന്ന വഴിയിലൂടെ എണ്ണ ഇന്ത്യയിലേക്ക് അയക്കാം.

ഒപെകിലെ പ്രധാനി സൗദി അറേബ്യയാണ്. സൗദിയും യുഎഇയും അത്ര സുഖത്തിലല്ല. ഒപെക് അംഗ രാജ്യങ്ങള്‍ക്ക് നിശ്ചിത ക്വാട്ടയുണ്ട്. അതുപ്രകാരം മാത്രമാണ് എണ്ണ ഉല്‍പ്പാദനം സാധ്യമാകൂ. എണ്ണയുടെ വില വന്‍തോതില്‍ ഇടിയാതിരിക്കാനാണ് ക്വാട്ട നിശ്ചയിച്ചത്. ക്രമം തെറ്റിച്ച് ഉല്‍പ്പാദനം നടന്നാല്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്തും. ക്രൂഡ് വില കുറയാന്‍ കാരണമാകുകയും ചെയ്യും.
യുഎഇക്ക് ഓരോ ദിവസവും 50 ലക്ഷം ബാരല്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ ഒപെക് ക്വാട്ട പ്രകാരം 34 ലക്ഷം ബാരലാണ് ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദമുള്ളത്. ഒപെകില്‍ നിന്ന് രാജിവച്ചതിനാല്‍ ഇനി മുതല്‍ യുഎഇക്ക് തടമസില്ല. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാന്‍ സാധിക്കും. ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന യുഎഇ, അടുത്തിടെ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
പാകിസ്താന്‍ സൗദി അറേബ്യയുമായി കൂടുതല്‍ അടുക്കുന്ന വേളയിലാണ് യുഎഇ ഇന്ത്യയുമായി വളരെ അടുപ്പം സൂക്ഷിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ട്. നികുതികള്‍ ഇളവ് ചെയ്താണ് ഇരുരാജ്യങ്ങളും വ്യാപാരം നടത്തുന്നത്. മാത്രമല്ല, പ്രാദേശിക കറന്‍സികളില്‍ വ്യാപാരം ചെയ്യാനും ഇരുരജാ്യങ്ങളും ശ്രമിക്കുന്നുണ്ട്.
ഇതെല്ലാം ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ യുഎഇയടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമാകും. ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്ക് യുഎഇയില്‍ പൈപ്പ് ലൈനുണ്ട്. എണ്ണ ഫുജൈറ തുറമുഖത്ത് പൈപ്പ് ലൈന്‍ വഴി എത്തിക്കാം. ഇവിടെ നിന്ന് ഹോര്‍മുസ് പാത തൊടാതെ, ഒമാന്‍ കടലിലേക്ക് കടന്ന് ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കാം.
ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ 10 ശതമാനം ക്രൂഡ് ഓയില്‍ യുഎഇയില്‍ നിന്നാണ് വരുന്നത്. എല്‍എന്‍ജിയും വന്‍തോതില്‍ ഇന്ത്യ വാങ്ങുന്നത് യുഎഇയില്‍ നിന്നാണ്. യുഎഇയുടെ എണ്ണപ്പാടങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ തോതില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇതെല്ലാം ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.















Click it and Unblock the Notifications