സൗദിയില്‍ വന്‍ തീപിടിത്തം; പത്ത് പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും
റിയാദ്: സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയിക്കുന്നു. ഉഫൂഫ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തം.
വര്‍ക്ക് ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച അവധിയിലായതിനാല്‍ പുലര്‍ച്ചവരെ ജോലി ചെയ്ത് ഉറങ്ങിയവരാണ് മരിച്ചത്. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര് ബംഗ്ലാദേശ് സ്വദേശികളുമാണ്. രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്.
മരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരിച്ച മലയാളി. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.

പത്തോളം അഗ്നിശമന വിഭാഗം എത്തിയാണ് തീ അണച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വരാന്ത്യ അവധിയായതിനാല്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച മാത്രമാണ് ലഭ്യമാകുക.












Click it and Unblock the Notifications