കുവൈത്ത് റേഡിയോയില്‍ ഇനി ഹിന്ദിയിലും പരിപാടികള്‍; അഭിനന്ദിച്ച് ഇന്ത്യ, സമയക്രമം ഇങ്ങനെ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യത്തെ ഹിന്ദി ഭാഷാ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. ഹിന്ദി പ്രോഗ്രാം കുവൈത്ത് റേഡിയോയില്‍ FM 93.3, AM 96.3 എന്നീ ഫ്രീക്വന്‍സികളില്‍ എല്ലാ ഞായറാഴ്ചയും വൈകുന്നേരം, രാത്രി 8:30 മുതല്‍ 9 വരെ (പ്രാദേശിക സമയം) ലഭ്യമാകും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ നടപടി സഹായിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
കുവൈത്ത് റേഡിയോയിലെ ഹിന്ദി പ്രോഗ്രാമിംഗിന്റെ തുടക്കം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും ഹിന്ദി സംസാരിക്കുന്ന സമൂഹത്തിനും അവരുടെ ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവയുമായി ബന്ധപ്പെടാനുള്ള ഒരു വേദി പ്രദാനം ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഹിന്ദി റേഡിയോ പരിപാടി കുവൈറ്റിലെ എയര്‍വേകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ അത് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശാശ്വതമായ ബന്ധത്തെ പ്രതീകപ്പെടുത്തും.

പ്രതീകാത്മക ചിത്രം
ഉദ്ഘാടന സംപ്രേക്ഷണത്തിന് ആവേശകരമായ പിന്തുണയാണ് ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. വരാനിരിക്കുന്ന എപ്പിസോഡുകള്‍ക്കായി പ്രവാസി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹിന്ദി റേഡിയോ പരിപാടി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുമെന്നും വിവിധ മേഖലകളില്‍ കൂടുതല്‍ ധാരണയും സഹകരണവും സാധ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഏകദേശം 10 ലക്ഷം പേരുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ശാസ്ത്രജ്ഞര്‍, സോഫ്റ്റ്വെയര്‍ വിദഗ്ധര്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയ പ്രൊഫഷണലുകളും സാങ്കേതിക വിദഗ്ധരും നഴ്‌സുമാരും ചെറുകിട വ്യാപാരികളും വ്യവസായികളും അടക്കം നിരവധി ഇന്ത്യക്കാര്‍ കുവൈത്തില്‍ താമസിക്കുന്നു.
ഇന്ത്യന്‍ ബിസിനസ് കമ്മ്യൂണിറ്റി റീട്ടെയില്‍, ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് എന്നിവയില്‍ കുവൈത്ത് വിപണിയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയും കുവൈത്തും പരമ്പരാഗതമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. 1961 വരെ കുവൈത്തില്‍ ഇന്ത്യന്‍ രൂപയായിരുന്നു നിയമപരമായ ടെന്‍ഡര്‍ 2021-22 വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികമായിരുന്നു.
ഏപ്രില്‍ 17-ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ പ്രവാസി സൗഹൃദ നടപടികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വരും വര്‍ഷങ്ങളില്‍ സഹകരണവും സൗഹൃദവും കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടേയും പ്രതിബദ്ധതയും ഇതില്‍ പ്രതിഫലിച്ചിരുന്നു.












Click it and Unblock the Notifications