സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്; എണ്ണത്തിൽ 73 ശതമാനം വർധനവ്,വരുമാനത്തിൽ 207 ശതമാനം വളർച്ച
സൗദിയിലെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. 2019 നെ അപേക്ഷിച്ച് 2024 ൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. വരുമാനത്തിൽ 207 ശതമാനം വർധനവും ഉണ്ടായതായി യുഎന്നിന്‌റെ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ടിൽ പറയുന്നു. ജി 20 രാജ്യങ്ങളിലും സൗദിയാണ് മുന്നിൽ.
രാജ്യത്തിൻ്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ വർഷം എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ഈ കാലയളവിൽ സൗദി അറേബ്യയിൽ ഏകദേശം 17.5 ദശലക്ഷം ആളുകളാണ് എത്തിയത്. 2023 ൽ മാത്രം 27.4 മില്യൺ ആളുകളാണ് രാജ്യത്ത് എത്തിയത്. അതായത് 2019 നെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവ്.

2030-ഓടെ 150 ദശലക്ഷം സന്ദർശകരെയാണ് സൗദി പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ടൂറിസത്തിൻ്റെ സംഭാവന 6 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്താനും സൗദി ലക്ഷ്യമിടുന്നു.
അതേസമയം അന്താരാഷ്ട്ര ടൂറിസവും വലിയ രീതിയിൽ വർധിച്ചതായി യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024 ജൂലൈ വരെയുള്ള ഏഴ് മാസത്തിനുള്ളിൽ തന്നെ കൊവിഡിന് മുൻപുണ്ടായിരുന്നതിനെക്കാൾ വർധനവാണ് ഉണ്ടായിരിക്കുന്നത്. 96 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ ഏകദേശം 790 ദശലക്ഷം വിനോദസഞ്ചാരികൾ യാത്ര ചെയ്തിട്ടുണ്ട്. 2023 നെ അപേക്ഷിച്ച് 11 ശതമാനമാണ് വർധനവ്. അതേസമയം 2019 ലെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.












Click it and Unblock the Notifications