റിയാദ്-കൊച്ചി ഫ്‌ളൈനാസ് വിമാനം സര്‍വീസ് തുടങ്ങുന്നു; ആഴ്ചയില്‍ മൂന്ന് സര്‍വീസ്, സമയം അറിയാം
കൊച്ചി: സൗദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. സെപ്റ്റംബര്‍ രണ്ടുമുതല്‍ കൊച്ചിയില്‍ നിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഫ്‌ളൈനാസ് നടത്തുക. XY399, XY400 എന്നിവയാണ് വിമാന നമ്പറുകള്‍. 174 സീറ്റുകളുള്ള എയര്‍ബസ് A320 വിമാനമാണ് സര്‍വീസിനെത്തുന്നത്. കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദില്‍ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.

നിലവില്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, സൗദിയ എന്നീ വിമാനക്കമ്പനികള്‍ കൊച്ചിയില്‍ നിന്ന് സൗദിയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതിന് പുറമെയാണ് ഫ്‌ളൈനാസ് കൂടി എത്തുന്നത്. സൗദിയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്കും സൗദി ടൂറിസ്റ്റുകള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഇത് നേട്ടമാകും.
കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ ആറാക്കി ഉയര്‍ത്താനും ഫ്‌ളൈനാസ് തീരുമാനിച്ചു. 2019 മുതലാണ് കരിപ്പൂര്‍ സര്‍വീസ് തുടങ്ങിയതെങ്കിലും ഇതുവരെ ആഴ്ചയില്‍ മൂന്ന് സര്‍വീസ് ആണുള്ളത്. ശനി ഒഴികെയുള്ള ദിവസങ്ങളിലാകും ഇനി സര്‍വീസ്. റിയാദില്‍ നിന്ന് രാത്രി 12.45ന് പുറപ്പെട്ട് രാവിലെ 8.20ന് കരിപ്പൂരിലെത്തും. രാവിലെ 9.10നാണ് മടക്ക യാത്ര. 11.45ന് റിയാദിലെത്തും.
അതേസമയം, കൊച്ചിയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം തുടര്‍ച്ചയായി വൈകുകയാണ്. ദുബായിലേക്കുള്ള വിമാനമാണ് മണിക്കൂറുകള്‍ വൈകുന്നത്. യാത്രക്കാരുടെ പ്രതിഷേധം അവഗണിച്ചാണ് കമ്പനി മുന്നോട്ട് പോകുന്നത്. എപ്പോള്‍ യാത്ര പുറപ്പെടുമെന്ന കൃത്യമായ വിവരം കമ്പനി കൈമാറുന്നില്ല. യാത്രക്കാര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കിയില്ല എന്ന പരാതിയുണ്ട്. യാത്ര മുടങ്ങിയാല്‍ ജോലി, വിസ എന്നിവ അനിശ്ചിതത്വത്തിലാകുന്ന യാത്രക്കാരും ഇക്കൂട്ടത്തിലുണ്ട്.





Click it and Unblock the Notifications