സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക്, ശേഷം ഖത്തറിലേക്ക്; ഒന്നും നടക്കില്ല, ജിസിസി വിസ വൈകും
ദുബായ്: പ്രവാസികളും വിനോദ സഞ്ചാരികളും ഒരുപോലെ കാത്തിരിക്കുന്നതാണ് ജിസിസി ഏകീകൃത വിസ. ഒരു വിസ എടുത്താല്‍ ആറ് ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിസ. യൂറോപ്പിലെ ഷെങ്കണ്‍ മാതൃകയില്‍ വിസ വരുന്നത് ജിസിസിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഈ വിസ വേഗത്തില്‍ നടപ്പാകില്ല എന്നാണ് പുതിയ വിവരം.
ഒമാന്‍ മന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് കാരണമാണ് ജിസിസി ഏകീകൃത വിസ വേഗത്തില്‍ നടപ്പാകില്ല എന്ന് പറയാന്‍ ചൂണ്ടിക്കാട്ടുന്നത്. ജിസിസി രാജ്യങ്ങളിലേക്ക് എത്തിയാല്‍ മറ്റു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുക എന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന പദ്ധതിയാണ്. അറിയാം വിശദമായി...

ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വെ ശൃംഖല വരുന്നതും ഈ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കിയിരുന്നു. എന്നാല്‍ ഒമാന്‍ മന്ത്രിയുടെ പുതിയ പ്രതികരണം പദ്ധതിയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഒമാന്‍ ടൂറിസം മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ശൂറ കൗണ്‍സിലിന്റെ എട്ടാം സമ്മേളനത്തിലാണ് മന്ത്രി സലിം ജിസിസി ഏകീകൃത വിസ സംബന്ധിച്ച് പരാമര്‍ശിച്ചത്. രണ്ട് കാരണങ്ങളാണ് പദ്ധതി വൈകാന്‍ അദ്ദേഹം സൂചിപ്പിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളാണ് ഒന്ന്. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാകേണ്ടതുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു. ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.
അംഗീകാരം ലഭിച്ചത് 2023ല്‍
ജിസിസി ഏകീകൃത വിസയ്ക്ക് 2023ല്‍ അംഗീകാരം ലഭിച്ച കാര്യം മന്ത്രി സലിം പറഞ്ഞു. ഇപ്പോഴും പഠന ഘട്ടത്തിലാണ് പദ്ധതിയുള്ളത്. ആറ് രാജ്യങ്ങള്‍ക്കിടയില്‍ സുരക്ഷാ-കോ-ഓഡിനേഷന്‍ വിഷയങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ജിസിസി യാത്ര അടിമുടി മാറും. ടൂറിസ്റ്റുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച തുടങ്ങിയ പദ്ധതിയാണിത്. ഖത്തറിനെതിരായ ഉപരോധം ചര്‍ച്ച മരവിപ്പിച്ചു. ഉപരോധം നീക്കിയ ശേഷമാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്.
ഓരോ രാജ്യത്തേക്കും പോകുന്നതിന് പ്രത്യേകം വിസകളും മറ്റും എടുക്കേണ്ട സാഹചര്യമാണിപ്പോള്‍. ജിസിസി ഏകീകൃത വിസ നടപ്പായാല്‍ മാറ്റം വരും. യൂറോപ്പില്‍ നിലവില്‍ ഷെങ്കണ്‍ വിസയുണ്ട്. ഒരു വിസയില്‍ തന്നെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റും. ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം ശക്തമാക്കുന്നത് കൂടിയാണ് പദ്ധതി.
കുടുംബ സന്ദര്‍ശനം, സുഹൃത്തുക്കളെ സന്ദര്‍ശിക്കല്‍, ഉംറ തീര്‍ഥാടകര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കല്‍, ബിസിനസ് വിപുലീകരണം എന്നിവയ്‌ക്കെല്ലാം നേട്ടമാകുന്നതാണ് ഏകീകൃത വിസ. എന്നാല്‍ ഡാറ്റ പങ്കുവയ്ക്കല്‍, കുടിയേറ്റ നിയന്ത്രണം തുടങ്ങിയ പല കാര്യങ്ങളിലും ആശങ്ക ബാക്കിയാണ്. ഇവ കൂടി പരിഹരിച്ച ശേഷം പദ്ധതി നടപ്പാകുമെങ്കിലും വൈകുമെന്ന് ഉറപ്പായി.












Click it and Unblock the Notifications