ജിസിസി സേനാ ആസ്ഥാനം ഇനി കുവൈത്ത്; സൈനികരെ വിന്യസിക്കും, ഹൂതി ആക്രമണത്തിനിടെ...
ജിസിസി രാജ്യങ്ങളിലെ സംയുക്ത സൈനിക കമാന്റിന് കുവൈത്തില്‍ ആസ്ഥാനം ഒരുക്കാന്‍ തീരുമാനം. പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന് ആവശ്യമായ സൈനികര്‍ക്ക് ചുമതല നല്‍കാനും ധാരണയായി. ബഹ്‌റൈനില്‍ ചേര്‍ന്ന ജിസിസി പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയാണ് ഇകാര്യം അറിയിച്ചത്.
ബഹ്‌റൈന്‍ പ്രതിരോധ മന്ത്രി അബ്ദുല്ല ബിന്‍ ഹസന്‍ അല്‍ നുഐമിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. മറ്റു അഞ്ച് ജിസിസി രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ മനാമയിലെ യോഗത്തില്‍ സംബന്ധിച്ചു. ഹൂതികള്‍ നിരന്തരം സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നതും സുപ്രധാന തീരുമാനം എടുത്തതും.

2013ലാണ് ജിസിസി രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത സൈനിക കമാന്റ് രൂപീകരിച്ചത്. സൗദി അറേബ്യയിലെ റിയാദ് ആയിരുന്നു ആസ്ഥാനം. എന്നാല്‍ റിയാദിനെ ലക്ഷ്യമിട്ടാണ് ഹൂതികളുടെ നിരന്തര ആക്രമണം. ഈ സാഹചര്യത്തിലാണ് കുവൈത്തില്‍ കൂടി ആസ്ഥാനം സ്ഥാപിക്കാനുള്ള തീരുമാനം. സംയുക്ത സൈനിക നടപടികള്‍, പ്രതിരോധ സഹകരണം ശക്തമാക്കല്‍ എന്നീ ലക്ഷ്യത്തോടെയാണ് സംയുക്ത സൈനിക കമാന്റ് രൂപീകരിച്ചത്.
ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് 1981ലാണ് ഗള്‍ഫ് സഹകരണ സമിതി (ജിസിസി) രൂപീകരിച്ചത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. ഇടക്കാലത്ത് ഖത്തറും മറ്റു ജിസിസി രാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമാകുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ പല ഐക്യനീക്കങ്ങളും മാറ്റിവെച്ചിരുന്നു. കുവൈത്ത് മധ്യസ്ഥത വഹിച്ചാണ് അന്ന് തര്‍ക്കം അവസാനിച്ചത്.
ഏകീകൃത വിസ, ഏകീകൃത റെയില്‍വെ എന്നിവയെല്ലാം വര്‍ഷങ്ങളായി ജിസിസി രാജ്യങ്ങളുടെ പരിഗണനയിലുള്ള വിഷയമാണ്. ഭിന്നത കാരണം പല പദ്ധതികളും സമയബന്ധിതമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ 2017ല്‍ ഖത്തറിനെതിരെ ചുമത്തിയ ഉപരോധം 2021ലാണ് അവസാനിപ്പിച്ചത്. ചൈനയും സമവായ ശ്രമം നടത്തിയിരുന്നു.
കുവൈത്തും ഒമാനും അന്ന് ഖത്തറിനെതിരായ നടപടിയില്‍ ഭാഗമായിരുന്നില്ല. ഉപരോധം അവസാനിക്കുകയും ബന്ധം വീണ്ടും പുനസ്ഥാപിക്കുകയും ചെയ്തതോടെ പഴയ പദ്ധതികളെല്ലാം പൊടിതട്ടിയെടുത്തു. ജിസിസി റെയില്‍വെ 2030 ആകുമ്പോഴേക്കും സമ്പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ബഹ്‌റൈനില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പുറത്തുവന്ന വിവരം.


Click it and Unblock the Notifications
