അബുദാബി-റിയാദ് വെറും 5 മണിക്കൂര്‍! ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍ ശൃംഖല വരുന്നു
ദുബായ്: 2030 ഡിസംബറോടെ ജിസിസി റെയില്‍വേ പൂര്‍ത്തിയാകും എന്ന് അധികൃതര്‍. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ ആറ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലയാണിത്. ജി സി സിയെ ആകെ ബന്ധിപ്പിക്കുന്ന ഈ ശൃംഖലയുടെ ആകെ ആസൂത്രിത ദൈര്‍ഘ്യം ഏകദേശം 2177 കിലോമീറ്ററാണ്.
അംഗീകൃത സമയപരിധി പ്രകാരം ജിസിസി റെയില്‍വേ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ജിസിസി രാജ്യങ്ങള്‍ തുടരുകയാണെന്ന് ഗള്‍ഫ് റെയില്‍വേ അതോറിറ്റി സ്ഥിരീകരിച്ചു. 2030 ഡിസംബര്‍ മാസമാണ് ഇതിന്റെ പൂര്‍ത്തീകരണത്തിനുള്ള അവസാന തീയതിയായി മന്ത്രിതല കൗണ്‍സില്‍ നിശ്ചയിച്ചത്. ഓരോ രാജ്യത്തിനും ഉള്ളിലെ ദേശീയ റെയില്‍വേ പദ്ധതികളുമായി യോജിപ്പിച്ച്, പ്രാദേശിക ഗതാഗത സംവിധാനത്തിന്റെ ഒരു പ്രധാന ഘടകമായി ഈ പദ്ധതി മാറും.

നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജി സി സി നിവാസികളുടെ യാത്രാ സമയം കുറയ്ക്കുകയും മേഖലയിലെ വ്യാപാര, സാമ്പത്തിക വിനിമയം സുഗമമാക്കുകയും ചെയ്യും. യാത്രാ സമയം കുറയ്ക്കുന്നതിലൂടെ, ഈ മേഖലയിലെ ഒരു പ്രധാന മാറ്റമായി റെയില്‍ ശൃംഖല മാറിയേക്കാം. അബുദാബിക്കും റിയാദിനും ഇടയിലുള്ള യാത്രയ്ക്ക് അഞ്ച് മണിക്കൂറില്‍ താഴെ മാത്രമെ സമയമെടുക്കൂ.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കുന്നതിനൊപ്പം, ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിനും സംയുക്ത നിക്ഷേപത്തിനും റെയില്‍ സംവിധാനം സഹായകമാകും. അതേസമയം അതിര്‍ത്തി കടന്നുള്ള ശൃംഖല സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ രാജ്യങ്ങളിലുടനീളമുള്ള സുരക്ഷ, പരിസ്ഥിതി, സാങ്കേതിക നിയന്ത്രണങ്ങള്‍ യോജിപ്പിക്കേണ്ടതുണ്ട്.
അതിര്‍ത്തികളിലെ അമിതമായ കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും കാര്യക്ഷമമായ കസ്റ്റംസ്, ഇമിഗ്രേഷന്‍ പ്രക്രിയകള്‍ നടപ്പിലാക്കുന്നതും നിര്‍ണായകമാണ്. അതിനിടെ ജിസിസി റെയില്‍വേ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തന്നെ അടുത്ത വര്‍ഷം യുഎഇക്ക് സ്വന്തമായി ഒരു ദേശീയ ശൃംഖല തുറക്കപ്പെടും. ഇത്തിഹാദ് റെയില്‍ രാജ്യത്തെ 11 പ്രദേശങ്ങളെ ബന്ധിപ്പിക്കും.
ഇത് അബുദാബിക്കും ദുബായിക്കും ഇടയിലുള്ള യാത്രാ സമയം 30 മിനിറ്റായി കുറയും, രണ്ട് എമിറേറ്റുകളിലൂടെയും 350 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഷാര്‍ജയില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ജോലിക്കായി മറ്റ് എമിറേറ്റുകളിലേക്ക്, പ്രധാനമായും ദുബായിലേക്ക്, യാത്ര ചെയ്യുകയും തിരക്കേറിയ ഗതാഗതത്തില്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്യുന്ന ഷാര്‍ജ നിവാസികള്‍ക്ക് ഈ ശൃംഖല ഒരു ആശ്വാസമായിരിക്കും.












Click it and Unblock the Notifications