യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് മാറുന്നു; ജിസിസി ഏകീകൃത വിസ അംഗീകരിച്ചു, ഒപ്പം കുരുക്കും
മസ്‌ക്കത്ത്: ഗള്‍ഫ് രാജ്യങ്ങള്‍ അടിമുടി മാറുകയാണ്. ഏറെ കാലമായി ചര്‍ച്ചയിലുണ്ടായിരുന്ന ഏകീകൃത വിസ യാഥാര്‍ഥ്യമാകുകയാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രിമാരുടെ യോഗം വിസയ്ക്ക് അംഗീകാരം നല്‍കി. എന്നാല്‍ ഇതുകൊണ്ട് മാത്രം വിസ ഉടന്‍ വരില്ല. ഇനിയും രണ്ടു വര്‍ഷം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടൂറിസ്റ്റ് വിസയാണ് ഏകീകൃത വിസയായി വരുന്നത്. ജോലി വിസയല്ല. എങ്കിലും പ്രവാസികള്‍ക്ക് വലിയ നേട്ടമാകുന്ന പദ്ധതിയാണിത്. തടസങ്ങളില്ലാതെ ആറ് രാജ്യങ്ങളിലും സന്ദര്‍ശിക്കാന്‍ സാധിക്കും. നിലവില്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. പുതിയ വിസ വരുന്നതോടെ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും ഒരു വിസയില്‍ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന 40ാം ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് വിസയ്ക്ക് അംഗീകാരം നല്‍കിയത്. നവംബറില്‍ ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് ജിസിസി രാജ്യങ്ങള്‍.
ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണിതെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു. അതേസമയം, ഇത്തരം വിസ അനുവദിക്കുമ്പോള്‍ സുരക്ഷാ കാര്യങ്ങളിലാണ് ആശങ്കയുള്ളത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പ്രതികള്‍ രക്ഷപ്പെടുമോ, നാടുകടത്തപ്പെട്ടവര്‍ക്ക് മറ്റൊരു ജിസിസി രാജ്യത്തേക്കും വരാന്‍ സാധിക്കില്ലേ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ട്രാഫിക് നിയമ ലംഘന വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പിക്കുന്ന പദ്ധതിക്കും ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. ഏതെങ്കിലും ഒരു ജിസിസി രാജ്യത്ത് നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ആറ് രാജ്യങ്ങളിലും അറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. മയക്ക് മരുന്ന് വിരുദ്ധ നടപടികള്‍ക്ക് പ്രത്യേക കര്‍മ പദ്ധതി ഒരുക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ ഷെങ്കണ്‍ വിസയുണ്ട്. ഏതെങ്കിലും രാജ്യത്തേക്കുള്ള വിസ എടുത്താല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്നതാണ് ഈ വിസ. സമാനമായ പദ്ധതി തന്നെയാണ് ജിസിസിയിലും വരുന്നത്. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന ഉണ്ടാകില്ല. എന്നാല്‍ ഏകീകൃത വിസ നടപ്പാക്കുന്നതിന് മുമ്പ് സുരക്ഷാ സംവിധാനത്തിന്റെ കാര്യത്തില്‍ ആറ് രാജ്യങ്ങളും വ്യക്തമായ പദ്ധതി തയ്യാറാക്കും.
ഈ വിസ പ്രവാസികള്‍ക്ക് വളരെ ഉപകാരപ്രദമാകും. ബിസിനസ് ആവശ്യാര്‍ഥം ഒന്നിലധികം ജിസിസി രാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ട പ്രവാസികള്‍ ഏറെയാണ്. മാത്രമല്ല, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാനും തടസങ്ങളുണ്ടാകില്ല. ഓരോ രാജ്യത്തും എത്ര നാള്‍ തങ്ങാന്‍ സാധിക്കുമെന്ന നിബന്ധന പുതിയ വിസയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് വിസയുടെ പ്രധാന ലക്ഷ്യം.












Click it and Unblock the Notifications