'സ്വര്‍ണം 24 കാരറ്റ് ബാര്‍' നിറച്ച പെട്ടി തുറന്നു; സൗദി അറേബ്യയിലെ വിവാഹം, എത്ര ലക്ഷം രൂപ വരും
റിയാദ്: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദി അറേബ്യ സമ്പന്ന രാജ്യമാണ്. അവരുടെ ജീവിതശൈലി ആഡംബരം നിറഞ്ഞതാണ് എന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ധനികര്‍ മാത്രമല്ല സൗദി അറേബ്യയിലുള്ളത് എങ്കിലും സൗദി അറേബ്യയിലെ വിവാഹങ്ങള്‍ വ്യത്യസ്തമാണ്. വിലപിടിപ്പുള്ള സമ്മാനങ്ങളാണ് അവര്‍ വിവാഹത്തിന് നല്‍കുക.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വീഡിയോ വൈറലാണ്. സൗദി അറേബ്യയിലെ കല്യാണത്തിന്റെ വീഡിയോ ആണിത് എന്നാണ് പ്രചാരണം. കല്യാണത്തിന് സ്വര്‍ണം കൈമാറുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. സ്വര്‍ണത്തിന് ലക്ഷങ്ങള്‍ വില വരുന്ന ഇക്കാലത്ത് 24 കാരറ്റിന്റെ സ്വര്‍ണക്കട്ടികള്‍ സമ്മാനമായി നല്‍കുന്നതാണത്രെ വീഡിയോ. എന്നാല്‍ മറ്റുചില അഭിപ്രായങ്ങളും കമന്റായി വന്നിട്ടുണ്ട്.

വീഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ ആയിട്ടില്ല. 24 കാരറ്റ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വധുവിന്റെ സഹോദരന്‍ വരന്റെ ബന്ധുക്കള്‍ക്ക് നല്‍കുന്നു എന്നാണ് പ്രചാരണം. എക്‌സില്‍ മാത്രമല്ല, പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സൗദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച പുരുഷന്മാരാണ് വീഡിയോയിലുള്ളത്.
'സ്വര്‍ണ ബിസ്‌ക്കറ്റ്' അടുക്കി വെച്ച പെട്ടിയുമായി ഒരാള്‍ എല്ലാവരുടെയും അടുത്തെത്തുന്നു. ഓരോരുത്തരായി ഓരോ ബിസ്‌കറ്റ് എടുക്കുന്നു. ചിലര്‍ ഒന്നിലധികം എടുത്ത് പോക്കറ്റിലിടുന്നതും വീഡിയോയിലുണ്ട്. എക്‌സില്‍ ഈ വീഡിയോ ഏതാനും മണിക്കൂറുള്‍ കൊണ്ട് നാലര ലക്ഷം പേര്‍ കണ്ടു. ആയിരക്കണക്കിന് ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. നൂറു കണക്കിന് ആളുകള്‍ കമന്റ് ചെയ്തിട്ടുമുണ്ട്.
വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് സമ്മാനം നല്‍കുന്ന പതിവ് സൗദിയിലെ വിവാഹത്തില്‍ ഇല്ലെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. വരന്റെ കുടുംബമാണ് വധുവിന് സമ്മാനം നല്‍കുകയത്രെ. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് ഇത് സ്വര്‍ണമല്ല, ചോക്ലേറ്റ് ആണ് എന്നാണ്. വിലയേറിയ ഇത്തരം ചോക്ലേറ്റുകള്‍ സൗദിയിലെ വിവാഹ വേദികളില്‍ വിതരണം ചെയ്യാറുണ്ട് എന്നും കമന്റിലുണ്ട്. ഈ കമന്റുകളാണ് കൂടുതല്‍ പേര്‍ പങ്കുവയ്ക്കുന്നത്. കൂടാതെ സ്വര്‍ണ വിലയെ സംബന്ധിച്ച കമന്റുകളും നിരവധി.
ചോക്ലേറ്റ് ആണ് എന്നാണ് കൂടുതല്‍ പേര്‍ സ്ഥിരീകരിക്കുന്നത്. ഗ്രോക്ക് നല്‍കുന്ന വിശദീകരണവും ചോക്ലേറ്റ് ആണ് എന്നാണ്. അല്‍പ്പം വില കൂടുതലാണ് ഈ ചോക്ലേറ്റിന് എന്നും വിശദീകരണത്തിലുണ്ട്. പാറ്റ്ചി ബ്രാന്‍ഡിന്റെ ചോക്ലേറ്റാണത്രെ. ഒറ്റനോട്ടത്തില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് ആണെന്ന് തോന്നുമെങ്കിലും സൗദിയിലെ വിവാഹങ്ങളെ പറ്റി അറിയാത്തവരാണ് വ്യാജ പ്രചാരണം നടത്തുന്നതെന്ന കമന്റുകളും ഇതിനൊപ്പമുണ്ട്.












Click it and Unblock the Notifications