യുഎഇ സ്വര്‍ണം വങ്ങാന്‍ വമ്പന്മാര്‍ കളത്തില്‍; കൂട്ടത്തില്‍ ഇന്ത്യയും, 19600 കോടിയുടെ കയറ്റുമതി
ദുബായ്: യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ നിരവധിയാണ്. വ്യക്തികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും ഉള്‍പ്പെടെ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നുണ്ട്. നിയന്ത്രിത പ്രകൃതി വിഭവമായതിനാല്‍ ഭാവിയില്‍ വില കൂടുമെന്ന് കരുതിയാണ് ഇവ വാങ്ങി സൂക്ഷിക്കുന്നത്. വാങ്ങാന്‍ ആളുകള്‍ കൂടിയതുകൊണ്ട് സ്വര്‍ണത്തിന്റെ വില ഉയരുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുഎഇയില്‍ നിന്ന് 19600 കോടി ദിര്‍ഹത്തിന്റെ സ്വര്‍ണം കയറ്റുമതി ചെയ്തു. സ്വര്‍ണത്തിന്റെ ആഗോള ഹബ്ബായി യുഎഇ മാറിയത് എങ്ങനെ എന്ന ചോദ്യം സ്വാഭാവികമാണ്. ഏതുതരത്തിലുള്ള സ്വര്‍ണവും ഇവിടെ കിട്ടുമെന്നതാണ് കാരണം. ആഭരണം, കോയിന്‍, ബാറുകള്‍, കല്ലുകള്‍, പ്ലേറ്റുകള്‍ തുടങ്ങി ഏത് രൂപത്തിലും യുഎഇയില്‍ സ്വര്‍ണം കിട്ടും.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം സ്വര്‍ണത്തിന് വേണ്ടി യുഎഇയെ ആശ്രയിക്കുന്നുണ്ടെന്ന് ട്രേഡ് ഇമെക്‌സ് ഡാറ്റ വ്യക്തമാക്കുന്നു. കൂടാതെ, യുഎഇ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ സ്വര്‍ണം വാങ്ങാതെ പോകില്ല എന്നതും എടുത്തുപറയണം. നാട്ടിലേക്ക് വരുന്ന പ്രവാസികളും യുഎഇയില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോകും.
സ്വര്‍ണം കൂടുതല്‍ വാങ്ങിയത് സ്വിറ്റ്‌സര്‍ലാന്റ്
ലോകത്തിലെ ഏത് മോഡലിലുള്ള ആഭരണങ്ങളും യുഎഇയില്‍ ലഭ്യമാണ്. സ്വിറ്റ്‌സര്‍ലാന്റ് ആണ് യുഎഇയില്‍ നിന്ന് 2023ല്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിയത്. 476 കോടി ഡോളറിന്റെ സ്വര്‍ണം സ്വിറ്റ്‌സര്‍ലാന്റ് വാങ്ങി. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് യൂറോപ്പിലെ സ്വിറ്റ്‌സര്‍ലാന്റ്. ബാര്‍, ആഭരണം, പൊടികള്‍ എന്നീ രൂപത്തിലുള്ള സ്വര്‍ണമാണ് ഇവര്‍ വാങ്ങിയത്.
365 കോടി ഡോളറിന്റെ സ്വര്‍ണം വാങ്ങിയ ബ്രിട്ടനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍, വളകള്‍ എന്നിവയാണ് ബ്രിട്ടന്‍ കൂടുതലായി യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സ്വിറ്റ്‌സര്‍ലാന്റും ബ്രിട്ടനും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് എന്നതാണ് എടുത്തു പറയേണ്ടത്. 287 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ യുഎഇയില്‍ നിന്ന് ഇറക്കിയത്.
തുര്‍ക്കി അഞ്ചാം സ്ഥാനത്ത്
സ്വര്‍ണവും വെള്ളിയും കലര്‍ത്തിയ ഉല്‍പ്പന്നങ്ങള്‍, സ്വര്‍ണവും പ്ലാറ്റിനവും ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും വാങ്ങിയത്. നാലാം സ്ഥാനത്ത് ഹോങ്കോങ് ആണ്. 245 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഹോങ്കോങ് വാങ്ങിയത്. ആഭരണങ്ങളും ഗോള്‍ഡ് പ്ലേറ്റ് ഇലക്ട്രോണിക്‌സുമാണ് ഇവര്‍ കൂടുതലും ഇറക്കിയത്. 186 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കിയ തുര്‍ക്കിയാണ് അഞ്ചാം സ്ഥാനത്ത്.
സിംഗപ്പൂര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ചൈന എന്നീ അഞ്ച് രാജ്യങ്ങളും ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ട്. സിംഗപ്പൂര്‍ 184 കോടിയുടെ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങി. 150 കോടിയുടെ ആഭരണങ്ങള്‍ കുവൈത്ത് വാങ്ങി. 100 കോടിയുടെ സ്വര്‍ണം ബഹ്‌റൈന്‍ ഇറക്കുമതി ചെയ്തു. 90 കോടിയുടെ സ്വര്‍ണം ഖത്തര്‍ വാങ്ങി. 80 കോടിയുടെ സ്വര്‍ണം ചൈന സ്വന്തമാക്കി.












Click it and Unblock the Notifications