യുഎഇയില്‍ നിന്നല്ല, പ്രവാസികള്‍ സ്വർണം വാങ്ങേണ്ടത് കുവൈത്തില്‍ നിന്നാണ്; ഒരു പവന് 7000 വരെ ലാഭം
ദുബായ്: ലോകത്തിലെ എല്ലായിടത്തും എന്ന പോലെ യു എ ഇയിലും സ്വർണ വില കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 24-കാരറ്റ് സ്വർണം ഗ്രാമിന് 523 ദിർഹത്തിലും 22-കാരറ്റ് 484.25 ദിർഹത്തിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച മുതൽ സ്വർണ വിലയില്‍ 5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപത്തിനുള്ള ശക്തമായ ഒഴുക്ക്, പുതിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണങ്ങള്‍.
ഈ വർഷത്തെ ദീപാവലി യു എ ഇയല്‍ നിന്നും സ്വർണ വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും ചെലവേറിയ ഉത്സവമാകുമെന്നാണ് ജ്വലറി വ്യാപാരികളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്. വില ഏറിയതോടെ പലരും സ്വർണം വാങ്ങുന്നത് താല്‍ക്കാലികമായെങ്കിലും ഉപേക്ഷിച്ചിരിക്കുകയാണ്. വാങ്ങുന്നവർ തന്നെയാകട്ടെ ഭാരമുള്ള സെറ്റുകൾക്ക് പകരം ലൈറ്റ് ഡിസൈനുകൾ, ചെറിയ നാണയങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ എന്നിവയാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ചിലർ ഉത്സവകാലത്തിന് ശേഷം വിലയിടിവ് പ്രതീക്ഷിച്ച് വാങ്ങൽ മാറ്റിവയ്ക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.

യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, യുഎസ് സർക്കാർ ഷട്ട്‌ഡൗൺ, ഫെഡ് പലിശ കുറയ്ക്കുമെന്ന നിക്ഷേപക പ്രതീക്ഷകൾ എന്നിവയാണ് സ്വർണത്തിന്റെ ആകർഷണം വർധിപ്പിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4270 ഡോളർ കടന്ന സ്വർണം തുടർന്നുള്ള ദിവസങ്ങളിലും മുകളിലേക്ക് തന്നെ വന്നേക്കും.
അതേസമയം യു എ ഇ വിപണിയെ ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ യു എ ഇയില്‍ തന്നെയാണ് വിലക്കുറവ്. ഇന്ന് കേരള വിപണിയില്‍ പവന് 2840 രൂപയുടെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍ വില കഴിഞ്ഞ ദിവസത്തെ 94920 ല്‍ നിന്നും ഒറ്റയടിക്ക് 97360 രൂപയിലേക്ക് എത്തി. യു എ ഇയില്‍ ഗ്രാമിന്റെ വില 484.25 ദിർഹമാണ്. അതായത് ഗ്രാമിന് 11589.87 രൂപ. പവന്‍ നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ 92712. ഇന്ത്യയിലേയും യു എ ഇയിലേയും സ്വർണ വില തമ്മിലുള്ള വ്യത്യാസം 4648 രൂപ.
സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 485 റിയാലാണ് ഒരു ഗ്രാമിന്റെ വില (11366 രൂപ). പവന് 90928. ഈ നിലയില്‍ ഇന്ത്യയിലേയും സൗദി അറേബ്യയുടെയും നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം 6432 രൂപ. ഇനി കുവൈത്തുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഇതില്‍ കൂടുതല്‍ കാണാന്‍ സാധിക്കും. ഇന്നത്തെ നിലവാരം അനുസരിച്ച് 39.28 കുവൈത്ത് ദിനാറാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതായത് 11296, പവന് 90368 രൂപ. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 6992 രൂപയുടെ വ്യത്യാസം. അതായത് ജി സി സി രാജ്യങ്ങളില്‍ സ്വർണം ഏറ്റവും ലാഭകരം കുവൈത്തിലാണ്.












Click it and Unblock the Notifications