സ്വർണത്തിന് പുറകിലാണ് ദുബായിലെ പ്രവാസികൾ; മലയാളികൾ ഉൾപ്പെടെ കൂടുതൽ വാങ്ങുന്നു? പിന്നിലെന്ത്?
ദുബായ് പോലൊരു നാട്ടിൽ സ്വർണം നിക്ഷേപമായി ആളുകൾ കാണുന്നത് വലിയ കാര്യമല്ല. വില ഉയർന്നെങ്കിലും സ്വർണം വാങ്ങി നിക്ഷേപിക്കുന്നവർ ഒട്ടും കുറവല്ല. എന്തുകൊണ്ടാണ് വില റെക്കോഡിൽ നിൽക്കുമ്പോഴും ആളുകൾ സ്വർണത്തിൽ തന്നെ നിക്ഷേപിക്കുന്നത്? അതൊരു 'തന്ത്രം'തന്നെയാണ്.
സ്വർണം എന്തുകൊണ്ട് ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനെക്കാൾ മികച്ചതാകുന്നു?
പണ്ട് ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ട്. ആഭരണങ്ങളായാണ് കൂടുതലും വാങ്ങുന്നത്. എന്നാൽ ഇന്നത്തെ തലമുറ അതിനെ പരിഹസിക്കുകയാണ്. സ്വർണം വാങ്ങുന്നത് ആഡംബരത്തിന്റെ പ്രതീകമായാണ് അവർ വിലയിരുത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയാണോ?ഇന്നത്തെ ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ച് ജീവിത ചെലവ് ഉയരുകയും ആഗോള വിപണിയിൽ അസ്ഥിരത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണം മികച്ചൊരു നിക്ഷേപമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎഇയിലെ മിക്ക ബാങ്കുകളും, ലോകമെമ്പാടുമുള്ള ബാങ്കുകളെപ്പോലെ തന്നെ പണപ്പെരുപ്പത്തിനനുസരിച്ച് ആദായം നൽകുന്ന സേവിംഗ്സ് നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും സ്വർണത്തിന് പെരുമ ഒരുകാലത്തും കുറയുന്നില്ലെന്നതാണ് പ്രധാനം, പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ.
യുഎഇയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണത്തിന് സാമ്പത്തിക മൂല്യം മാത്രമല്ല വൈകാരിക മൂല്യവും അവർ കൽപ്പിക്കുന്നുണ്ട്. നാട്ടിലേക്ക് പണം അയക്കേണ്ടി വന്നാലും വീട്ടിലൊരു വിവാഹം നടക്കുന്നുണ്ടെങ്കിലും ഇനി പണപ്പെരുപ്പ സമയത്തുമെല്ലാം അവർ സ്വർണത്തെ ആശ്രയിക്കും.
ഇനി മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ കാര്യമെടുത്താൽ സ്വർണം അവരുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്.
മുൻപത്തെ പോലെയല്ല, ഇന്ന് സ്വർണം വാങ്ങുന്നതിലും സൂക്ഷിക്കുന്നതിലും വലിയ വ്യത്യാസം തന്നെ വന്നിട്ടുണ്ട്.
സ്വർണം വാങ്ങി ലോക്കറിൽ വെയ്ക്കുന്നതൊക്കെ പഴങ്കഥയാണ് ഇപ്പോൾ. ആളുകൾ ഡിജിറ്റൽ ഗോൾഡിലാണ് നിക്ഷേപിക്കുന്നത്. യുഎഇയിലെ ബാങ്കുകളും ഫിൻടെക് ആപ്പുകളും സ്വർണത്തിലുള്ള നിക്ഷേപം കൂടുതൽ എളുപ്പമാക്കുന്നുണ്ട്. വില തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കുമെന്നതും ഒറ്റ ടാപ്പിലൂടെ തന്നെവിൽക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.
വാങ്ങൽ എളുപ്പം
ലോകത്തെ ഗോൾഡ് ഹബ്ബുകളിലൊന്നാണ് ജുബായ്. പരിശുദ്ധമായ സ്വർണം വൈവിധ്യമായ ഡിസൈനുകളിൽ ഉപഭോക്താക്കൾക്ക് ഇവിടെ നിന്ന് സ്വന്തമാക്കാം. കുറഞ്ഞ ഇറക്കുമതി തീരുവയും ദുബായ് സ്വർണം ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നു
5 ശതമാനം വാറ്റ് രാജ്യം ഏർപ്പെടുത്തിയെങ്കിലും അതൊന്നും സ്വർണത്തിന്റെ തിളക്കം കുറച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, വിനോദ സഞ്ചാരികൾക്ക് റീഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കും. താമസക്കാരുടെ കാര്യമാണെങ്കിൽ വാങ്ങുമ്പോൾ എങ്ങനെ വിലപേശണമെന്ന് അവർക്ക് കൃത്യമായി അറിയുകയും ചെയ്യും.
ഡിജിറ്റൽ ഗോൾഡോ അതോ ഫിസിക്കൽ ഗോൾഡോ?
രണ്ടും എന്നാണ് പലരും പറയുന്നത്.പുതിയ തലമുറ പാരമ്പര്യത്തെ ഉപേക്ഷിക്കാതെ അതിനെ പരിഷ്കരിക്കുകയാണ് പുതുതലമുറ. പ്രവാസികൾ ഇപ്പോൾ സ്വർണ ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓൺലൈൻ സ്വർണ വാലറ്റുകൾ പോലുള്ള ഡിജിറ്റൽ ഓപ്ഷനുകൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്. ഇവ ഉപയോഗിക്കാൻ എളുപ്പമാണെന്നതും, പെട്ടെന്ന് പണമാക്കി മാറ്റാൻ സാധിക്കുമെന്നതും ചെറിയ നിക്ഷേപങ്ങൾ നടത്താൻ സാധിക്കുമെന്നതുമാണ് ഇതിന് കാരണം. അതേസമയം, പലരും ഇപ്പോഴും സ്വർണം ആഭരണങ്ങളായോ നാണയങ്ങളായോ വാങ്ങി സൂക്ഷിക്കുന്നുണ്ട്. ആഭരണപ്രിയരെ സംബന്ധിച്ച് അണിയുകയും ചെയ്യാം എപ്പോൾ വേണമെങ്കിലും വിൽക്കുകയും ചെയ്യാം.
വേഗത്തിൽ വാങ്ങാനും വിൽക്കാനുമാകും
സ്വർണം എളുപ്പത്തിൽ പണമാക്കി മാറ്റാൻ സാധിക്കുമെന്നത് തന്നെയാണ് ഏറ്റവും ഗുണകരമായ കാര്യം. റിയൽ എസ്റ്റേറ്റ് പോലുള്ള മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വർണം വാങ്ങാനും വിൽക്കാനും കുറഞ്ഞ രേഖകൾ മാത്രം മതി. നാട് വിട്ട് പോകുമ്പോഴും കൈയ്യിൽ കരുതാം, വിൽക്കണമെന്ന് തോന്നിയാൽ ഏത് നാട്ടിലാണോ അവിടെ നിന്ന് തന്നെ വിൽക്കാം.












Click it and Unblock the Notifications