10 പവൻ സ്വർണം ദുബായില്‍ നിന്ന് വാങ്ങി: നാട്ടിലേക്ക് കൊണ്ടുവരാന്‍ പേടിക്കണോ? എന്താണ് ചെയ്യേണ്ടത്
ഇന്ത്യയിലേക്ക് കള്ളക്കടത്ത് സ്വർണം ഏറ്റവും അധികം എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. നമ്മുടെ നാട്ടിലെ സാധാരണക്കാർ മുതല്‍ വലിയ സിനിമ നടി-നടന്മാർ വരെ ഇത്തരത്തില്‍ സ്വർണ്ണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരമാണ് കന്നഡ നടി രന്യ റാവു. വിമാനത്താവളങ്ങളില്‍ നിന്ന് നിരന്തരം സ്വർണ്ണക്കടത്ത് പിടിക്കുന്നുണ്ടെങ്കിലും മറുഴസത്ത് അത് വലിയ തോതില്‍ തന്നെ തുടരുന്നുണ്ട്. വിമാനത്താവളങ്ങള്‍ വഴി മാത്രമല്ല, യു എ ഇയില്‍ നിന്നും ബംഗ്ലാദേശില്‍ എത്തുന്ന സ്വർണം അവിടുന്ന് കരമാർഗ്ഗവും ഇന്ത്യയിലേക്ക് എത്തുന്നു.
ഇന്ത്യയെ അപേക്ഷിച്ച് ദുബായിൽ സ്വർണ്ണത്തിന് വില കുറവാണ് എന്നത് തന്നെയാണ് കള്ളക്കടത്തിന്റെ പ്രധാന കാരണമെന്നാണ് ഓഗ്‌മോണ്ടിലെ ഗവേഷണ മേധാവി ഡോ. റെനിഷ ചൈനാനിയെ ഉദ്ധറിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 'സ്വർണ വില കുറവായതിനാലും (ഇന്ത്യയേക്കാൾ 8-9% കുറവ്), കുറഞ്ഞ നിർമ്മാണ നിരക്കുകൾ ഉള്ളതിനാലും കയറ്റുമതിയിൽ വാറ്റ് ഇല്ലാത്തതിനാലും ആളുകൾ പലപ്പോഴും ദുബായിൽ നിന്ന് സ്വർണ്ണം കൊണ്ടുവരുന്നു' അദ്ദേഹം പറഞ്ഞു.

യു എ ഇയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ സ്വർണ്ണം കൊണ്ടുവരുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ അതിന് ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയുന്ന സ്വർണ്ണത്തിന്റെ അളവ് നിങ്ങളുടെ ലിംഗഭേദത്തെയും വിദേശത്ത് ചെലവഴിച്ച കാലയളവിനെയും ആശ്രയിച്ചിരിക്കുന്നു. ഒരു നിശ്ചിത അളവ് വരെ തീരുവ ഇല്ലെങ്കിലും അതിന് മുകളില്‍ ഉള്ളതിന് കൃത്യമായ നികുതി അടക്കേണ്ടിയും വരും.
കൃത്യമായി നികുതി അനുവദിച്ചുകൊണ്ട് ചെക്ക്-ഇൻ ബാഗേജ് വഴി 1 കിലോ സ്വർണ്ണം വിദേശത്ത് നിന്ന് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ കസ്റ്റംസ് നിയമങ്ങൾ പ്രകാരം 1 കിലോ സ്വർണ്ണം കൊണ്ടുവരാൻ നിങ്ങൾ കുറഞ്ഞത് 6 മാസമെങ്കിലും വിദേശത്ത് താമസിച്ചിരിക്കണം.
ഒരു വര്‍ഷത്തിലേറെ വിദേശ രാജ്യത്ത് താമസിച്ച് തിരിച്ചെത്തുന്ന ഒരു ഇന്ത്യന്‍ പുരുഷ യാത്രികന് തന്റെ ബാഗേജില്‍ 20 ഗ്രാം വരെ ആഭരണങ്ങള്‍ നികുതി അടക്കാതെ കൊണ്ടുവരാന്‍ സാധിക്കും. പരമാവധി മൂല്യം 50000 ത്തില്‍ കൂടാന്‍ പാടില്ല. സ്ത്രീ യാത്രകരാണെങ്കില്‍ ഒരു ലക്ഷം രൂപ മൂല്യ പരിധിയില്‍ വരുന്ന 40 ഗ്രാം ആഭരണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. 15 വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിലും കസ്റ്റംസ് തീരുവ അടയ്ക്കാതെ പരമാവധി 40 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം.
അതോടൊപ്പം തന്നെ യു എ ഇയില്‍ നിന്നും നിയമപരമായിട്ടാണ് നിങ്ങള്‍ സ്വർണം വാങ്ങിയതെന്ന് വിമാനത്താവളങ്ങളിലെ പരിശോധനയില്‍ തെളിയിക്കേണ്ടി വരും. ഇതിനായും വിലയും പരിശുദ്ധിയും രേഖപ്പെടുത്തിയ ബില്‍ കൈവശം സൂക്ഷിക്കുക. ഡ്യൂട്ടി ഫ്രീ നിർദ്ദേശിച്ച പരിധിയേക്കാൾ കൂടുതൽ സ്വർണ്ണം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അളവിന് അനുസരിച്ചുള്ള കസ്റ്റംസ് തീരുവ അടച്ചാല്‍ മതി. സ്വർണ്ണ ഇറക്കുമതിയിൽ നിലവില്‍ തീരുവ 6% ആണ്, എന്നാൽ സെസും ജിഎസ്ടിയും ചേർത്തതിനുശേഷം മൊത്തം കസ്റ്റംസ് തീരുവ ഏകദേശം 9 ശതമാനം വരും.
പുരുഷന്മാർക്ക് 20 ഗ്രാം മുതൽ 50 ഗ്രാം വരേയും സ്ത്രീകൾക്കും കുട്ടികൾക്കും 40 ഗ്രാം മുതൽ 100 ഗ്രാം വരേയുള്ള സ്വർണത്തിന് 3 ശതമാനമാണ് കസ്റ്റം തീരുവ നിരക്ക്. പുരുഷന്മാർക്ക് 50 ഗ്രാം മുതൽ 100 ഗ്രാം വരേയും സ്ത്രീകൾക്കും കുട്ടികൾക്കും 100 ഗ്രാം മുതൽ 200 ഗ്രാം വരേയും 6 ശതമാനവും പുരുഷന്മാർക്ക് 100 ഗ്രാമിൽ കൂടുതലോ സ്ത്രീകൾക്കും കുട്ടികൾക്കും 200 ഗ്രാമിൽ കൂടുതലോ ആണെങ്കില്‍ 10 ശതമാനവുമാണ് തീരുവ നിരക്ക്.












Click it and Unblock the Notifications