സ്വർണം വിലക്കുറവിൽ വാങ്ങുന്ന 'ദുബായ് തന്ത്രം';ഇവിടെ മലയാളികൾക്കും പകർത്താം, 54,000ത്തോളം രൂപ ലാഭം
ആഗോള തലത്തിൽ സ്വർണ വില വർധിക്കുന്നതിന്റെ ചുവടുപിടിച്ച് ദുബായിലും സ്വർണത്തിന്റെ വില പിടിവിട്ട് ഉയരുകയാണ്. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 484.25 ദിർഹമാണ്. 22 കാരറ്റിന് നൽകേണ്ടത് 448.25 ദർഹവും.
വില കൂടിയെങ്കിലും പക്ഷെ സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇപ്പോഴും ആളുകൾ പിന്നോട്ട് പോയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഇത്ര തുക കൊടുത്ത് ഒരു പവൻ സ്വർണം വാങ്ങാൻ പലരും മടിക്കുന്നുണ്ടെന്ന് ആളുകൾ മടിക്കുന്നുണ്ടെന്നും ഇവർ സമ്മതിക്കുന്നു. വിലയെ മറികടക്കാൻ പുതിയ വാങ്ങൽ രീതിയിലാണ് ഉപഭോക്താക്കൾ പയറ്റുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി.

എന്താണ് ആ തന്ത്രം എന്നല്ലേ? മറ്റൊന്നുമല്ല കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ വാങ്ങുന്നത് തന്നെ. ഇത് വെറും 'വാങ്ങൽ തന്ത്രം' മാത്രമല്ല മറിച്ച് ഉപഭോക്താക്കളുടെ അഭിരുചിയ്ക്ക് സംഭവിക്കുന്ന മാറ്റം കൂടിയാണിതെന്നാണ് വ്യാപാരികൾ പറയുന്നത്. 'ഉപഭോക്താക്കൾ തങ്ങളുടെ വാങ്ങലുകൾ നിശ്ചിത ബജറ്റിൽ ഒതുക്കുമ്പോഴും, പ്രധാനപ്പെട്ട ആഘോഷങ്ങൾക്കെല്ലാം ആഭരണങ്ങളിൽ നിക്ഷേപം നടത്താൻ മടിക്കുന്നില്ല. മൊത്തത്തിലുള്ള ആവശ്യം ശക്തമായി തുടരുകയാണ്. 22 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങൾക്കാണ് ഉപഭോക്താക്കൾക്കിടയിൽ ഇപ്പോഴും മുൻഗണന', കല്ല്യാൺ ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഭാരം കുറഞ്ഞ ആഭരണങ്ങൾക്കാണ് ഡിമാന്റ് അര ഗ്രാം മുതൽ അഞ്ച് ഗ്രാം വരെ ഭാരമുള്ള ഇറ്റാലിയൻ ഡിസൈനിലുള്ള ആഭരണങ്ങൾ സമാനമായ രൂപവും ഭംഗിയും നൽകും. അതുകൊണ്ട് തന്നെ അടുത്ത തലമുറയെ സംബന്ധിച്ച് അവരുടെ ആഭരണം ലൈറ്റ് വെയ്റ്റാണ്'. ബഫ്‌ലെ ജ്വല്ലറിയിലെ ജനറൽ മാനേജർ വിരാജ് ഷായെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് സമ്മാനം കൊടുക്കുന്നതിനായും ആളുകൾ കൂടുതലായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളെയാണ് ആശ്രയിക്കുന്നത്.
കേരളത്തിലും പകർത്താം
വില വർധിക്കുന്ന സാഹചര്യത്തിൽ 22 കാരറ്റ് സ്വർണം നിക്ഷേപ ലക്ഷ്യത്തോടെയാണ് പ്രധാനമായും ആളുകൾ വാങ്ങുന്നത്. പ്രത്യേകിച്ച് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക്. അതേസമയം ആഭരണം മാത്രം ലക്ഷ്യം വെയ്ക്കുന്നവരാണെങ്കിൽ 22 കാരറ്റിന് പിന്നാലെ പോകാതെ 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് ആഭരണങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നതായിരിക്കും ഗുണം ചെയ്യുക.
ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 11390 രൂപയാണ്. പവൻ വില 91,120 രൂപയും. അതേസമയം ഇന്ന് 18 കാരറ്റ് സ്വർണത്തിന് 9420 രൂപയേ ഗ്രാമിന് നൽകേണ്ടതുള്ളൂ. 9 കാരറ്റ് ആഭരണങ്ങൾക്കാണെങ്കിൽ ഏകദേശം 37,000ത്തോളം രൂപയോളമേ ഒരുപവന് വരികയുള്ളൂ. അതായത് ഏകദേശം 54,000 രൂപ ലാഭത്തിൽ സ്വർണം വാങ്ങാം എന്ന് സാരം.
പണയം വെക്കാം , പക്ഷെ
9 കാരറ്റ് (9K) സ്വർണ്ണം വായ്പകൾക്ക് ഈടായി നൽകാൻ സാധിക്കുമെങ്കിലും, വായ്പ നൽകുന്ന സ്ഥാപനത്തിൻ്റെ നയങ്ങൾ, വായ്പയുടെ തരം, പ്രാദേശിക നിയമങ്ങൾ എന്നിവ അനുസരിച്ചായിരിക്കും ഇത്. എന്നിരുന്നാലും പല സ്ഥാപനങ്ങളും ഉയർന്ന പരിശുദ്ധിയുള്ള (18K അല്ലെങ്കിൽ അതിനുമുകളിലുള്ള) സ്വർണത്തിനാണ് മുൻഗണന നൽകുന്നത്. 9 കാരറ്റ് സ്വർണം പണയം സ്വീകരിക്കുന്നത് കുറവാണ്. ഇനി സ്വീകരിച്ചാൽ തന്നെ ലഭിക്കുന്ന വായ്പാ തുക കുറയുകയും ഉയർന്ന പലിശയും ഇതിന്റെ പോരായ്മകളാണ്.












Click it and Unblock the Notifications