സ്വർണം വാങ്ങുന്ന രീതി മാറ്റി ദുബായിക്കാർ; ആഭരണങ്ങൾ വേണ്ട? എന്താണ് പുതിയ മാറ്റങ്ങൾ, അറിയാം
സുരക്ഷിത നിക്ഷേപമാണ് സ്വർണമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ആഭരണങ്ങളായോ നാണയമായോ അല്ലെങ്കിൽ സ്വർണക്കട്ടികളായോ നിക്ഷേപിക്കുന്നതായിരുന്നു പണ്ടെത്തെ രീതി. എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഓഹരി വിപണികളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്വർണം വാങ്ങി നിക്ഷേപിക്കുകയാണ് ആളുകൾ. ദുബായ് പോലുള്ള നാടുകളിൽ ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങൾക്ക് വലിയ രീതിയിൽ പ്രചാരത്തിലുണ്ട്.
ഈ മാറ്റം സ്വർണം വാങ്ങുന്ന സാധാരണക്കാരെ എങ്ങനെയായിരിക്കും ബാധിക്കുക? സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) ഡിജിറ്റൽ വാലറ്റുകളും വെറും ഹൈപ്പ് മാത്രമാണോ? അതോ മികച്ച നിക്ഷേപ മാർഗങ്ങളോ? ഭൗതിക സ്വർണം വാങ്ങുന്നത് മണ്ടത്തരമായിരിക്കുമോ? വിശദമായി നോക്കാം.

സ്വർണം ഇലക്ട്രോണിക് രീതിയിൽ വാങ്ങുന്നതിന് സമാനമാണ് ഗോൾഡ് ഇ ടിഎഫുകൾ. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡിഎഫ്എം), അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (എഡിഎക്സ്) തുടങ്ങിയ ഓഹരി വിപണികളിൽ ഓഹരികൾ വാങ്ങുന്നതുപോലെ സ്വർണം വാങ്ങാനും വിൽക്കാനും ഇത് നിക്ഷേപകരെ സഹായിക്കുന്നു.
ഗോൾഡ് ഇടിഎഫുകൾ ഭൗതിക രൂപത്തിലുള്ള സ്വർണം പോലെ കടയിൽ പോയി വാങ്ങുകയോ വിൽക്കുകയോ വേണ്ട. തത്സമയം സ്വർണം വ്യാപാരം നടത്താൻ നിക്ഷേപകർക്ക് സാധിക്കും.
ലോക്കർ ഫീസുകളോ പണിക്കൂലിയോ നൽകേണ്ടതില്ല. പണപ്പെരുപ്പത്തിൽ നിന്നും കറൻസിയിലുണ്ടാകുന്ന വ്യതിയാനങ്ങളിൽ നിന്നും നിങ്ങളുടെ സമ്പാദ്യത്തെ സംരക്ഷിക്കാൻ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് സാധിക്കും. ഓഹരി വിപണിയിലെ പോലെ ഇവയുടെ വിലയും വ്യത്യാസപ്പെടാം.
ഡിജിറ്റൽ സ്വർണ്ണ പ്ലാറ്റ്‌ഫോമുകൾ
യുഎഇയിലെ യുവതലമുറയ്ക്കിടയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് വളരെ പ്രചാരമുണ്ട്. തടസങ്ങളില്ലാതെ സ്വർണത്തിൽ സമ്പാദിക്കാനുള്ള മികച്ച മാർഗമാണ് ഇത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വളരെ ചെറിയ അളവിൽ പോലും സ്വർണം വാങ്ങാൻ സാധിക്കും. ഇവ സുരക്ഷിതമാണ്, മാത്രമല്ല വിൽക്കാനോ ഡെലിവറി ആവശ്യപ്പെടാനോ സാധിക്കും (ചില ഫീസുകൾ ബാധകമായേക്കാം).
കുറഞ്ഞ വരുമാനമുള്ളവരെയും തുടക്കക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാറ്റ്ഫോമുകൾ. ഏത് സമയത്തും സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കും.24 കാരറ്റ് സ്വർണമാണ് ലഭിക്കുക. വിപണിയിലെ വിലകൾ സുതാര്യമായി അറിയാനും സാധിക്കും.
ഇത്രയും സൗകര്യങ്ങൾ ഉണ്ടെന്ന് കരുതി എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും വാങ്ങാൻ നിന്നാൽ ചിലപ്പോൾ പണികിട്ടിയേക്കും. കാരണം യുഎഇയിലെ എല്ലാ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് ഉണ്ടായിരിക്കണമെന്നില്ല. അതിനാൽ ലൈസൻസ് ഉള്ളവ തിരഞ്ഞെടുക്കാം.
സൈബർ സുരക്ഷാ ഭീഷണികൾ ഉള്ളതിനാൽ സുരക്ഷാ മാനദണ്ഡങ്ങളുള്ള പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധക്കണം.
ഡിജിറ്റൽ സ്വർണത്തിന് ഭൗതിക സ്വർണത്തെ മറികടക്കാൻ കഴിയുമോ?
യു.എ.ഇയിൽ സ്വർണ്ണം ഒരു വികാരം തന്നെയാണ്. സ്വർണം കൈമാറ്റം ചെയ്യപ്പെടുന്നതും സന്തോഷത്തോടെ അണിയുന്നതും സമ്മാനങ്ങൾ നൽകുന്നതും സ്നേഹത്തിന്റെ അടയാളമായിട്ടാണ്. ഇ.ടി.എഫിനും ആപ്ലിക്കേഷനുകൾക്കും ഇതിന് പകരമാകാൻ കഴിയില്ല.
വിവാഹങ്ങൾ, മതപരമായ ചടങ്ങുകൾ, കുടുംബത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ എന്നിവയിലെല്ലാം സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവയ്ക്ക് പ്രധാന സ്ഥാനമുണ്ട്. പല ആളുകൾക്കും ഇതൊരു സമ്പത്ത് മാത്രമല്ല, പാരമ്പര്യം കൂടിയാണ്.
സാമ്പത്തികപരമായ ലക്ഷ്യങ്ങൾ മാത്രമാണ് സ്വർണ്ണത്തിലൂടെ ഉദേശിക്കുന്നതെങ്കിൽ ഡിജിറ്റൽ മാർഗ്ഗങ്ങൾ കൂടുതൽ നല്ലതാണ്.
യുഎഇയിൽ നിക്ഷേപകർ രണ്ട് രീതിയും പിന്തുടരുന്നു. കുടുംബ ചടങ്ങുകൾക്കും സമ്മാനമായി നൽകാനുമൊക്കെ ആഭരണം വാങ്ങുന്നവർ ചെറിയ ചിലവിൽ നിക്ഷേപം നടത്താനായി ഇടിഎഫുകളും ഡിജിറ്റൽ സ്വർണവും ഉപയോഗിക്കുന്നുണ്ട്.
ദീർഘകാലത്തേക്ക് നിക്ഷേപം നടത്താനായി മ്യൂച്ചൽ ഫണ്ടുകളേയും ആശ്രയിക്കുന്നവർ കുറവല്ല.
നിക്ഷേപങ്ങളുടെ 5-15% സ്വർണ്ണത്തിൽ നിക്ഷേപിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.നിങ്ങളുടെ ജീവിതശൈലിയും, സുരക്ഷിതത്വ ബോധവും അനുസരിച്ച് അത് ഡിജിറ്റൽ സ്വർണമായിരിക്കണോ അതോ ഇടിഎഫ് വേണോ ആഭരങ്ങളായിരിക്കണമോയെന്നതെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം.












Click it and Unblock the Notifications